|    Mar 25 Sat, 2017 9:11 pm
FLASH NEWS

ജ്ഞാനപീഠത്തില്‍ ഒരു ഗാന്ധിയന്‍

Published : 7th February 2016 | Posted By: swapna en

സാഹിത്യം-

ഗോവിന്ദനുണ്ണി

വിവാദങ്ങളിലൊന്നും ഏര്‍പ്പെടാതെ ഇപ്പോഴും ഗാന്ധിസത്തില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട് സ്വന്തം ഗ്രാമത്തില്‍ കര്‍ഷകതുല്യമായ ജീവിതം നയിക്കുന്ന 77കാരനായ രഘുവീര്‍ ചൗധരിയെ 1972ല്‍ ഗുജറാത്തിലെ ഗാന്ധിനഗറില്‍ നടന്ന ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിങ് ജേണലിസ്റ്റിന്റെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്ത കേരളത്തില്‍ നിന്നുള്ള ആറോ ഏഴോ പ്രതിനിധികളില്‍ ജീവിച്ചിരിക്കുന്ന ആരും തന്നെ ഓര്‍മിക്കുന്നുണ്ടാവില്ല. രഘുവീര്‍ ചൗധരി ആ സമ്മേളനത്തില്‍ കോണ്‍ഗ്രസ് ചായ്‌വുള്ള പത്രമായ ‘ജന്മഭൂമി’യെ പ്രതിനിധീകരിച്ച് സന്നിഹിതനായിരുന്നു. ലേഖകനായിട്ടല്ല, കാഴ്ചക്കാരനായി. കൊച്ചിയില്‍ പത്രപ്രവര്‍ത്തകനായിരുന്ന അന്തരിച്ച നൈനാനാണ് അന്ന് ചൗധരിയെ അങ്ങോട്ടു കയറി പരിചയപ്പെടുകയും എനിക്കു പരിചയപ്പെടുത്തിത്തരുകയും ചെയ്തത് എന്ന് ഒരു നേരിയ ഓര്‍മ അവശേഷിക്കുന്നു. ഗാന്ധിയനായ ആ എഴുത്തുകാരന്‍ രഘുവീര്‍ ചൗധരിക്കാണ് ഇത്തവണത്തെ ജ്ഞാനപീഠ പുരസ്‌കാരം. രഘുവീര്‍ ചൗധരിയെപ്പറ്റി പ്രമുഖ കഥാകൃത്തും നിരൂപകനും പത്രാധിപരുമായിരുന്ന ഗുലാബ് ദാസ് ബ്രോക്കറുടെ ‘ഗുജറാത്തി സാഹിത്യ-ഏക് സിംഹാവലോകന്‍’ എന്ന മൂന്നു വാല്യങ്ങളുള്ള തന്റെ പഠനഗ്രന്ഥത്തില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ്, 1976ല്‍ തന്നെ വിലയിരുത്തിയത് ഇങ്ങനെയായിരുന്നു: ‘അമൃത’യും ‘വാസ്ത്രയി’ എന്ന മൂന്നു ഭാഗങ്ങളടങ്ങിയ നോവല്‍ പരമ്പരയും  രചിച്ച് ഖ്യാതിയും ജനപ്രീതിയും നേടിയ നോവലിസ്റ്റാണ് രഘുവീര്‍ ചൗധരി. അദ്ദേഹം തന്റെ നോവല്‍ ത്രയയില്‍ താന്‍ ജനിച്ചുവളര്‍ന്ന ഗ്രാമപ്രദേശത്തിന്റെ ജീവിതമാണ് ഹൃദയാവര്‍ജകമായും മനോഹരമായും ചിത്രീകരിച്ചിരിക്കുന്നത്. ഗുജറാത്തി നോവല്‍ സാഹിത്യത്തിന്റെ പൊതുസ്വഭാവത്തില്‍ നിന്ന് വേറിട്ടൊരു താളത്തിലും സ്വരത്തിലും അദ്ദേഹം രചനാകര്‍മം നിര്‍വഹിക്കുന്നു. ചൗധരിയുടെ രചനാ ശില്‍പ കൗശലമാവട്ടെ അത്യന്തം പ്രശംസനീയവുമാണ്…’ഗുജറാത്ത് സാഹിത്യപരിഷത്ത് അധ്യക്ഷന്‍ കൂടിയായിരുന്ന 67കാരനായ സമാരാധ്യനായ ഗുലാബ് ദാസ് ബ്രോക്കറില്‍ നിന്ന് ഈ പ്രശംസ ലഭിക്കുമ്പോള്‍ ചൗധരിക്കു പ്രായം വെറും 38 വയസ്സുമാത്രം. ഈ പ്രായവ്യത്യാസം മാത്രമല്ല അവരെ വേര്‍തിരിച്ചു നിര്‍ത്തിയിരുന്നത്. അവരുടെ സാമുദായിക ജീവിതവും രാഷ്ട്രീയ-സാമൂഹിക കാഴ്ചപ്പാടുകളും വ്യാപരിച്ചിരുന്നതും ഒരു പൊരുത്തവുമില്ലാത്ത, പരസ്പരഭിന്നമായ ദിശകളിലായിരുന്നു. എന്നിട്ടുപോലും ലബ്ധപ്രതിഷ്ഠനായിരുന്ന ബ്രോക്കര്‍ക്ക് ഒരു നവാഗതനെ അവഗണിക്കാന്‍ കഴിഞ്ഞില്ല എന്നതില്‍പരം ചൗധരിയുടെ പ്രതിഭയ്ക്ക് മറ്റൊരു അംഗീകാരം ആവശ്യമില്ലെന്നു തന്നെ ഉറപ്പിച്ചു പറയാവുന്നതാണ്. അഹ്മദാബാദില്‍ ഗാന്ധിനഗറിനു സമീപമുള്ള മതവിശ്വാസികളുടേതായ ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച രഘുവീര്‍ ചൗധരി 1962ല്‍    ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് എംഎയും വര്‍ഷങ്ങള്‍ക്കുശേഷം 1979ല്‍ ഹിന്ദി-ഗുജറാത്തി വാമൊഴി വേരുകളെപ്പറ്റിയുള്ള പഠനത്തിന് പിഎച്ച്ഡിയും നേടി. ഇടക്കാലത്ത് അധ്യാപകനായും പത്രലേഖകനായും പ്രവര്‍ത്തിച്ചിരുന്നു. 1977ല്‍ ഗുജറാത്ത് സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ലാംഗ്വേജസില്‍ അധ്യാപകനായി ചേര്‍ന്നു. അവിടത്തെ ഹിന്ദിവിഭാഗം തലവനായാണ് വിരമിച്ചത്. അധ്യാപകവൃത്തിയില്‍ നിന്നു വിരമിച്ചതിനുശേഷം ജന്മഗ്രാമത്തിലേക്കു തിരിച്ചുചെന്ന് തനി കര്‍ഷകനായി. കേന്ദ്രസാഹിത്യ അക്കാദമി, പ്രസ് കൗണ്‍സില്‍ എന്നിവയില്‍ അംഗമായിരുന്നു. 25ാമത് ഇന്ത്യന്‍ അന്തര്‍ദേശീയ ചലച്ചിത്രോല്‍സവത്തില്‍ ജൂറിമാരിലൊരാളും. അസ്തിത്വവാദത്തിലൂന്നിയ ‘അമൃത’യെന്ന കൃതിയിലൂടെ ചൗധരി ഗുജറാത്തി നോവലിസ്റ്റുകളുടെ മുന്‍നിരയിലെത്തി. നോവല്‍ ത്രയം അദ്ദേഹത്തിന്റെ  പ്രശസ്തി അരക്കിട്ടുറപ്പിച്ചു. അതിലെ ‘ഉപര്‍വാസ്’ ചൗധരിക്ക് 1977ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് നേടിക്കൊടുത്തു. സാമൂഹിക നോവലുകളായ ‘വല്‍സല’, ‘പൂര്‍വരംഗ്’, ‘ലാഗ്നി’, ‘സംജയാ വീണാ ചൂട്ടാ പദാവന്‍’, ‘ഏക് ഭാഗ് അംഗല്‍ ബേ ഭാഗ് പാഛാല്‍’,’ ആവാന്‍’, ചരിത്ര നോവലുകളായ ‘രുദ്രമഹാലയ’, ‘സോമതീര്‍ത്ഥ്’ തുടങ്ങിയവയാണ് മറ്റു പ്രധാന കൃതികള്‍. നോവലിനു പുറമെ ‘സിക്കന്ദര്‍’ ‘ബുനി’, ‘ത്രിജോ പുരുഷ്’ എന്നീ നാടകങ്ങളും ‘തമാശ’, ‘വൃക്ഷ പവന്‍മ’ എന്നീ കവിതാസമാഹാരങ്ങളും ‘ആകസ്മിക് സ്പര്‍ശ്’, ‘ഗെര്‍സമാജ്’ തുടങ്ങി ചെറുകഥാസമാഹാരങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. ‘സഹറാണി ഭവ്യാത’, ‘തിലക് കരേ രഘുവീര്‍’ എന്നിവ പത്രങ്ങളിലെഴുതിയ കോളങ്ങളുടെ സമാഹാരമാണ്. ‘ഗുജറാത്തി നാവല്‍ കഥ’ സാഹിത്യചരിത്രവും. ി

(Visited 72 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക