|    Oct 17 Wed, 2018 1:05 pm
FLASH NEWS

ജോസ്ഗിരിയില്‍ 74 കുടുംബങ്ങള്‍ കുടിയിറക്ക് ഭീഷണിയില്‍

Published : 6th September 2017 | Posted By: fsq

 

ചെറുപുഴ: നാല് പതിറ്റാണ്ടിലേറെയായി കൃഷി ചെയ്ത് ജീവിക്കുന്ന ഭൂമിയുടെ മേല്‍ അവകാശവാദം ഉന്നയിച്ച് ചിലര്‍ കോടതിയില്‍ ഹരജി നല്‍കിയതോടെ ജോസ്ഗിരിയിലെ 74 കുടുംബങ്ങള്‍ കുടിയിറക്ക് ഭീഷണിയില്‍. 48 വര്‍ഷമായി കൈവശം വച്ചിരിക്കുന്ന ഭൂമിയില്‍ നിന്നു കുടിയിറങ്ങണമെന്ന ആവശ്യത്തിന് മുന്നില്‍ എന്തു ചെയ്യണമെന്നറിയാതെ നിസ്സഹായാവസ്ഥയിലാണ് കുടുംബങ്ങള്‍ കഴിയുന്നത്. പണം നല്‍കി വാങ്ങിയ ഭൂമിയിലെ കൃഷിയും വീടും ഉപേക്ഷിച്ച് പടിയിറങ്ങേണ്ടി വന്നാല്‍ ഇനിയെന്തു ചെയ്യണമെന്നതു സംബന്ധിച്ച് ഇവര്‍ക്ക് മറുപടിയില്ല. 1970ലാണ് തളിപ്പറമ്പ് താലൂക്കിലെ ചെറുപുഴ പഞ്ചായത്ത് ജോസ്ഗിരിയിലെ 110 ഏക്കര്‍ ഭൂമി 73 കുടുംബങ്ങള്‍ വില കൊടുത്ത് വാങ്ങിയത്. തൊടുപുഴ സ്വദേശിനിയുടെ കാര്യസ്ഥനില്‍ നിന്നാണ് ഇവര്‍ ഭൂമി വാങ്ങിയത്. സ്ഥലം ചെമ്മീന്‍ കൃഷിക്കായി കെഎഫ്‌സിയില്‍ ഈട് വച്ചിരിക്കുകയാണെന്നും ലോണ്‍ അടച്ച് തീര്‍ത്ത ശേഷം സ്ഥലം രജിസ്റ്റര്‍ ചെയ്ത് തരാമെന്നുമായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ഇടപാട് കഴിഞ്ഞ ശേഷം കാര്യസ്ഥന്‍ അപ്രത്യക്ഷനായെന്നാണു കുടുംബാംഗങ്ങള്‍ പറയുന്നത്. എന്നിട്ടും നാലു പതിറ്റാണ്ടോളം പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. കുടുംബങ്ങളെല്ലാം ഇവിടെ തന്നെയാണു താമസിച്ചിരുന്നത്. ഇതിനൊന്നും കാര്യമായ രേഖകളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ഉടമയുടെ പിന്‍മുറക്കാര്‍ കഴിഞ്ഞ വര്‍ഷം കോടതിയെ സമീപിച്ചതോടെയാണ് കാര്യങ്ങള്‍ കൈവിട്ട് പോവുന്നതായി ഇവര്‍ക്ക് മനസിലായത്. കോടതി ഉത്തരവ് തങ്ങള്‍ക്ക് അനുകൂലമാണന്നും സെപ്തംബര്‍ 15നകം ഭൂമിയില്‍ നിന്നു കുടിയിറങ്ങണമെന്നുമാണ് സ്ഥലമുടമയുടെ ആവശ്യം. നടപടിക്കെതിരേ മുഖ്യമന്ത്രിക്കും ലാന്‍ഡ് ബോര്‍ഡിനും പരാതി നല്‍കി കാത്തിരിക്കുകയാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന കുടംബങ്ങള്‍. ഭൂമി ഇടപാടിലെ കള്ളത്തരത്തെ കുറിച്ചറിയാതെ കൃഷി ചെയ്ത് ജീവിച്ചിരുന്ന മണ്ണില്‍ നിന്നു പടിയിറങ്ങേണ്ടി വരുമോയെന്ന ഭീതിയിലാണിവര്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss