|    Jul 20 Fri, 2018 2:05 pm
FLASH NEWS

ജോസിന്റെ മരണം കൊലപാതകം; സഹോദരീ പുത്രന്‍ അറസ്റ്റില്‍

Published : 16th September 2017 | Posted By: fsq

 

മണ്ണാര്‍ക്കാട്: കരിമ്പയില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് വ്യക്തമായി. ഇടക്കുര്‍ശ്ശി മുട്ടിക്കല്‍കണ്ടം കളത്തികുന്നേല്‍ ജോസാണ് കഴിഞ്ഞ തിങ്കളാഴ്ച മരണപ്പെട്ടത്. വാഹനാപകടത്തില്‍ മരണപ്പെട്ടതെന്നായിരുന്നു ആദ്യം കരുതിയത്. സംഭവവുമായി ബന്ധപ്പെട്ട് ജോസിന്റെ സഹോദരിയുടെ പുത്രന്‍ കല്ലടിക്കോട് പടിഞ്ഞാറേടത്ത് ബിജോയിയെ (37) പോലിസ് അറസ്റ്റ് ചെയ്തു. ബിജോയിക്ക് ജോസ് നല്‍കിയ പണം തിരിച്ചു ചോദിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലിസ് അറിയിച്ചു. തിങ്കളാഴ്ച്ച ജോസും ബിജോയിയും തമ്മില്‍ പറക്കല്ലടി ഭാഗത്ത് വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നതായി ചിലര്‍ നല്‍കിയ മൊഴിയാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. പോലിസ് പറയുന്നത്: ബിജോയ് നല്‍കാനുള്ള പണം ആവശ്യപ്പെട്ട് ജോസ് ഇടയ്ക്കിടെ വഴക്കിടാറുണ്ടായിരുന്നു. തിങ്കളാഴ്ച്ച ഓട്ടോയില്‍ പോകുകയായിരുന്ന ബിജോയിയെ ബൈക്കില്‍ പിന്തുടര്‍ന്ന് ഓട്ടോ തടഞ്ഞ് ബിജോയിയെ ഇറക്കി. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കം നടന്നു. തര്‍ക്കത്തിനിടെ ബിജോയ് ജോസിനെ അടിച്ചു. അടിയേറ്റ ജോസ് താഴെ വീണു. റോഡിലെ വെള്ളക്കെട്ടിനു സമീപത്താണ് വീണത്. റോഡില്‍ വീണ ജോസിനെ ബിജോയി വലിച്ച് കുറ്റിക്കാടിന്റെ സമീപത്തേക്ക് മാറ്റിയിട്ട ശേഷം കടന്നുകളഞ്ഞു. അല്‍പനേരം കഴിഞ്ഞ് തിരിച്ചെത്തിയ ബിജോയിയും നാട്ടുകാരും ചേ ര്‍ന്നാണ് തച്ചമ്പാറയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. അമ്മാവനും മരുമകനും തമ്മില്‍ തര്‍ക്കം നടന്നെന്ന് നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ ബിജോയ് കുറ്റം സമ്മതിച്ചതായി പോലിസ് പറഞ്ഞു. തലയ്ക്കും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. രണ്ട് വാരിയെല്ലുകള്‍ക്കു പൊട്ടലുമുണ്ടെന്ന് പോലിസ് പറഞ്ഞു. സിഐ ഹിദായത്തുല്ല മാമ്പ്ര, എഎസ്‌ഐ റോയ്, സിപിഒമാരായ ഷാഫി, സഹദ്, ശ്യാം എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss