|    Aug 17 Fri, 2018 7:00 am
Home   >  Todays Paper  >  Page 1  >  

ജോസഫ് ഉള്‍പ്പെടെ 3 ജഡ്ജിമാര്‍ ചൊവ്വാഴ്ച ചുമതലയേല്‍ക്കും

Published : 5th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ്ജസ്റ്റിസ് കെ എം ജോസഫ് സുപ്രിംകോടതി ജഡ്ജിയായി ചൊവ്വാഴ്ച രാവിലെ 10.30നു ചുമതലയേല്‍ക്കും. കെ എം ജോസഫ് അടക്കം മൂന്നു ഹൈക്കോടതി ജഡ്ജിമാരെ സുപ്രിംകോടതി ജഡ്ജിമാരായി ഉയര്‍ത്താനുള്ള ശുപാര്‍ശ വെള്ളിയാഴ്ച രാത്രിയോടെയാണ് രാഷ്ട്രപതി അംഗീകരിച്ച് ഉത്തരവിറങ്ങിയത്. ജസ്റ്റിസ് കെ എം ജോസഫിനു പുറമേ മദ്രാസ് ഹൈക്കോടതി ചീഫ്ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, ഒഡീഷ ഹൈക്കോടതി ചീഫ്ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവരെയും സുപ്രിംകോടതി ജഡ്ജിമാരായി നിയമിച്ചു കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
ഇതോടെ സുപ്രിംകോടതിയിലെ വനിതാ ജഡ്ജിമാരുടെ എണ്ണം മൂന്നായി. സുപ്രിംകോടതിയുടെ ചരിത്രത്തിലെ എട്ടാമത്തെ വനിതാ ജഡ്ജിയായാണ് സപ്തംബറില്‍ 61 വയസ്സ് തികയുന്ന ഇന്ദിര ബാനര്‍ജി ചൊവ്വാഴ്ച ചുമതലയേല്‍ക്കുക. പുതുതായി ചുമതലയേല്‍ക്കുന്ന മൂന്നു പേരില്‍ ഏറ്റവും മുതിര്‍ന്ന അംഗം കൂടിയാണ് ഇന്ദിര ബാനര്‍ജി. 2022 സപ്തംബര്‍ 22 വരെയാണ് ഇവരുടെ കാലാവധി. ജസ്റ്റിസ് കെ എം ജോസഫിന് 2023 ജൂണ്‍ വരെ കാലാവധിയുണ്ട്.
അതേസമയം, കേരള ഹൈക്കോടതി ചീഫ്ജസ്റ്റിസായി ജസ്റ്റിസ് ഋഷികേശ് റോയിയെ രാഷ്ട്രപതി റാംനാഥ് കോവിന്ദ് നിയമിച്ചു. നിലവില്‍ ആക്ടിങ് ചീഫ്ജസ്റ്റിസാണ്. ഗുവാഹത്തി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ഋഷികേശ് റോയി ജസ്റ്റിസ് ആന്റണി ഡൊമിനിക് വിരമിച്ചതിനെ തുടര്‍ന്നാണ് കേരള ഹൈക്കോടതിയില്‍ ആക്ടിങ് ചീഫ്ജസ്റ്റിസായത്. 2022 ജനുവരി 31 വരെ അദ്ദേഹത്തിനു സേവന കാലാവധിയുണ്ട്. ജസ്റ്റിസ് വി കെ തഹില്‍ രമണിയെ മദ്രാസ് ഹൈക്കോടതി ചീഫ്ജസ്റ്റിസായും രാഷ്ട്രപതി നിയമിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss