|    Aug 20 Mon, 2018 2:21 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ജോസഫിനെ തരംതാഴ്ത്തി; ജുഡീഷ്യറിയില്‍ പ്രതിഷേധം

Published : 6th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: സുപ്രിംകോടതി ജഡ്ജിയായി നിയമിതനായ കെ എം ജോസഫിനെ ജൂനിയര്‍ ജഡ്ജിയായി നിയമിച്ചതില്‍ ഉന്നത ജുഡീഷ്യറിയില്‍ പ്രതിഷേധം. സീനിയോറിറ്റിയില്‍ മൂന്നാമതായാണ് കെ എം ജോസഫിന്റെ നിയമനം. ഇതില്‍ പ്രതിഷേധം അറിയിക്കാന്‍ സുപ്രിംകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ ഇന്ന് ചീഫ് ജസ്റ്റിസിനെ കാണും.
കൊളീജിയം ശുപാര്‍ശപ്രകാരം കഴിഞ്ഞദിവസം സുപ്രിംകോടതി ജഡ്ജിമാരായി ഉയര്‍ത്തിയ മൂന്നുപേരില്‍ സീനിയോറിറ്റിയില്‍ ഏറ്റവും അവസാനത്തെ ആളായാണ് കേന്ദ്രസര്‍ക്കാര്‍ കെ എം ജോസഫിനെ ചേര്‍ത്തിരിക്കുന്നത്. ഇക്കാര്യത്തിലുള്ള ജഡ്ജിമാരുടെ വിയോജിപ്പ് അറിയിക്കാനാണ് കൊളീജിയത്തിലെ അംഗങ്ങള്‍ അടക്കമുള്ള സുപ്രിംകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ ഇന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കാണുന്നത്. നാളെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കുന്ന മൂന്നുപേരില്‍ കെ എം ജോസഫിന്റെ സത്യപ്രതിജ്ഞ ആദ്യം നടത്തണമെന്ന് ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെടുമെന്നാണ് റിപോര്‍ട്ടുകള്‍.
ജഡ്ജിമാര്‍ തങ്ങളുടെ പ്രതിഷേധം ഇന്നു രാവിലെ ചീഫ് ജസ്റ്റിസിനെ നേരില്‍ക്കണ്ട് അറിയിക്കും. പുതുതായി സത്യപ്രതിജ്ഞ ചെയ്യുന്ന ജഡ്ജിമാരില്‍ സീനിയോറിറ്റിയില്‍ ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവര്‍ക്കുശേഷമാണ് ജസ്റ്റിസ് കെ എം ജോസഫിന്റെ സ്ഥാനം. ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസായിരിക്കെ രാഷ്ട്രപതിഭരണം അവസാനിപ്പിക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചതിലൂടെ മോദി സര്‍ക്കാരിന് അനഭിമതനായ കെ എം ജോസഫിന്റെ നിയമനകാര്യത്തില്‍ അവസാന നിമിഷമാണ് കേന്ദ്രം തീരുമാനമെടുത്തിരുന്നത്. നിയമന ഉത്തരവില്‍ ജോസഫിന്റെ പേര് ഏറ്റവും അവസാനമായി ചേര്‍ത്ത കേന്ദ്രസര്‍ക്കാര്‍ നടപടി ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെയും അഭിമാനത്തെയും ചോദ്യം ചെയ്യുന്നതാണെന്നാണ് മുതിര്‍ന്ന ജഡ്ജിമാരുടെ പക്ഷം. ജുഡീഷ്യല്‍ നിയമനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നതിന്റെ വ്യക്തമായ തെളിവാണ് സംഭവമെന്ന് കൊളീജിയം അംഗമായ സുപ്രിംകോടതിയിലെ മുതിര്‍ന്ന ജഡ്ജി പ്രതികരിച്ചു. ജസ്റ്റിസ് ജോസഫിന്റെ പേരാണ് സുപ്രിംകോടതി കൊളീജിയം ആദ്യം ശുപാര്‍ശ ചെയ്തത്. അതിനാല്‍ അദ്ദേഹത്തിന്റെ പേരായിരിക്കണം നിയമന ഉത്തരവില്‍ ആദ്യം ചേര്‍ക്കേണ്ടതെന്നാണ് ജഡ്ജിമാര്‍ പ്രധാനമായും സമര്‍ഥിക്കുന്നത്.
ജനുവരി ആദ്യമാണ് ജസ്റ്റിസ് ജോസഫിനെയും മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയെയും സുപ്രിംകോടതി ജഡ്ജിമാരാക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തത്. എന്നാല്‍, മൂന്നു മാസത്തിനുശേഷം ഏപ്രില്‍ 25ന് ഇന്ദു മല്‍ഹോത്രയുടെ മാത്രം നിയമനം അംഗീകരിക്കുകയും ജോസഫിന്റെ നിയമനം തടഞ്ഞുവയ്ക്കുകയും ചെയ്തു. തുടര്‍ന്ന് കൊളീജിയം രണ്ടാമതും ശുപാര്‍ശ ചെയ്തതിനെ തുടര്‍ന്നാണ് ജോസഫിന്റെ നിയമനം അംഗീകരിക്കാന്‍ കേന്ദ്രം തയ്യാറായത്. കേന്ദ്ര സര്‍ക്കാരിന്റെ ഈ നിലപാട് വലിയ വിവാദമുയര്‍ത്തിയിരുന്നു. അതിനു പിന്നാലെയാണ് വീണ്ടും പ്രതികാര നടപടി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss