|    Oct 23 Tue, 2018 12:52 pm
FLASH NEWS
Home   >  Kerala   >  

ജോലി വാഗ്ദാനം ചെയ്ത് ബിജെപി നേതാവ് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി

Published : 4th September 2017 | Posted By: shadina sdna

കണ്ണൂര്‍: നിര്‍മാണം പുരോഗമിക്കുന്ന കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ബിജെപി നേതാവ് ലക്ഷങ്ങള്‍ തട്ടിയെന്ന് ആരോപണം. ജോലി വാഗ്ദാനം ലഭിച്ച 50ഓളം പേരാണു പരാതിയുമായി സംസ്ഥാന-ദേശീയ നേതൃത്വത്തെ സമീപിച്ചത്.ഇതില്‍ കണ്ണൂരിലേതുള്‍പ്പെടെ ബിജെപി പ്രവര്‍ത്തകരും ഉള്‍പ്പെട്ടിട്ടുണ്ട്. വിമാനത്താവളത്തിന്റെ പേരില്‍ 25 ലക്ഷം രൂപയാണ് ബിജെപി നേതാവ് തട്ടിയെടുത്തതെന്നാണ് ബിജെപി പ്രാദേശിക നേതാക്കളും ബന്ധുക്കളും പരാതിപ്പെട്ടത്. വിമാനത്താവളത്തില്‍ അറ്റന്‍ഡര്‍ കം ഡ്രൈവര്‍, ഓഫിസ് അസിസ്റ്റന്റ്, പോര്‍ട്ടര്‍, ഓഫിസ് ബോയ്, സ്വീപ്പര്‍ ജോലികള്‍ വാഗ്ദാനംചെയ്ത് അഞ്ചുലക്ഷം രൂപവരെ വാങ്ങിയതായാണു പരാതി. ഹോട്ടല്‍, സ്‌റ്റേഷനറി ഷോപ്പ് ലൈസന്‍സ് ലഭ്യമാക്കാനായി ചില കച്ചവടക്കാരില്‍ നിന്നു പണം വാങ്ങി. പണം നല്‍കിയവര്‍ക്ക് ഫോണില്‍ പോലും മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് പരാതിയുമായെത്തിയത്. കോഴിക്കോട്ടെ സ്വാശ്രയ മെഡിക്കല്‍ കോളജിന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം ലഭിക്കാന്‍ കോടികള്‍ വാങ്ങിയെന്ന പരാതി നേരത്തേ ഇദ്ദേഹത്തിനെതിരേ ഉയര്‍ന്നിരുന്നു. ഇദ്ദേഹത്തിന്റെ എതിര്‍ ഗ്രൂപ്പുകാര്‍ വിഷയം ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവിനെയടക്കം അറിയിച്ചിട്ടുണ്ടെന്നാണു വിവരം. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ പ്രചാരണയാത്ര മാറ്റിവച്ച സാഹചര്യത്തില്‍ ഓണത്തിനുശേഷം ചേരുന്ന സംസ്ഥാനസമിതിയില്‍ ആരോപണം ചര്‍ച്ചയാവുമെന്നാണു സൂചന.കഴിഞ്ഞദിവസമാണ് ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം പി കെ കൃഷ്ണദാസ് സിപിഎം നേതാവിന്റെ മകനു ജോലി തരപ്പെടുത്തി നല്‍കിയെന്ന ആരോപണത്തില്‍ കഴമ്പുണ്ടെന്ന് ആര്‍എസ്എസ് നിയോഗിച്ച അന്വേഷണസംഘം കണ്ടെത്തിയത്. കടവത്തൂരിലെ പ്രമുഖ സിപിഎം നേതാവിന്റെ മകനാണ് ഷിപ്പിങ് ഡിപാര്‍ട്ട്‌മെന്റില്‍ കൃഷ്ണദാസ് ഇടപെട്ട് ജോലി ശരിയാക്കി നല്‍കിയതെന്നാണ് ആരോപണം.ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ പത്മനാഭന്‍ മാസ്റ്റര്‍ മണ്ഡലം കമ്മിറ്റിക്കു നല്‍കിയ പരാതിയില്‍ ബിജെപി മണ്ഡലം പ്രസിഡന്റ് സി കെ കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍, ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് എന്‍ കെ ശ്രീജേഷ് എന്നിവരുടെ പ്രാഥമികാന്വേഷണത്തിലാണ് ആരോപണത്തില്‍ വസ്തുതയുണ്ടെന്നു കണ്ടെത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss