|    Nov 17 Sat, 2018 8:29 pm
FLASH NEWS

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പരാതിയുമായി കൂടുതല്‍ പേര്‍; പങ്കാളികള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചു

Published : 4th August 2018 | Posted By: kasim kzm

പത്തനംതിട്ട: ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ പിടിയിലായവര്‍ക്കെതിരേ കൂടുതല്‍പേര്‍ പരാതിയുമായി രംഗത്ത്. കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ മാത്രം പത്തിലധികം പേര്‍ പരാതിയുമായി കൊല്ലം ഈസ്റ്റ് പോലിസ് സ്‌റ്റേഷനിലെത്തി. സിപിഎം നേതാക്കള്‍ക്ക് ഉള്‍പ്പടെ തട്ടിപ്പില്‍ പങ്കുള്ളവരെ സംബന്ധിച്ച് പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊല്ലം എസിപി എ പ്രദീപ്കുമാറിന് കേസിന്റെ അന്വേഷണം. സിപിഎം തുവയൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം അടൂര്‍ തുവയൂര്‍ തെക്ക് പ്ലാന്തോട്ടത്തില്‍ വീട്ടില്‍ പ്രശാന്ത് പ്ലാന്തോട്ടം, പുരോഗമന കലാസാഹിത്യ സംഘം പ്രവര്‍ത്തക തിരുവനന്തപുരം മലയിന്‍കീഴ് പ്രശാന്തത്തില്‍ ജയസൂര്യ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ മുന്‍ നേതാക്കളാണ്. 20 പേരില്‍ നിന്ന് ഇരുവരും ചേര്‍ന്ന് 75 ലക്ഷം രൂപ തട്ടിയെടുത്തതിന്റെ തെളിവുകളാണ് ഇതുവരെ ലഭിച്ചത്. എന്നാല്‍ കബളിപ്പിക്കപ്പെട്ട പലരും പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല. പ്രതികളെ രക്ഷിക്കാന്‍ ആദ്യം പോലിസ് ശ്രമിച്ചിരുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍, സംഭവം കൈവിട്ടുപോയതോടെ അറസ്റ്റിലായി മണിക്കൂറുകള്‍ക്കകം പ്രതികളെ കോടതിയില്‍ ഹാജരാക്കി. അറസ്റ്റ് വാര്‍ത്ത മാധ്യമങ്ങള്‍ക്ക് ചോരാതിരിക്കാന്‍ പോലിസിന് മേല്‍ കടുത്ത സമ്മര്‍ദം ഉണ്ടായിരുന്നു. പാര്‍ട്ടിയിലെ ഉന്നത നേതാക്കളും മന്ത്രിമാരും എംഎല്‍എമാരുമായുള്ള അടുപ്പം തട്ടിപ്പിനായി പ്രതികള്‍ ഉപയോഗിച്ചുവെന്നാണ് പോലിസിന് ലഭിച്ച വിവരം. തട്ടിപ്പ് പണം ഉപയോഗിച്ച് ഭൂമി വാങ്ങിയെന്ന് ജയസൂര്യ മൊഴി നല്‍കിയതോടെ പോലിസ്‌സംഘം കടമ്പനാട് വില്ലേജ് ഓഫിസില്‍ പരിശോധന നടത്തി രേഖകള്‍ പിടിച്ചെടുത്തിരുന്നു.
അതേസമയം, പാര്‍ട്ടിക്കെതിരായ ഉയര്‍ന്നുവന്നിട്ടുള്ള അഴിമതി കേസുകളില്‍ പോലിസിനെ ഉപയോഗിച്ച് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി ആക്ഷേപമുണ്ട്. കുമ്പളാംപൊയ്ക സര്‍വീസ് സഹകരണ ബാങ്കിന്റെ തലച്ചിറ ശാഖയില്‍ നടന്ന കോടികളുടെ തട്ടിപ്പിന് മറച്ചുവയ്ക്കാന്‍ പോലിസും കൂട്ടുനിന്നുവത്രേ. സിപിഎം നേതൃത്വം ഒതുക്കിവച്ച തട്ടിപ്പ് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയപ്പോള്‍ ഗത്യന്തരമില്ലാതെയാണ് ബാങ്ക് പ്രസിഡന്റും സിപിഎം ജില്ലാനേതാവുമായ മത്തായി ചാക്കോ മലയാലപ്പുഴ പോലിസില്‍ പരാതി നല്‍കിയത്. എന്നാല്‍, പരാതി ഫയലില്‍ സൂക്ഷിച്ചതല്ലാതെ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ല. ഇതിനിടെ കേസിലെ പ്രതിയായ തലച്ചിറ ശാഖയിലെ ജൂനിയര്‍ ക്ലാര്‍ക്ക് പ്രവീണ്‍ പ്രഭാകരന്‍ ഒളിവില്‍പ്പോയി. പ്രതിയെ പിടിക്കാന്‍ പരാതിക്കാരും സമ്മര്‍ദം ചെലുത്തിയില്ല. തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച പത്തനംതിട്ട കോടതിയില്‍ കീഴടങ്ങാന്‍ അഭിഭാഷകനൊപ്പം പ്രവീണ്‍ പ്രഭാകരന്‍ എത്തി. കോടതി പോലിസിനെ വിളിപ്പിച്ചപ്പോഴാണ് എഫ്‌ഐആര്‍ ഇട്ടിട്ടില്ലെന്ന് വ്യക്തമായത്. ഒരുദിവസത്തിനുശേഷം എഫ്‌ഐആര്‍ തയ്യാറാക്കിയ ശേഷമാണ് പ്രവീണിന് കീഴടങ്ങാനായത്. ഇതോടെയാണ് സിപിഎമ്മും പോലിസും ചേര്‍ന്നുള്ള ഒത്തുകളി പുറത്തായത്. കഴിഞ്ഞദിവസം പുറത്തുവന്ന ജോലി തട്ടിപ്പ് കേസിലെ പ്രതികളും സംരക്ഷിക്കാനും നീക്കം നടന്നിരുന്നു. അടൂരിലെ ഉന്നത പോലിസ് ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് മൂന്നു നേതാക്കളാണ് കരുക്കള്‍ നീക്കിയതെന്നാണ് ആക്ഷേപം.
അതേസമയം, കൈക്കൂലിക്കേസില്‍ പത്തനംതിട്ട ജില്ലാ ജിയോളജിസ്റ്റിനെ പിടിച്ച വിജിലന്‍സ് ഡിവൈഎസ്പിയെ സ്ഥലം മാറ്റാന്‍ നീക്കമുണ്ടെന്നും സൂചനയുണ്ട്. ജിയോളജിസ്റ്റ് പിടിയിലായത് എല്‍ഡിഎഫിലും സിപിഎമ്മിലും പ്രതിസന്ധിയുണ്ടാക്കിയ സാഹചര്യത്തിലാണിത്. ഭരണപക്ഷ എംഎല്‍എക്ക് ജിയോളജിസ്റ്റുമായുള്ള ബന്ധമാണ് വിവാദത്തിന് കാരണമായത്. എംഎല്‍എ ഇടപെട്ട് അഴിമതിക്കാരനായ ജിയോളജിസ്റ്റിനെ ജില്ലയിലേക്കു കൊണ്ടുവന്നത് ഗുരുതര വീഴ്ചയായെന്നാണ് സിപിഎമ്മിലെ ഒരുവിഭാഗത്തിന്റെ അഭിപ്രായം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss