|    Sep 20 Thu, 2018 12:38 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ജോലി നഷ്ടപ്പെട്ട ഇന്ത്യക്കാര്‍ക്ക് സഹായം; ആശ്വാസമായി സൗദി

Published : 5th August 2016 | Posted By: SMR

ന്യൂഡല്‍ഹി: സൗദിയില്‍ ജോലി നഷ്ടപ്പെട്ട ഇന്ത്യന്‍ തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനു സഹായിക്കണമെന്ന ഇന്ത്യയുടെ ആവശ്യം സൗദി അധികൃതര്‍ അംഗീകരിച്ചതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. തൊഴിലുടമയുടെ അനുമതിയില്ലാതെ തന്നെ തൊഴിലാളികള്‍ക്ക് എക്‌സിറ്റ് അനുവദിക്കാനും പ്രതിസന്ധി പരിഹരിക്കാനും സൗദി രാജാവ് നിര്‍ദേശം നല്‍കിയതായി പാര്‍ലമെന്റിന്റെ ഇരുസഭകളിലും സുഷമ വ്യക്തമാക്കി.
രണ്ടു ദിവസത്തിനകം പ്രശ്‌നം പരിഹരിക്കാനാണ് സൗദി രാജാവിന്റെ നിര്‍ദേശം. വിദേശകാര്യ സഹമന്ത്രി വി കെ സിങ് സൗദി തൊഴില്‍ മന്ത്രിയുമായി ബുധനാഴ്ച ചര്‍ച്ചനടത്തിയിരുന്നു. എല്ലാവര്‍ക്കും ഉടന്‍ എക്‌സിറ്റ് നല്‍കാന്‍ തൊഴില്‍ മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. തൊഴിലാളികളെ സൗദി അവരുടെ വിമാനത്തില്‍ നാട്ടിലെത്തിക്കുമെന്നും സുഷമ വ്യക്തമാക്കി. ടിക്കറ്റ് സൗദി നല്‍കും.
കമ്പനി പിരിച്ചുവിട്ടതിനെത്തുടര്‍ന്നു പതിനായിരത്തിലധികം ഇന്ത്യക്കാരാണു തൊഴില്‍ നഷ്ടപ്പെട്ട് ഭക്ഷണത്തിനു പോലും പണമില്ലാതെ സൗദിയിലെ ലേബര്‍ക്യാംപുകളില്‍ കഴിയുന്നത്. നിര്‍മാണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ലബനീസ് ഉടമസ്ഥതയിലുള്ള കമ്പനിയായ സൗദി ഓജര്‍ സാമ്പത്തിക പ്രതിസന്ധി മൂലം സൗദിയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയായിരുന്നു. സൗദിയില്‍ മാത്രം 50,000ത്തില്‍ അധികം തൊഴിലാളികളുള്ള കമ്പനിയാണിത്.
സൗദി നിയമപ്രകാരം തൊഴിലാളിക്കു രാജ്യംവിടാന്‍ തൊഴില്‍ദാതാവിന്റെ എതിര്‍പ്പില്ലാ സാക്ഷ്യപത്രം (എന്‍ഒസി) വേണം. എന്നാല്‍ കമ്പനി ഓഫിസ് അടച്ചുപൂട്ടി ബന്ധപ്പെട്ടവരെല്ലാം സ്ഥലം വിട്ടതിനാല്‍ അവര്‍ക്ക് എക്‌സിറ്റ് നല്‍കുന്നതിനു സൗദി സര്‍ക്കാരിന്റെ സഹായം കൂടിയേ തീരൂ. നാട്ടിലേക്ക് മടങ്ങിപ്പോരാന്‍ താല്‍പര്യമില്ലാത്തവര്‍ക്കു മറ്റൊരു ജോലി കണ്ടെത്തുന്നതിനു സൗകര്യമൊരുക്കാമെന്നും സൗദി അധികൃതര്‍ അറിയിച്ചതായി സുഷമ പറഞ്ഞു.
തൊഴില്‍മന്ത്രി മുഫര്‍ജ് അല്‍ ഹഖ്ബാനിയെ കൂടാതെ മറ്റുചില സൗദി ഉദ്യോഗസ്ഥരുമായും വി കെ സിങ് സംസാരിച്ചു. തൊഴിലാളികള്‍ക്കു കിട്ടാനുള്ള വേതനം സംബന്ധിച്ചു ലേബര്‍ ഓഫിസില്‍ എഴുതിനല്‍കാന്‍ സൗദി അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും അവര്‍ നാട്ടില്‍ തിരിച്ചെത്തിയതിനു ശേഷം ഈ തുക ലഭ്യമാക്കുമെന്നും സുഷമ പറഞ്ഞു. തൊഴിലാളികള്‍ക്കു ഭക്ഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സൗദി അധികൃതരും ലഭ്യമാക്കുന്നുണ്ട്. വൈദ്യസഹായവും ലേബര്‍ ക്യാംപില്‍ ശുചീകരണസംവിധാനവും ഒരുക്കിയിട്ടുണ്ടെന്നും സുഷമ വ്യക്തമാക്കി. ഇക്കാര്യത്തില്‍ ചെയ്ത നടപടികള്‍ക്കു സൗദി ഭരണകൂടത്തോടു നന്ദിയുണ്ടെന്നു പറഞ്ഞ സുഷമ, പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനത്തിന്റെ ഫലമായാണ് ഇത്രനല്ല ബന്ധം ഉടലെടുത്തതെന്നും അവകാശപ്പെട്ടു.
സര്‍ക്കാര്‍ നടപടിയെ പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദ് അഭിനന്ദിച്ചു. ലോക്‌സഭയില്‍ ജോതിരാദിത്യസിന്ധ്യ, കെ സി വേണുഗോപാല്‍ തുടങ്ങിയവര്‍ തങ്ങള്‍ക്ക് ഈ വിഷയത്തില്‍ സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. വിദേശകാര്യമന്ത്രി ചെയ്ത കാര്യങ്ങള്‍ക്ക് അവരെ അഭിനന്ദിക്കുകയാണു വേണ്ടതെന്നും അതിനാണോ സംസാരിക്കുന്നതെന്നും സ്പീക്കര്‍ സുമിത്ര മഹാജന്‍ ചോദിച്ചു.
ആരും ആവശ്യപ്പെടാതെ തന്നെ സഭയെ ഇക്കാര്യങ്ങള്‍ അറിയിച്ച മന്ത്രിയെ അഭിനന്ദിക്കുന്നുവെന്ന് സിന്ധ്യ പറഞ്ഞു. ഇതേ രീതി മറ്റു മന്ത്രിമാരും പിന്തുടരുമെന്നാണു പ്രതീക്ഷിക്കുന്നത്. സൗദിയുമായുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് സംസാരിക്കുന്ന അതേ രീതില്‍ തന്നെയാണ് സുഷമ പാകിസ്താനെയും ചൈനയെയും കുറിച്ച് സംസാരിക്കേണ്ടതെന്നും സിന്ധ്യ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss