|    Aug 24 Thu, 2017 10:36 am
FLASH NEWS

ജോലിയും പോയി കല്യാണവും മുടങ്ങി ; അറസ്റ്റ് ചെയ്ത പോലിസിനെതിരേ ഡിജിപിക്ക് യുവാവിന്റെ പരാതി

Published : 5th August 2017 | Posted By: fsq

 

പത്തനംതിട്ട: ചെയ്യാത്ത കുറ്റത്തിന് തന്നെ പോലീസ് അറസ്റ്റ് ചെയ്തതിന്റെ പേരില്‍ ജോലി നഷ്ടപ്പെട്ടതായും വിവാഹം മുടങ്ങിയതായും കാണിച്ച് യുവാവ് ഡിജിപിക്ക് പരാതി നല്‍കി. ഹൈക്കോടതിയെയും മനുഷ്യാവകാശ കമ്മിഷനെയും സമീപിക്കാനുള്ള ഒരുക്കത്തിലുമാണ് ഇദ്ദേഹം. മൈലപ്ര മണ്ണാരക്കുളഞ്ഞി പാലമൂട്ടില്‍ ലിജോ ആണ് പരാതിക്കാരന്‍. കട്ടപ്പന പൊലീസിനെതിരെയാണ് പരാതി. കട്ടപ്പന സ്വദേശിയായ യുവതിയുടെ അര്‍ധനഗ്‌ന ചിത്രം യുവതിയില്‍ നിന്നു വാങ്ങിയ ആള്‍ അത് തനിക്ക് അയച്ചുതന്നുവെന്ന് തെറ്റിധരിച്ച് പോലീസ് തന്നെ അറസ്റ്റ് ചെയ്തുവെന്നും തനിക്ക് സംഭവത്തില്‍ ഒരു ബന്ധവുമില്ലെന്നുമാണ്  ലിജോ പറയുന്നത്. ഒന്നാം പ്രതിയായ മൈലപ്ര ചീങ്കല്‍ത്തടം സ്വദേശി പ്രിന്‍സ് ജോണ്‍ എന്ന ആള്‍ ജോബിന്‍ ജോസഫ് ഐപിഎസ് എന്ന വ്യാജ പ്രൊഫല്‍ വഴി പരിചയപ്പെട്ട ബാംഗഌരില്‍ ജോലി ചെയ്യുന്നതും കട്ടപ്പന സ്വദശിയുമായ അവരുട അര്‍ധന നഗ്‌ന ചിത്രം വാട്‌സാപ്പ് വഴി വാങ്ങിയെന്നാണ് കേസ്. മൈലപ്ര സ്വദേശി രണ്ടാം പ്രതിയാണ്. ഒന്നാം പ്രതി പടം അയച്ചു നല്‍കി എന്നതിന്റെ പേരിലാണ് മൈലപ്ര സ്വദേശിയെ പ്രതിയാക്കിയിരിക്കുന്നത്. ഒന്നാം പ്രതിയിടെ മൊബൈലിലെ കോള്‍ പട്ടികയില്‍ തന്റെ പേര് ഉണ്ടെന്നതിന്റെ പേരില്‍ ആണ് പോലീസ് തനിക്കും പടം അയച്ചുതന്നുവെന്ന് തെറ്റിധരിച്ചതെന്നും ഒന്നാം പ്രതിയെക്കുറിച്ച് ചില വിവരങ്ങള്‍ ചോദിച്ചറിയാന്‍ എന്ന പേരില്‍ തന്നെ കട്ടപ്പനയ്ക്കു വിളിച്ചുകൊണ്ടുപോവുകയായിരുന്നുവെന്നും ലിജോ പറഞ്ഞു. ഒന്നാം പ്രതിയുമായി പരിചയമുണ്ടെങ്കിലും ഏറെക്കാലമായി ബന്ധമൊന്നുമില്ല. തന്നെ കൊണ്ടുപോയി മാധ്യമങ്ങള്‍ക്കു മുമ്പില്‍ മൂന്നാം പ്രതി എന്നു പറഞ്ഞ് നിര്‍ത്തുകയായിരുന്നുവെന്നു ലിജോ കുറ്റപ്പെടുത്തി. ജൂണ്‍ 24ന് ആണ് സംഭവം. മൂന്നു ദിവസം ലിജോ റിമാന്‍ഡില്‍ കഴിഞ്ഞു. തന്റെ മൊബൈല്‍ ഫോണില്‍ ഇത്തരം ദൃശ്യങ്ങള്‍ ഒന്നുമില്ലെന്ന് പൊലീസ് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിട്ടും തന്നെ പ്രതി ചേര്‍ക്കുകയായിരുന്നുവെന്നാണ് ലിജോയുടെ ആരോപണം. താന്‍ തെറ്റുകാരനല്ലെന്ന് പോലീസിന് അറിയാമായിരുന്നിട്ടും പ്രതി ചേര്‍ത്തതു ദുരൂഹമാണെന്നും ലിജോ പറഞ്ഞു. സമൂഹ മാധ്യമങ്ങള്‍ വഴി തന്റെ അറസ്റ്റ് വാര്‍ത്ത പ്രചരിച്ചതു വഴി കുമ്പഴയിലെ സ്ഥാപനത്തില്‍ നിന്നു പിരിച്ചുവിട്ടു. അവിടെ ശമ്പളം പോലും തടഞ്ഞുവച്ചിരിക്കുകയാണ്. വീട്ടുകാര്‍ പള്ളിയില്‍ പോവാന്‍  പോലും കഴിയാത്ത സ്ഥിതിയിലാണ്. നിശ്ചയിച്ച വിവാഹം മുടങ്ങുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് പോലീസിനെതിരെ ഡിജിപിക്കു പരാതി നല്‍കിയത്. എന്നാല്‍ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണു ലിജോയെ പ്രതിയാക്കിയതെന്നും മറിച്ചുള്ള ആരോപണങ്ങളില്‍ കഴമ്പില്ലെന്നും കട്ടപ്പന സിഐ വി എസ്. അനില്‍കുമാര്‍ പറഞ്ഞു. നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കാന്‍ ഒന്നാം പ്രതിയെ സഹായിച്ചത് ലിജോയാണ്. ഇരകളില്‍നിന്നു തട്ടിയെടുത്ത പണം ഉപയോഗിച്ച് ഒന്നാം പ്രതിക്കൊപ്പം ഗോവയിലും മറ്റും ലിജോ ടൂര്‍ പോയിരുന്നു. വ്യാജപ്രൊഫൈലുണ്ടാക്കാന്‍ ഒന്നാംപ്രതിയെ ലിജോ സഹായിച്ചുവെന്നും പോലീസ് പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക