|    Jun 22 Fri, 2018 1:00 pm
FLASH NEWS

ജോലിയില്‍നിന്നു പിരിച്ചുവിട്ടു ; മെഡിക്കല്‍ കോളജില്‍ സുരക്ഷാ ജീവനക്കാരിയുടെ ആത്മഹത്യാ ഭീഷണി

Published : 4th August 2017 | Posted By: fsq

 

മഞ്ചേരി: മെഡിക്കല്‍ കോളജില്‍ താല്‍കാലിക സുരക്ഷ ജീവനക്കാരി ആത്മഹത്യയ്ക്കു ശ്രമിച്ചു. ജോലിയില്‍ നിന്നു പിരിച്ചുവിട്ടതിന്റെ കാരണം ബോധ്യപ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് ഒപി പ്രവര്‍ത്തിക്കുന്ന അഞ്ചു നില കെട്ടിടത്തിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു ഇവര്‍. ഇവരെ പിന്നീട് പോലിസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് താഴെയിറക്കി. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവം നടന്നത്. മഞ്ചേരി മെഡിക്കല്‍ കോളജിലും ജനറല്‍ ആശുപത്രിയിലുമായി കഴിഞ്ഞ ഏഴുവര്‍ഷം താല്‍കാലിക സുരക്ഷാ ജീവനക്കാരിയായിരുന്ന പയ്യനാട് സ്വദേശിനിയാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇവരെ കഴിഞ്ഞ ദിവസം ജോലിയില്‍നിന്ന് പിരിച്ചുവിട്ടതായി അറിയിച്ചിരുന്നു. സ്വഭാവദൂഷ്യമാണ് പിരിച്ചുവിടലിന് കാരണമെന്ന സൂപ്രണ്ട് കെ വി നന്ദകുമാറിന്റെ പരാമര്‍ശമാണ് യുവതിയെ പ്രകോപിപ്പിച്ചതും നാടകീയ രംഗങ്ങള്‍ക്ക് കാരണമായതും. ഹോസ്റ്റല്‍ മേട്രനെ സമീപിച്ച് ബ്ലഡ് ബാങ്ക് പരിസരത്ത് ചോര്‍ച്ചയുണ്ടെന്നും ഇത് പരിശോധിക്കാനെന്നും പറഞ്ഞാണ് ടെറസിലേക്കുള്ള താക്കോല്‍ വാങ്ങിയത്. സംഭവം കണ്ട മറ്റു ജീവനക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മഞ്ചേരി എസ്‌ഐ റിയാസ് ചാക്കീരിയുടെ നേതൃത്വത്തില്‍ പോലിസും ഒരു യൂനിറ്റ് ഫയര്‍ഫോഴ്‌സും മെഡിക്കല്‍ കോളജിലെത്തി. ഒന്നര മണിക്കൂര്‍ നേരത്തെ ശ്രമഫലമായാണ് യുവതിയെ താഴെയിറക്കിയത്. പിന്നീട് പോലിസിന്റെ സാനിധ്യത്തില്‍ സൂപ്രണ്ടുമായി യുവതി ചര്‍ച്ച നടത്തി. പിരിച്ചുവിട്ടതിന്റെ കാരണം രേഖാമൂലം നല്‍കാമെന്ന് ആശുപത്രി അധികൃതര്‍ ആറിയിച്ചു. സെക്യൂരിറ്റി ജിവനക്കാരെ 179 ദിവസത്തേക്കാണ് നിയമിച്ചിരുന്നതെന്നും ഇത്തരത്തില്‍ നിയമിക്കപ്പെട്ട 14 പേരെ പിരിച്ചുവിട്ട് പുതിയ നിയമനം നടത്തണമെന്നും ഡെപ്യൂട്ടി സൂപ്രണ്ട്, ആര്‍എംഒ, ലേ സെക്രട്ടറി, നഴ്‌സിംഗ് ഓഫീസര്‍, നഴ്‌സിംഗ് സൂപ്രണ്ട് എന്നിവര്‍ അംഗങ്ങളായുള്ള അപ്രൈസല്‍ കമ്മറ്റിയാണ് തീരുമാനിച്ചതെന്ന് സൂപ്രണ്ട് ഡോ. കെ വി നന്ദകുമാര്‍ വ്യക്തമാക്കി. പ്രീ റിക്രൂട്ട്‌മെന്റ് ട്രൈനിങ് സര്‍ട്ടിഫിക്കറ്റുള്ളവരോ വിമുക്ത ഭടന്‍മാരോ അല്ലാത്ത കാരണത്താലാണ് ആറുപേരെ പിരിച്ചുവിട്ടത്.  എന്നാല്‍, ഇവര്‍ ഹൈക്കോടതിയില്‍ പോയി സ്റ്റേ വാങ്ങിയിരുന്നു. പിരിച്ചുവിട്ട രണ്ടുപേരെ പിന്നീട് തിരിച്ചെടുത്തിരുന്നു. താല്‍കാലികമായാണ് നിയമനമെങ്കിലും കാലാവധി പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ഇവരെ വീണ്ടും നിയമിക്കാറാണ് പതിവ്. ഇത്തരത്തില്‍ ഏഴ് വര്‍ഷമായി ഇവിടെ ദിവസക്കൂലിക്ക് സേവനം ചെയ്തുവരികയായിരുന്നു ആത്മഹത്യയ്ക്കു ശ്രമിച്ച യുവതി. തന്നെ മാത്രം പിരിച്ചുവിട്ട നടപടി അനീതിയാണെന്നും ഇതിനെതിരേ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കുമെന്നും യുവതി തേജസിനോട് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss