|    Feb 21 Tue, 2017 11:12 am
FLASH NEWS

ജോലിഭാരത്താല്‍ നട്ടംതിരിഞ്ഞ് പെരിന്തല്‍മണ്ണ പോലിസ് സ്‌റ്റേഷന്‍

Published : 28th October 2016 | Posted By: SMR

നഹാസ് എം നിസ്താര്‍

പെരിന്തല്‍മണ്ണ: ജോലി ഭാരത്താല്‍ നട്ടംതിരിഞ്ഞ് പെരിന്തല്‍മണ്ണ പോലിസ് സ്‌റ്റേഷന്‍. പത്ത് വില്ലേജുകളും ആറ് പഞ്ചായത്തുകളും ഒരു മുന്‍സിപ്പാലിറ്റിയും ഉള്‍പെടുന്ന വലിയ ഭൂപ്രദേശം, രണ്ട് സ്ഥിരം കേടതികള്‍, കുടാതെ മഞ്ചേരി ജില്ലാ കോടതിയിലേക്കും വടകര നാര്‍ക്കോട്ടിക് കോടതിയിലേക്കും പ്രതികളുമായി എസ്‌കോര്‍ട്ടിങ് ഡ്യൂട്ടി, പെരിന്തല്‍മണ്ണയിലും പുലാമന്തോളിലും രണ്ടു ട്രഷറികള്‍, സിഐ ഓഫിസിലെയും ഡിവൈഎസ്പി ഓഫിസിലെയും അധിക ചുമതല, ജനമൈത്രി, സ്റ്റുഡന്റ്‌സ് പോലിസ് കാഡറ്റുകളുടെ പരിശീലനം തുടങ്ങിയവയ്ക്കു പുറമെ ജില്ലയില്‍ ഏറ്റവും കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്ന പോലിസ് സ്‌റ്റേഷന്‍ ആയതിനാല്‍ അന്വേഷണങ്ങള്‍ എന്നിവയ്‌ക്കെല്ലാം സ്റ്റേഷനിലെ ആളുബലം തികയുന്നില്ല. ഇതിനെല്ലാം പുറമേ ദൈനംദിന കേസുകളും സംഘര്‍ഷങ്ങളും ട്രാഫിക്കും പിടിച്ചുപറിയും കളവും തുടങ്ങിയ നൂറു കൂട്ടം വരുന്ന പ്രശ്‌നങ്ങളും പോലിസിനെ വലയ്ക്കുന്നു. 1967 ലെ ചട്ട പ്രകാരം സൃഷ്ടിച്ച തസ്തികകള്‍ മാത്രമാണ് ഇവിടെ നിലവിലുള്ളത്. ഈ തസ്തികകളില്‍ തന്നെ പകുതിയിലധികത്തിലും ആളില്ലാത്ത അവസ്ഥയുമാണ്. ഇവിടെ ദുരിതമനുഭവിക്കുന്ന കേവലം പോലിസുകാര്‍ മാത്രമല്ല, പൊതു ജനങ്ങള്‍ കൂടിയാണ്. പല അത്യാഹിതങ്ങള്‍ സംഭവിക്കുമ്പേഴും യഥാസമയം ഓടിയെത്താന്‍ ഇപ്പോഴത്തെ സംവിധാനത്തിലൂടെ പോലിസിനാവുന്നില്ല. പലപ്പോഴും അത്യവശ്യ കാര്യങ്ങള്‍ക്കും ജനങ്ങള്‍ സ്‌റ്റേഷനില്‍ വിളിക്കുമ്പോള്‍ ആളില്ലെന്നാണ് മറുപടി. 1967ലെ ചട്ട പ്രകാരം ഒരു പ്രിന്‍സിപ്പല്‍ എസ്‌ഐ അടക്കം നാലു എസ്‌ഐമാര്‍, അഞ്ച് എഎസ്‌ഐമാര്‍, 11 സീനിയര്‍ സിവില്‍ പോലിസ് ഓഫിര്‍മാര്‍, 35 സിവില്‍ പോലിസ് ഓഫിസര്‍മാര്‍, ആറ് വനിതാ പോലിസുകാര്‍ എന്നിവരടങ്ങുന്നതാണ് പെരിന്തല്‍മണ്ണ സ്‌റ്റേഷനിലെ സേനാ ബലം. എന്നാല്‍, ഇപ്പോള്‍ നിലവിലുള്ളതാവട്ടെ ജില്ലാ ക്രൈംബ്രാഞ്ചില്‍ അനുബന്ധ ജോലിയുള്ള ഒരു എസ്‌ഐ അടക്കം മൂന്ന് എസ്‌ഐമാര്‍, നാല് എഎസ്‌ഐമാര്‍, ഏഴു സീനിയര്‍ സിവില്‍ പോലിസ് ഓഫിര്‍മാര്‍, 21 സിവില്‍ പോലിസ് ഓഫിര്‍മാര്‍, ആറ് വനിതാ പോലിസുകാര്‍ എന്നിവര്‍ മാത്രമാണ്. ഇവരില്‍ നിന്നു പെരിന്തല്‍മണ്ണയിലെ തന്നെ രണ്ട് സ്ഥിരം കേടതികള്‍, മഞ്ചേരി ജില്ലാ കോടതി, വടകര നാര്‍ക്കോട്ടിക് കോടതി, എന്നിവിടങ്ങളിലേക്ക് ചുരുങ്ങിയത് രണ്ടു വീതം പോലിസുകാര്‍ക്ക് പ്രതികളുമായി എസ്‌കോര്‍ട്ടിങ് ഡ്യൂട്ടിയുണ്ടാവും. പെരിന്തല്‍മണ്ണയിലെയും പുലാമന്തോളിലെയും രണ്ടു ട്രഷറികളില്‍ നിയമ പ്രകാരം മൂന്ന് വീതം പോലിസുകാരെ നിയമിക്കണം. പുറമെ ജനമൈത്രി, സ്റ്റുഡന്റ്‌സ് പോലിസ് കാഡറ്റുകളുടെ പരിശീലനത്തിനും സിഐയും ഡിവൈഎസ്പിയും ആവശ്യപ്പെടുന്ന ജോലികള്‍ക്കും ആളെ വേണം. ഇതെല്ലാം കഴിഞ്ഞു മിച്ചം വന്നെങ്കില്‍ മാത്രമായിരിക്കും മറ്റു അടിയന്തര കേസുകള്‍ക്ക് പോലിസുകാരുണ്ടാവുക. ഇല്ലെങ്കില്‍ മേല്‍ പറഞ്ഞ ചട്ട പ്രകാരമുള്ള ജോലികളില്‍ വിട്ടു വീഴ്ചകള്‍വരുത്തേണ്ടി വരും. നിലവില്‍ പെരിന്തല്‍മണ്ണയിലെ പോലിസ് സ്‌റ്റേഷന്റെ പ്രവര്‍ത്തനം താറുമാറായിരിക്കുകയാണ്. ഇത്രയും പോലിസുകാര്‍ക്ക് വലിയ തോതിലുള്ള ഭൂപ്രദേശങ്ങളില്‍ എത്തിപ്പെടാനുള്ളത് ആകെ രണ്ടു വാഹനങ്ങള്‍ മാത്രം. മഞ്ഞളാംകുഴി അലി മന്ത്രിയായിരിക്കെ അനുവദിച്ച പോലിസ് കണ്‍ട്രോള്‍ റൂം വാഹനവും സംവിധാനവും പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ഇല്ലാതായി. വിഭജനത്തിനായി രണ്ടു നിര്‍ദേശങ്ങളാണ് സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. യൂനിവേഴ്‌സിറ്റികള്‍ കേന്ദ്രീകരിച്ച് പോലിസ് സ്‌റ്റേഷന്‍ വേണമെന്ന വ്യവസ്ഥയുള്ളതിനാല്‍ അലിഗഡ് മലപ്പുറം കേന്ദ്രം ഉള്‍പ്പെടുന്ന ചെറുകര കേന്ദ്രീകരിച്ച് ഏലംകുളം, പുലാമന്തോള്‍, കുന്നക്കാവ്, മുതുകുര്‍ശ്ശി എന്നീ പ്രദേശങ്ങള്‍ക്കായി ഒരു പോലിസ് സ്‌റ്റേഷന്‍. ജില്ലാ അതിര്‍ത്തിയായ കരിങ്കല്ലാത്താണി കേന്ദ്രീകരിച്ച് ആലിപ്പറമ്പ്, അരക്കുപറമ്പ്, താഴെക്കോട് എന്നീ പ്രദേശങ്ങള്‍ക്കായി മറ്റൊരു പോലിസ് സ്‌റ്റേഷന്‍ എന്നിവയാണ് നിര്‍ദേശങ്ങള്‍. നിലവില്‍ കരിങ്കല്ലാത്താണി, തൂത, പുലാമന്തോള്‍, ഒരോടംപാലം, പൂപ്പലം എന്നീ അതിരുകള്‍ ഉള്‍പ്പെട്ടാതാണ് പെരിന്തല്‍മണ്ണ പോലിസ് സ്‌റ്റേഷന്‍ പരിതി. അംഗബലമില്ലാത്തതിന്റെ പേരിലാണ് പെരിന്തല്‍മണ്ണയ്ക്ക് അനുവദിച്ച പോലിസ് കണ്‍ട്രോള്‍ റൂം വാഹനവും സംവിധാനവും നഷ്ടമായത്. ജനമൈത്രി പോലിസിന്റെ പ്രവര്‍ത്തനവും ഇക്കാരണം കൊണ്ടുതന്നെ നിലച്ച മട്ടിലാണ്. പലപ്പോഴും പെരിന്തല്‍മണ്ണ സ്‌റ്റേഷനിലേക്ക് ജോലിക്കെത്താന്‍ പോലിസുകാര്‍ക്കുത്തന്നെ മടിയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക