|    Feb 24 Fri, 2017 4:34 pm
FLASH NEWS

ജോലിഭാരം; സര്‍വീസ് സംഘടനാ നേതൃത്വത്തിനെതിരേ പഞ്ചായത്ത് ജീവനക്കാര്‍

Published : 8th November 2016 | Posted By: SMR

കരുവാരകുണ്ട്: തങ്ങളെ ചൂഷണം ചെയ്ത് നേതാക്കളാവുകയും അമിത ജോലിഭാരം അടിച്ചേല്‍പിച്ച് പീഡിപ്പിക്കുമ്പോള്‍ നിശ്ശബ്ദത പാലിക്കുകയും ചെയ്യുന്ന സര്‍വീസ് സംഘടനകള്‍ക്കെതിരേ ഗ്രാമപ്പഞ്ചായത്ത് ജീവനക്കാരില്‍ ഒരു വിഭാഗം രംഗത്ത്. റേഷന്‍ കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട പരാതികള്‍കൂടി ഗ്രാമപ്പഞ്ചായത്തിലേക്ക് മാറ്റിയതോടെയാണു ജീവനക്കാരുടെ പ്രതിഷേധം അണപൊട്ടിയിരിക്കുന്നത്. വണ്ടിക്കാളകളെപ്പോലെ സര്‍ക്കാര്‍ തങ്ങളെക്കൊണ്ട് പണിയെടുപ്പിക്കുമ്പോഴും അവര്‍ക്ക് ഓശാന പാടുന്ന സംഘടനകള്‍ക്കെതിരേ പെമ്പിളൈ ഒരുമൈ മോഡല്‍ സമരത്തിന് ആഹ്വാനം ചെയ്യുന്ന ലഘുലേഖ ഇതിനകം വ്യാപകമായിട്ടുണ്ട്. വാര്‍ഷിക പദ്ധതി പ്രവര്‍ത്തനം, നികുതി പിരിവ്, ബിപിഎല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കല്‍, മറ്റു ദൈനംദിന കാര്യങ്ങള്‍ എന്നിവ ചെയ്ത് ക്ഷീണിച്ച തങ്ങളുടെ ചുമലില്‍ തന്നെ യാതൊരു ബന്ധവുമില്ലാത്ത റേഷന്‍ കാര്‍ഡ് പരാതികളും അടിച്ചേല്‍പിക്കുന്നു. റേഷന്‍ കടകള്‍, അങ്കണവാടികള്‍, അക്ഷയ കേന്ദ്രങ്ങള്‍ എന്നിവ വഴി ചെയ്യാവുന്നവയാണിത്. എന്നാല്‍, അംഗത്വ ഫീസ് പിരിക്കാനും സമ്മേളന ഫണ്ടിനും വേണ്ടി വര്‍ഷത്തില്‍ രണ്ടു തവണ മാത്രം ഓഫിസുകളിലെത്തുന്ന സര്‍വീസ് സംഘടനാ നേതാക്കള്‍ ഈ അനീതിക്കെതിരേ മിണ്ടുന്നില്ലെന്ന് ലഘുലേഖയില്‍ തുറന്നടിക്കുന്നു. മലപ്പുറം ജില്ലയുടെ മാതൃകാ പദ്ധതികളിലെല്ലാം പഞ്ചായത്ത് ജീവനക്കാരുടെ വിയര്‍പ്പുണ്ട്. എന്നിട്ടും സെക്രട്ടറി മുതല്‍ താഴേക്കുള്ള ജീവനക്കാരുടെ നിരവധി ഒഴിവുകളിലേക്ക് നിയമനം നടത്തി ജോലിഭാരം കുറയ്ക്കാന്‍ ഒരു നടപടിയുമില്ല. തങ്ങളുടെ ആനുകൂല്യങ്ങള്‍ പലതും നിഷേധിക്കുകയും സ്ഥാനക്കയറ്റങ്ങള്‍ തടഞ്ഞുവയ്ക്കുകയും ചെയ്യുന്നു. ഇങ്ങനെയൊക്കെയായിട്ടും സംഘടനകള്‍ മിണ്ടാന്‍ മടിക്കുന്നുവെന്നും സംഘടനയുടെ പേരില്‍ പിരിവിന് വരുന്ന നേതാക്കളെ ഓഫിസില്‍ നിന്നിറക്കിവിട്ട് പ്രതിഷേധിക്കണമെന്നും നോട്ടീസില്‍ പറയുന്നു. പെമ്പിളൈ ഒരുമൈ പോലെ, ആത്മാഭിമാനമുള്ള പഞ്ചായത്ത് ജീവനക്കാര്‍ ഈ അടിച്ചമര്‍ത്തലിനെതിരേ രംഗത്തുവരണമെന്നാഹ്വാനം ചെയ്തുകൊണ്ടാണ് ലഘുലേഖ അവസാനിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക