|    Aug 19 Sat, 2017 2:45 pm
FLASH NEWS

ജോലിഭാരം കൂടുതലെന്ന് ; മിന്നല്‍ സര്‍വീസിന് രണ്ടു ഡ്രൈവര്‍മാരെ വേണമെന്ന് ആവശ്യം

Published : 4th August 2017 | Posted By: fsq

 

മാനന്തവാടി: തിരുവനന്തപുരത്തേക്ക് പുതുതായി ആരംഭിച്ച കെഎസ്ആര്‍ടിസിയുടെ മിന്നല്‍ സര്‍വീസിന് രണ്ടു ഡ്രൈവര്‍മാരെ അനുവദിക്കണമെന്ന ആവശ്യം ശക്തമാവുന്നു. സാധാരണ മാനന്തവാടി- തിരുവനന്തപുരം സര്‍വീസ് 13 മണിക്കൂര്‍ കൊണ്ടാണ് ഓടിയെത്താറ്. ഇതില്‍ തന്നെ മുമ്പ് തൃശൂരില്‍ നിന്ന് ഡ്രൈവര്‍മാര്‍ മാറുന്ന സംവിധാനമുണ്ടായിരുന്നു. അടുത്തിടെ ആരംഭിച്ച മിന്നല്‍ സര്‍വീസിന് തിരുവന്തപുരത്തേക്കുളള 550 കിലോമീറ്റര്‍ ഓടിയെത്താന്‍ ഒമ്പതു മണിക്കൂര്‍ 25 മിനിറ്റും മാത്രമാണ് അനുവദിച്ചിട്ടുള്ളത്. നിയമപ്രകാരം അനുവദിച്ചിട്ടുള്ള 60 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ചാല്‍ ഒരിക്കലും ഈ സമയത്ത് ചുരമിറങ്ങിയെത്താന്‍ കഴിയില്ല. വൈകീട്ട് ഏഴിന് മാനന്തവാടിയില്‍ നിന്നു പുറപ്പെട്ട് പിറ്റേന്ന് രാവിലെയാണ് ബസ് തിരുവനന്തപുരത്തെത്തുക. പകല്‍ വിശ്രമത്തിന് ശേഷം രാത്രി 8.30ന് പുറപ്പെട്ട് കോട്ടയം വഴി പിറ്റേന്ന് രാവിലെ 5.40നാണ് മാനന്തവാടിയിലെത്തേണ്ടത്. എന്നാല്‍, ആരംഭിച്ച അന്നുമുതല്‍ നിശ്ചയിച്ച സമയത്തേക്കാള്‍ ഒരു മണിക്കൂറെങ്കിലും വൈകിയാണ് ബസ്സെത്തുന്നത്. ദൂരക്കൂടുതലും അപകടസാധ്യത ഒഴിവാക്കുന്നതിനുമായി രണ്ടു ഡ്രൈവര്‍മാരെ ഏല്‍പ്പിക്കണമെന്നു നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്. നാലു ദിവസത്തിനിടയില്‍ ഒരു ട്രിപ്പ് വീതം പോവേണ്ടി വരുന്നതിനാല്‍ ഉറക്കക്ഷീണം ഭയന്ന് മിന്നലില്‍ ഡ്യൂട്ടി എടുക്കാന്‍ ഡ്രൈവര്‍മാര്‍ മടിക്കുകയാണ്. സ്ഥിരമായി ദീര്‍ഘദൂര സര്‍വീസ് നടത്താന്‍ കഴിയില്ലെന്നു പറഞ്ഞതിന്റെ പേരില്‍ ഡ്രൈവറെ സ്ഥലംമാറ്റിയ അധികൃതരുടെ നടപടിയില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. മാനന്തവാടി ഡിപ്പോയിലെ ഡ്രൈവറെ കഴിഞ്ഞ ദിവസം സുല്‍ത്താന്‍ ബത്തേരി ഡിപ്പോയിലേക്ക് സ്ഥലം മാറ്റിയതിനെതിരേയാണ് യൂനിയന്‍ വ്യത്യാസമില്ലാതെ ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധമുയര്‍ന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക