|    Jun 25 Mon, 2018 9:16 pm
FLASH NEWS

ജോലിക്ക് ഹാജരാവാത്ത കണ്ടക്ടര്‍ക്കും കെഎസ്ആര്‍ടിസിയില്‍ ശമ്പളം ; വിജിലന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചു

Published : 31st May 2017 | Posted By: fsq

 

പത്തനംതിട്ട: രണ്ടു മാസത്തിലേറെയായി ജോലിക്ക് ഹാജരാകാതിരിക്കുന്ന കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് ശമ്പളം നല്‍കിയ നടപടി വിവാദത്തില്‍. ഇതേപ്പറ്റി കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം അന്വേഷണം തുടങ്ങി. ഫെബ്രുവരില്‍ പത്തനാപുരം ഡിപ്പോയില്‍ നിന്ന് ഇവിടേക്ക് സ്ഥലം മാറി എത്തിയ സ്ഥിരം ജീവനക്കാരനാണ് അനധികൃതമായി ജോലിക്ക് ഹാജരാവാതിരിക്കുന്നത്. സ്ഥലം മാറ്റ ഉത്തരവുമായി ഇവിടെ എത്തി ചുമതലയേറ്റതിന് ശേഷം ഇദ്ദേഹത്തെ ഈ വഴിക്ക് കാണാനില്ലായിരുന്നു. ഇന്നലെ വരെ ഇദ്ദേഹം ജോലിക്ക് എത്തിയിട്ടില്ലെന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ നല്‍കുന്ന സൂചന. ഇതിനിടെയാണ് ഏപ്രില്‍ മാസത്തെ ശമ്പളമായി 28,000 രൂപ കണ്ടക്ടര്‍ കൈപ്പറ്റിയത്. നിത്യച്ചെലവുകള്‍ക്ക് പോലും കെഎസ്ആര്‍ടിസി ബുദ്ധിമുട്ടുമ്പോഴാണ് ജോലിക്ക് ഹാജരാകാതിരുന്ന കണ്ടക്ടര്‍ക്ക് മുഴുവന്‍ ശമ്പളവും തീര്‍ത്തു കൊടുത്തത്. ഇത് വിവാദമായ സാഹചര്യത്തിലാണ് വിജിലന്‍സ് വിഭാഗം അന്വേഷണം തുടങ്ങിയിരിക്കുന്നത്. ഒരു ജീവനക്കാരന് വഴി വിട്ട് സഹായം നല്‍കിയതിനെപ്പറ്റി തൊഴിലാളി യൂനിയനുകളും മിണ്ടുന്നില്ല. സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ കെഎസ്ആര്‍ടിഇഎ (സിഐടിയു) ഇടപെടാറുണ്ട്. ഇപ്പോള്‍ അവരും മൗനം പാലിച്ചിരിക്കുകയാണ്. കുറ്റക്കാരനായ കണ്ടക്ടറെ സംരക്ഷിക്കാനാണ് യൂനിയന്‍ നേതാക്കളുടെ ശ്രമം എന്നാണ് അറിയുന്നത്. ജില്ലയിലെ ഡിപ്പോകളില്‍ ഓഫിസ് സംവിധാനം ഏറ്റവുമധികം കുത്തഴിഞ്ഞു കിടക്കുന്നത് ഇവിടെയാണെന്ന് ജീവനക്കാര്‍ തന്നെ പറയുന്നു. ഒരു കാര്യവും കൃത്യമായി ചെയ്യാറില്ല. ഫണ്ട് വിതരണത്തിലും കൈകാര്യം ചെയ്യുന്നതിലും വീഴ്ചകള്‍ നിരവധി ഉള്ളതായും ആരോപണമുണ്ട്. ഇതിന്റെ ഭാഗമായിട്ടാവണം ജീവനക്കാരന് ശമ്പളം കൊടുത്തതെന്ന് പറയുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss