|    Nov 25 Sat, 2017 7:37 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ജോലിക്കു വേണ്ടി സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് പി യു ചിത്ര ; ദീര്‍ഘനാളായി ഗൂഢാലോചനയെന്ന് കോച്ച്

Published : 8th August 2017 | Posted By: fsq

 

തിരുവനന്തപുരം: ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ ഉള്‍പ്പെടെ സ്വര്‍ണനേട്ടത്തിന് ഉടമയായ കായികതാരം പി യു ചിത്രയ്‌ക്കെതിരേ ദീര്‍ഘനാളായി ഗൂഢാലോചന നടക്കുന്നതായി പരിശീലകന്‍ എന്‍ എസ് സജിന്‍. ചിത്രയ്‌ക്കെതിരേയുള്ള ഗൂഢാലോചനയില്‍ ദേശീയ അത്‌ലറ്റിക് ഫെഡറേഷനും പങ്കുണ്ടെന്ന് സജിന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. അത്‌ലറ്റിക് ഫെഡറേഷന്റെ എതിര്‍പ്പു മറികടന്ന് അവസാന വര്‍ഷ ബിരുദ പരീക്ഷ എഴുതാന്‍ പോയപ്പോള്‍ മുതലാണ് ചിത്രയോട് പ്രതികാര നടപടികള്‍ ആരംഭിച്ചത്. മൂന്നുമാസം മുമ്പ് ബംഗളൂരുവില്‍ ദേശീയ ക്യാംപ് നടക്കുമ്പോഴായിരുന്നു ചിത്രയുടെ പരീക്ഷ. ഇതിനായി ഫെഡറേഷനോട് ചിത്ര അവധി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പരീക്ഷ അടുത്ത വര്‍ഷം എഴുതിയാല്‍ മതിയെന്ന നിലപാടാണ് ഫെഡറേഷനും വിദേശ പരിശീലകനും സ്വീകരിച്ചത്. ഇതു മറികടന്നതാണ് വിരോധത്തിനു കാരണമായത്. പരീക്ഷയെഴുതിയശേഷം തിരികെ ക്യാംപിലെത്തിയ ചിത്രയെ പരിശീലിപ്പിക്കാന്‍ വിദേശ പരിശീലകന്‍ തയ്യാറായില്ല. നാലുദിവസത്തോളം ചിത്രയെ ക്യാംപില്‍ നിന്നു മാറ്റിനിര്‍ത്തി. ഇതുസംബന്ധിച്ച് കായികതാരം അഞ്ജു ബോബിജോര്‍ജിനോട് പരാതിപ്പെട്ടെങ്കിലും കോച്ചിനെയും ഫെഡറേഷനെയും പിണക്കാന്‍ നില്‍ക്കേണ്ടെന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്. ഇതോടെ ചിത്ര നാട്ടിലേക്കു മടങ്ങുകയായിരുന്നു. ഇതുതന്നെയാവും ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ നിന്ന് ചിത്രയെ ഒഴിവാക്കാന്‍ കാരണമെന്നും സജിന്‍ പ്രതികരിച്ചു. അതേസമയം, ജീവിക്കാനായി തനിക്ക് ഒരു ജോലി വേണമെന്നായിരുന്നു ചിത്രയുടെ ആവശ്യം. ഇക്കാര്യം കായികമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അനുകൂല നിലപാട് സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ടെന്നും ചിത്ര പറഞ്ഞു. ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള അവസരം നിഷേധിച്ചതിനുശേഷം തലസ്ഥാനത്ത് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ചിത്രയും പരിശീലകനും. ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാ ന്‍ കഴിയാത്തതില്‍  സങ്കടമുണ്ട്. അവസരം നിഷേധിച്ച വാര്‍ത്തയറിഞ്ഞ് നിരവധിപേര്‍ സഹായവുമായി എത്തി. അവരോടെല്ലാം നന്ദിയുണ്ട്. സ്‌കോളര്‍ഷിപ്പ് നല്‍കാമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തതില്‍ സന്തോഷമുണ്ട്. തന്റെ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് അവതരിപ്പിക്കുമെന്നും ചിത്ര വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക