ജോര്‍ജിയയിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധന
Published : 11th July 2016 | Posted By: sdq
ദോഹ: ഓണ്‍ അറൈവല്‍ വിസ സൗകര്യം യാഥാര്‍ഥ്യമായതോടെ ജോര്‍ജിയയിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ജോര്‍ജിയയിലേക്കുള്ള ഓണ്‍ അറൈവല്‍ വിസ സൗകര്യം യാഥാര്‍ഥ്യമായതോടെ മേഖലയിലെ വിനോദ സഞ്ചാരികളുടെ ഏറെ കാലമായുള്ള സ്വപ്നമാണ് പൂവണിഞ്ഞത്. രാജ്യത്തെ സഞ്ചാര പ്രിയരായ പ്രവാസികളുടെ പ്രധാന സന്ദര്‍ശന കേന്ദ്രമാണ് യൂറോപ്യന്‍ രാജ്യങ്ങള്‍. യൂറോപ്പില്‍ തന്നെ പ്രിയപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ജോര്‍ജിയ. പ്രകൃതി സൗന്ദര്യത്താല്‍ അനുഗ്രഹീതം എന്നതോടൊപ്പം സുരക്ഷിതമായ വിനോദ കേന്ദ്രവുമാണ് ജോര്‍ജിയ. ഏതാനും വര്‍ഷങ്ങളായി യുഎഇ, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്ന് ജോര്‍ജിയയിലേക്ക് കൂടുതല്‍ സന്ദര്‍ശകര്‍ എത്തുന്നുണ്ട്. 2015 അവസാനം വരെ ഖത്തറില്‍ നിന്നുള്ള യാത്രക്കാര്‍ കുറവായിരുന്നു.
എന്നാല്‍, അവധിക്കാലം ചെലവഴിക്കാനായി ഇത്തവണ ഖത്തറില്‍ നിന്നു ജോര്ജിയയിലേക്കുള്ളവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വേനല്‍ അവധിക്കാലം ചെലവഴിക്കുന്നതിനായി ഖത്തറിലെ പ്രവാസികള്‍ കൂടുതലും തിരഞ്ഞെടുക്കുന്നത് ജോര്ജിയയാണെന്നു ട്രാവല്‍സ് സംരംഭകര്‍ സാക്ഷ്യപ്പെടുത്തുന്നു. താമസചെലവ് കൂടുതലായതിനാല്‍ പലര്‍ക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര കഴിയാതെ പോവുന്നു. അതേസമയം, കുറഞ്ഞ ചെലവില്‍ ജോര്‍ജിയയിലേക്കുള്ള യാത്രാ പാക്കേജ് കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതാണെന്നും മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇത്തവണത്തെ ഈദ് ആഘോഷം ചെലവിടാനായി ഖത്തറികളും പ്രവാസികളും കൂടുതലും തിരഞ്ഞെടുത്തത് ജോര്‍ജിയയാണ്. അഞ്ച് ദിവസത്തെ പാക്കേജാണ് കൂടുതല്‍ പേരും ബുക്ക് ചെയ്തത്. ജൂണ്‍ ആദ്യം തന്നെ ജോര്‍ജിയ യാത്രക്കുള്ള ആവശ്യക്കാര്‍ ധാരാളമായിരുന്നു. അടുത്തിടെ ഖത്തറില്‍ നിന്നു ജോര്‍ജിയയിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടെന്ന് ഫ്ളൈ ദുബായ് ഉദ്യോഗസ്ഥരും അഭിപ്രായപ്പെടുന്നു. ചെലവ് കുറവാണെന്ന് മാത്രമല്ല, യാത്രാ സമയം നാല് മണിക്കൂര്‍ മതിയെന്നതും ജോര്‍ജിയയിലേക്കുള്ള യാത്രക്കാരുടെ എണ്ണം കൂടാന്‍ കാരണമാവുന്നു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.