|    Dec 11 Mon, 2017 5:05 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ജോര്‍ജിനെ അയോഗ്യനാക്കി

Published : 14th November 2015 | Posted By: SMR

തിരുവനന്തപുരം: കൂറുമാറ്റ നിരോധന നിയമപ്രകാരം പി സി ജോര്‍ജിനെ നിയമസഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കി. 2015 ജൂണ്‍ 3 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് പൂഞ്ഞാര്‍ എംഎല്‍എയായ ജോര്‍ജിനെതിരായ നടപടി.
ജോര്‍ജ് നല്‍കിയ രാജി സ്പീക്കര്‍ സ്വീകരിച്ചില്ല. ജോര്‍ജിന്റെ നടപടികളില്‍ നിന്നു സ്വമേധയാ കേരളാ കോണ്‍ഗ്രസ് അംഗത്വം ഒഴിഞ്ഞുവെന്നു വ്യക്തമായ സാഹചര്യത്തിലാണ് അയോഗ്യനാക്കുന്നതെന്ന് ഉത്തരവില്‍ സ്പീക്കര്‍ എന്‍ ശക്തന്‍ വ്യക്തമാക്കി. 13ാം കേരള നിയമസഭയുടെ കാലാവധി പൂര്‍ത്തിയാകും വരെയാണ് അയോഗ്യത. എന്നാല്‍, നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനു തടസ്സമുണ്ടാവില്ല. ഒരംഗം സ്വമേധയാ പാര്‍ട്ടി അംഗത്വം ഉപേക്ഷിച്ചാല്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 191 (2) പത്താം ഷെഡ്യൂള്‍ പാരഗ്രാഫ് 2(1)(എ) പ്രകാരം ആ ദിവസം മുതല്‍ അയോഗ്യതയുണ്ടാകുമെന്ന് സ്പീക്കര്‍ എന്‍ ശക്തന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പരാതിയില്‍ തീര്‍പ്പു കല്‍പിക്കുമെന്നു പ്രഖ്യാപിച്ച ദിവസത്തിന്റെ തൊട്ടുതലേന്ന് അദ്ദേഹം നല്‍കിയ രാജി സ്വീകരിക്കുന്നതു ശരിയല്ലെന്ന് സ്പീക്കര്‍ പറഞ്ഞു.
അയോഗ്യനാക്കുന്നതിന് നാലു പ്രധാന കാരണങ്ങളാണ് കണ്ടെത്തിയത്. കേരളാ കോണ്‍ഗ്രസ്-എം സ്ഥാനാര്‍ഥിയായി മല്‍സരിച്ച് ജയിച്ച പി സി ജോര്‍ജ് പാര്‍ട്ടിയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 2015 ഏപ്രില്‍ 17നു കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന് കത്തയച്ചതാണ് ഒന്ന്. ഇതേ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയില്‍ പാര്‍ട്ടിയെയും പാര്‍ട്ടി ചെയര്‍മാനെയും പ്രതിയാക്കി ക്വോ-വാറന്റ് റിട്ട് നല്‍കി. തുടര്‍ന്ന് കേരളാ കോണ്‍ഗ്രസ്-എമ്മിലോ യുഡിഎഫിന്റെ ഏതെങ്കിലും കക്ഷിയിലോ ഉള്‍പ്പെടുന്നില്ലെന്നും തന്റെ പാര്‍ട്ടിയായ കേരളാ കോണ്‍ഗ്രസ് സെക്കുലര്‍ പുനരുജ്ജീവിപ്പിച്ചെന്നും അതിനാല്‍ നിയമസഭയിലെ വോട്ടെടുപ്പില്‍ നിന്നു വിട്ടുനില്‍ക്കാനോ യുഡിഎഫിനെതിരേ വോട്ട് ചെയ്യാനോ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കത്തു നല്‍കി. അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ പി സി ജോര്‍ജ് പ്രസിഡന്റായ എസിഡിഎഫ് എന്ന സംഘടനയെ പ്രതിനിധീകരിച്ച് കെ ദാസ് എന്നയാളെ സ്ഥാനാര്‍ഥിയാക്കി വിജയത്തിനായി പ്രവര്‍ത്തിച്ചു.
ഇക്കാര്യങ്ങള്‍ തെളിയിക്കുന്നത് പി സി ജോര്‍ജ് കേരളാ കോണ്‍ഗ്രസ് അംഗത്വം സ്വമേധയാ ഉപേക്ഷിച്ചെന്നാണ്. മുന്‍കാല പ്രാബല്യത്തോടെയാണ് അയോഗ്യത പ്രഖ്യാപിച്ചതെങ്കിലും ആ കാലയളവില്‍ ജോര്‍ജ് കൈപ്പറ്റിയ ആനുകൂല്യങ്ങള്‍ തിരിച്ചുപിടിക്കില്ലെന്നും സ്പീക്കര്‍ പറഞ്ഞു.
2015 ജൂലൈ 21നാണ് ജോര്‍ജിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് നേതാവ് തോമസ് ഉണ്ണിയാടന്‍ പരാതി നല്‍കിയത്. പരാതിയില്‍ വിശദമായ വാദം കേട്ടിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍, എംഎല്‍എമാരായ ടി എന്‍ പ്രതാപന്‍, വി ഡി സതീശന്‍, വി എസ് സുനില്‍കുമാര്‍, എ പ്രദീപ്കുമാര്‍, നിയമസഭാ സെക്രട്ടറി പി ശാര്‍ങധരന്‍ തുടങ്ങിയവരെ സാക്ഷികളായി വിസ്തരിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക