|    Jan 22 Sun, 2017 11:42 pm
FLASH NEWS

ജോയ്‌സ് ജോര്‍ജ് എംപി ഉള്‍പ്പെട്ട വിവാദ കൊട്ടക്കാമ്പൂര്‍ ഭൂമി ഇടപാട്; പ്രധാന ഫയലുകളും രജിസ്റ്ററുകളും കാണാനില്ലെന്ന് പോലിസ്

Published : 24th August 2016 | Posted By: SMR

സി  എ  സജീവന്‍

തൊടുപുഴ: ജോയ്‌സ് ജോര്‍ജ് എംപിയും കുടുംബാംഗങ്ങളും ഉള്‍പ്പെട്ട കൊട്ടക്കാമ്പൂരിലെ വിവാദ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട പ്രധാന ഫയലുകളും രജിസ്റ്ററുകളും കാണാനില്ലെന്ന് പോലിസ് റിപോര്‍ട്ട്. ഭൂമി ഇടപാട് സംബന്ധിച്ച് അന്വേഷിക്കുന്ന മൂന്നാര്‍ എഎസ്പി മെറിന്‍ ജോസഫിനു വേണ്ടി സീനിയര്‍ ഗവ. പ്ലീഡര്‍ പി നാരായണന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപോര്‍ട്ടിലാണ് ഈ വിവരം. ഹൈക്കോടതി നിയോഗിച്ച അന്വേഷണ സംഘത്തിന്റെ മേധാവിയാണ് മെറിന്‍ ജോസഫ്.
വിവാദ ഭൂമിയുടെ തണ്ടപ്പേര്‍ സംബന്ധിച്ച നമ്പര്‍ ഒന്ന്, രണ്ട് രജിസ്റ്ററുകളും അനുബന്ധ രേഖകളുമാണ് താലൂക്ക് ഓഫിസില്‍ നിന്ന് കാണാതായതെന്ന് റിപോര്‍ട്ടില്‍ പറയുന്നു. ആരാണ് ഫയലുകളും രേഖകളും നഷ്ടപ്പെടുത്തിയതെന്നു കണ്ടെത്താന്‍ വിശദമായ അന്വേഷണം വേണം. രേഖകള്‍ കണ്ടെത്താന്‍ ഇടുക്കിയിലെ വിജിലന്‍സ്, സാമ്പത്തിക കുറ്റകൃത്യ വിഭാഗം, ക്രൈംബ്രാഞ്ച്, സംഘടിത കുറ്റകൃത്യ വിഭാഗം എന്നിവരുമായി ബന്ധപ്പെട്ടെങ്കിലും അവരുടെ പക്കലും ലഭ്യമല്ലെന്ന വിവരമാണ് ലഭിച്ചത്.
വിവാദ ഭൂമിയുടെ റീസര്‍വേ സമയത്തെ ഉടമസ്ഥരുടെ വിശദാംശങ്ങളടങ്ങിയ രേഖകള്‍ക്കായി തിരുവനന്തപുരം റീസര്‍വേ ഓഫിസുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍, കൊട്ടക്കാമ്പൂര്‍ വില്ലേജിലെ രജിസ്റ്ററുകള്‍ അവിടെ കാണാനില്ലെന്നു റീസര്‍വേ അസി. ഡയറക്ടര്‍ അറിയിച്ചു. ഭൂവുടമാവകാശം തെളിയിക്കുന്ന രേഖകള്‍ അവരുടെ പക്കലുമില്ലെന്ന് ദേവികുളം തഹസില്‍ദാറും അറിയിച്ചിട്ടുണ്ട്. കൊട്ടക്കാമ്പൂരിലെ ഭൂമിയുമായി ബന്ധപ്പെട്ട് അവിടെയുണ്ടായിരുന്ന ഫയലുകള്‍ ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം ദേവികുളം ആര്‍ഡിഒക്ക് കൈമാറിയതായും തഹസില്‍ദാര്‍ പ്രതികരിച്ചു.
ഭൂമി സംബന്ധിച്ച രേഖകളും വ്യക്തതയും ആവശ്യപ്പെട്ട് തഹസില്‍ദാര്‍ക്കും വനംവകുപ്പിനും കത്ത് നല്‍കിയിരുന്നെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്ന് റിപോര്‍ട്ടില്‍ പറയുന്നു. നിലവില്‍ ലഭ്യമായ ഫയല്‍ രേഖകളെക്കുറിച്ച് ഫോറന്‍സിക് പരിശോധനകള്‍ നടന്നുവരുകയാണ്. ഇതു ലഭിച്ചതിനു ശേഷമേ കേസില്‍ തുടരന്വേഷണം നടത്താനാവൂ. വിരലടയാളം, രേഖകളിലെ കൈയക്ഷരങ്ങള്‍, ജാതി സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവയെല്ലാം പരിശോധിച്ച ശേഷമാവും നിയമപരമായാണോ ഭൂമിക്കൈമാറ്റം നടത്തിയിട്ടുള്ളതെന്നു വ്യക്തമാവൂ എന്നും റിപോര്‍ട്ടില്‍ പറയുന്നു.
പട്ടികവര്‍ഗക്കാരായ നാലു പേരുടേതെന്ന പേരില്‍ വ്യാജ മുക്ത്യാര്‍ മുഖേന 25 ഏക്കര്‍ ഭൂമി കൈവശപ്പെടുത്തിയെന്നാണ് എംപിക്കെതിരായ കേസ്. ഇതുമായി ബന്ധപ്പെട്ട് മൂന്നു ഹരജികള്‍ ഹൈക്കോടതിയിലുണ്ട്. ഇവ മൂന്നും ഒന്നിച്ചാവും ഇനി വാദം കേള്‍ക്കുക.
കേസുമായി ബന്ധപ്പെട്ട് ജോയ്‌സ് ജോര്‍ജ് എംപിയുടെ പിതാവ് പാലിയത്ത് ജോര്‍ജിനെ ചോദ്യം ചെയ്തിരുന്നു. 1995ല്‍ അഞ്ച് ഏക്കര്‍ പട്ടയഭൂമി കൊട്ടക്കാമ്പൂരില്‍ ഉണ്ടായിരുന്നതായി ഇദ്ദേഹം മൊഴി നല്‍കി. പിന്നീട് അയല്‍ക്കാരായ എട്ടു പേരില്‍ നിന്നു നാല് ഏക്കര്‍ വീതം ഏക്കറിന് 30,000 രൂപ വീതം നല്‍കി വാങ്ങി. അപ്പോള്‍ ആ ഭൂമിക്ക് പട്ടയമില്ലായിരുന്നു. പട്ടയം ലഭിക്കുമ്പോള്‍ തിരികെ നല്‍കണമെന്ന വ്യവസ്ഥയോടെയായിരുന്നു ഭൂമിക്കൈമാറ്റം. 2001ല്‍ അവര്‍ക്ക് പട്ടയം ലഭിച്ചു. തുടര്‍ന്ന് ഭൂമിക്ക് ഏക്കറിന് 50,000 രൂപ പ്രകാരം വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ആ തുകയും നല്‍കി. തുടര്‍ന്ന് മുക്ത്യാര്‍ (പവര്‍ ഓഫ് അറ്റോര്‍ണി) മുഖേന ഭൂമി കൈമാറി. 2005ല്‍ ഈ ഭൂമി ഭാര്യക്കും മക്കള്‍ക്കും ബന്ധുക്കള്‍ക്കും കൈമാറിയെന്നുമാണ് ഇദ്ദേഹത്തിന്റെ മൊഴിയെന്നും പോലിസ് റിപോര്‍ട്ടില്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക