|    Feb 23 Thu, 2017 11:13 am
FLASH NEWS

ജോനകപ്പുറം സംഘര്‍ഷം ; സര്‍വ കക്ഷിയോഗം ചേര്‍ന്നു; നിരോധനാജ്ഞ പിന്‍വലിക്കും

Published : 26th October 2016 | Posted By: SMR

കൊല്ലം: ജോനകപ്പുറം,മുതാക്കര, പോര്‍ട്ട് കൊല്ലം മേഖലകളില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിക്കാന്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന സര്‍വകക്ഷി സമാധാന യോഗത്തില്‍ ധാരണയായി. തൊഴിലാളികള്‍ക്ക് സ്വതന്ത്രമായി മല്‍സ്യബന്ധനത്തിലേര്‍പ്പെടുന്നതിന് യാതൊരുവിധ തടസ്സങ്ങളുമുണ്ടാവില്ലെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. തീരദേശത്ത് സമാധാനം പുലരുന്നതിന് എല്ലാവരുടെയും സഹകരണം ഉണ്ടാവണം. അക്രമത്തിനെതിരായി നിലപാട് സ്വീകരിച്ച സമുദായ നേതാക്കളെയും വിവിധ രാഷ്ട്രീയ ട്രേഡ് യൂനിയന്‍ പ്രസ്ഥാനങ്ങളെയും മന്ത്രി അഭിനന്ദിച്ചു.   ചെറിയൊരു തൊഴില്‍ പ്രശ്‌നത്തില്‍ നിന്നാണ് സമുദായ മൈത്രി തകര്‍ക്കുന്ന സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ മാറിമറിഞ്ഞതെന്ന് യോഗം വിലയിരുത്തി. ഹാര്‍ബറിലെ വള്ളങ്ങളുടെ സമയക്രമവും അനുബന്ധ തൊഴില്‍ പ്രശ്‌നങ്ങളും പരിശോധിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെയും മല്‍സ്യഫെഡ് മാനേജരെയും മന്ത്രി ചുമതലപ്പെടുത്തി. സ്വകാര്യ വ്യക്തികളുടെ ലേലവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന വിഷയങ്ങളും പരിശോധിക്കും. സഹകരണ സംഘങ്ങളുടെ ഭാഗമായി ഇത്തരം ലേലക്കാരെയും മാറ്റിയെടുക്കുന്നതിന് തീരുമാനമുണ്ടാവും. മല്‍സ്യബന്ധനം, വിപണനം, അനുബന്ധ തൊഴിലുകള്‍ എന്നിവയുടെ ഭാഗമല്ലാതെ ഹാര്‍ബറില്‍ ഇടപെടുന്നവരെ ട്രേഡ് യൂനിയനുകളുടെ സഹകരണത്തോടെ ഒഴിവാക്കും. സ്‌റ്റോര്‍ വള്ളങ്ങളിലെ മല്‍സ്യത്തിന്റെ ഗുണനിലവാരം സംബന്ധിച്ച പരാതിയും ഐസിലെ അമോണിയയുടെ ആധിക്യവും സംബന്ധിച്ച് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ കര്‍ശന പരിശോധന ഉണ്ടാവും. കുറ്റവാളികള്‍ക്കെതിരേ പോലിസ് നടപടിക്ക് സഹായകരമായ സാഹചര്യം വിവിധ കക്ഷിസമുദായ നേതാക്കള്‍ ഒരുക്കും. പോലിസിന് ലഭിച്ച വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് ആയുധധാരികളെയും ആക്രമണം നടത്തിയവരെയുമാണ് പ്രതികളാക്കുന്നത്. നിരപരാധികളെ ഒരു കാരണവശാലും കേസില്‍ പെടുത്തുന്ന സ്ഥിതി ഉണ്ടാവില്ല. നേരത്തേ അറസ്റ്റു ചെയ്തവരില്‍ നിന്നും അഞ്ചു പേരെ നിരപരാധികളെന്ന് കണ്ട് വിട്ടയച്ചതായി പോലിസ് യോഗത്തില്‍ അറിയിച്ചു.എം മുകേഷ് എം എല്‍ എ, എം നൗഷാദ് എം എല്‍ എ, മേയര്‍ വി രാജേന്ദ്രബാബു, ജില്ലാ കലക്ടര്‍ ടി മിത്ര, സിറ്റി പോലിസ് കമ്മീഷണര്‍ എസ് സതീഷ് ബിനോ, ആര്‍ ഡി ഒ വി രാജചന്ദ്രന്‍, എ സി പിമാരായ ജോര്‍ജ് കോശി, റക്‌സ് ബോബി അര്‍വിന്‍, ജോനകപ്പുറം വലിയപള്ളി ഇമാം കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, ഫാ.രാജേഷ് മാര്‍ട്ടിന്‍, നഗരസഭാ കൗണ്‍സിലര്‍ എ കെ ഹഫീസ്, എ എം ഇക്ബാല്‍, ജോര്‍ജ് ഡി കാട്ടില്‍, എച്ച് ബേസില്‍ലാല്‍,  എന്‍ എസ് വിജയന്‍, അഗസ്റ്റിന്‍ ലോറന്‍സ്, ബിജു ലൂക്കോസ്, റോബിന്‍, ആന്‍ഡ്രൂസ്, ആംബ്രോസ്, റിയാസ്, ക്രിസ്റ്റഫര്‍, എസ് നാസറുദ്ദീന്‍  സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 30 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക