|    Apr 24 Mon, 2017 10:35 pm
FLASH NEWS

ജോനകപ്പുറം സംഘര്‍ഷം ആസൂത്രിതമെന്ന് സൂചന

Published : 22nd October 2016 | Posted By: SMR

കൊല്ലം:  ഇന്നലെ ജോനകപ്പുറം കടപ്പുറത്തുണ്ടായ സംഘര്‍ഷം ആസൂത്രിതമെന്ന് സൂചന. ആക്രമണ രീതികളും പരിക്കേറ്റവരില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളും ഇത് സാധൂകരിക്കുന്നതാണ്. ഉച്ചയോടെയാണ് ഒരു സ്‌റ്റോറേജ് വള്ളം ഹാര്‍ബറിലെത്തുന്നത്. ഇത് വിലക്കിയതോടെയാണ് ഇന്നലത്തെ പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ആദ്യം നിസാരമായുണ്ടായ വാക്കേറ്റം നിമിശ നേരം കൊണ്ടാണ് കലാപമായി മാറിയത്. വാക്കേറ്റം നടക്കുന്നതിനിടെ സെക്കന്‍ഡുകള്‍ക്കുള്ളില്‍ പള്ളിത്തോട്ടം, പോര്‍ട്ട്, മുതാക്കര എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ എത്തപ്പെട്ടു. തുടര്‍ന്നാണ് വാക്കേറ്റം സംഘര്‍ഷത്തിലേക്ക് വഴിമാറിയത്. മൂന്നുഭാഗത്തുനിന്നും ആള്‍ക്കാര്‍ സംഘടിച്ചതോടെ ജോനകപ്പുറം പ്രദേശം ഒറ്റപ്പെട്ടു. എത്തിയവരിലെല്ലാം ആയുധങ്ങളുമുണ്ടായിരുന്നു. കമ്പിവടികള്‍, കുപ്പികള്‍ എന്നിവയെല്ലാം സംഘത്തിന്റെ പക്കലുണ്ടായിരുന്നു. ആയുധങ്ങള്‍ നേരത്തെ തന്നെ ശേഖരിച്ചുവച്ചിരുന്നതായാണ് ലഭിക്കുന്ന വിവരം. ജോനകപ്പുറം ചന്ദനഴികത്ത് സിയാറുദ്ദീന്‍(37), കളുത്തുവിളാകം പുരയിടത്തില്‍ മുഹമ്മദ് ഹുസൈന്‍(69), എ ആര്‍ ക്യാംപിലെ പോലിസുകാരനായ ദീപു(38)എന്നിവരാണ് പരിക്കേറ്റ് ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. പ്രദേശവാസിയായ മുഹമ്മദ് ഹൂസൈന് കല്ലേറിലാണ് പരിക്കേറ്റത്. ഇദ്ദേഹം വഴിയില്‍ കിടക്കുന്നത് കണ്ട് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് പോര്‍ട്ടിലെ തൊഴിലാളിയായ സിയാറുദ്ദീന് മര്‍ദ്ദനമേറ്റത്. വഴിയില്‍ തടഞ്ഞുനിര്‍ത്തി ഇദ്ദേഹത്തെ മാരകമായി ആക്രമിക്കുകയായിരുന്നു. കല്ലേറിലാണ് പോലിസുകാരനായ ദീപുവിന് പരിക്കേറ്റത്. സംഘര്‍ഷം തടയുന്നതിന് സ്ഥലത്ത് കാര്യമായ പോലിസ് കാവലുണ്ടായിരുന്നില്ല. ഇതാണ് സംഘര്‍ഷം വ്യാപിക്കുന്നതിന് ഇടയാക്കിയത്.മുതാക്കരയില്‍ നിന്ന് തുടങ്ങിയ സംഘര്‍ഷം ജോനകപ്പുറം വലിയ പള്ളിക്ക് അടുത്ത് വരെ നീണ്ടു. ജോനകപ്പുറത്തെ പലരും കടപ്പുറത്ത് നടക്കുന്ന സംഘര്‍ഷം അറിഞ്ഞിരുന്നില്ല. വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായപ്പോഴാണ് സംഘര്‍ഷത്തിന്റെ കാഠിന്യം പലര്‍ക്കും വ്യക്തമായത്.  ആദ്യമെത്തിയ പോലിസുകാര്‍ക്ക് മിക്കവര്‍ക്കും കല്ലേറില്‍ പരിക്കുണ്ട്. ജോനകപ്പുറം മേഖലയില്‍ വീടുകളും 30ഓളം വാഹനങ്ങളും ആക്രമണത്തില്‍ തകര്‍ന്നതായാണ് വിവരം. പല തവണ കണ്ണീര്‍വാതകം പ്രയോഗിക്കുകയും പ്രദേശത്തേക്കുള്ള എല്ലാ വഴികളും പോലിസ് കൈയടക്കുകയും ചെയ്തതോടെയാണ് വൈകീട്ട് ആറോടെ സംഘര്‍ഷം നിയന്ത്രണവിധേയമാക്കാനായത്.അതേസമയം, പോലിസുകാര്‍ക്ക് നേരെ ആക്രമണമുണ്ടായതിന്റെ പശ്ചാത്തലത്തില്‍ പോലിസുകാര്‍ക്ക് പ്രതികളെ പിടിക്കാനെന്ന പേരില്‍ പല വീടുകളിലും ആക്രമണം നടത്തിയതായും ആരോപണമുണ്ട്. കൂടാതെ വീടുകളിലുണ്ടായിരുന്ന നിരപരാധികളായ പലരേയും പോലിസ് കസ്റ്റഡിയിലെടുത്തതായും ആക്ഷേപമുണ്ട്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day