|    Jul 22 Sat, 2017 12:20 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ജൈവ വൈവിധ്യ നിയമം; സംസ്ഥാനങ്ങള്‍ക്ക് ഹരിത കോടതി വാറന്റ്

Published : 19th August 2016 | Posted By: SMR

ന്യൂഡല്‍ഹി: ജൈവ വൈവിധ്യ സംരക്ഷണം സംബന്ധിച്ച കേസില്‍ നിരവധി സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഉദ്യോഗസ്ഥര്‍ ഹാജരാവാത്തതില്‍ ദേശീയ ഹരിത കോടതിക്ക് കടുത്ത എതിര്‍പ്പ്. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും റസിഡന്റ് കമ്മീഷണര്‍മാര്‍ക്കെതിരേ കോടതി ജാമ്യമെടുക്കാവുന്ന വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ സവിശേഷമായ ജൈവ വൈവിധ്യം ശ്രദ്ധിക്കുന്നതില്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പരാജയപ്പെട്ടന്നാരോപിച്ചും ജൈവ വൈവിധ്യ നിയമത്തിലെ വകുപ്പുകള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടും സമര്‍പിച്ച ഹരജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.
ഗുജറാത്ത്, കര്‍ണാടക, മണിപ്പൂര്‍, മിസോറാം, ഒഡീഷ, പഞ്ചാബ്, ത്രിപുര, ചണ്ഡീഗഡ്, ആന്തമാന്‍-നിക്കോബാര്‍, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളിലെ റസിഡന്റ് കമ്മീഷണര്‍മാര്‍ക്കാണ് ഹരിതകോടതി ചെയര്‍മാന്‍ ജസ്റ്റിസ് സ്വതന്തര്‍ കുമാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വാറന്റയച്ചത്. കോടതി നോട്ടീസയച്ചിട്ടും ഇവര്‍ ഹാജരായിരുന്നില്ല. പൂനെ സ്വദേശി ചന്ദ്രബാല്‍ സിങാണ് കോടതിയില്‍ ഹരജി നല്‍കിയത്. കേസില്‍ സപ്തംബര്‍ 29ന് തുടര്‍വാദം കേള്‍ക്കും.
പരിസ്ഥിതി-വനമന്ത്രാലയം, ദേശീയ ജൈവ വൈവിധ്യ അതോറിറ്റി, സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡുകള്‍ എന്നിവയ്ക്ക് കോടതി നേരത്തേ നോട്ടീസയച്ചിരുന്നു.
2002ലെ ജൈവ വൈവിധ്യ നിയമമനുസരിച്ച് പ്രാദേശികതലത്തില്‍ ജൈവ വൈവിധ്യ പരിപാലന സമിതികള്‍ രൂപീകരിക്കേണ്ടതുണ്ടെന്ന് ഹരജിക്കാരന്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക