|    Nov 19 Sun, 2017 3:57 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ജൈവ പച്ചക്കറികളിലും പഴങ്ങളിലും കീടനാശിനി ; നടപടിയെന്ന് മന്ത്രി

Published : 13th August 2017 | Posted By: fsq

 

തിരുവനന്തപുരം: സംസ്ഥാനത്തെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വിറ്റഴിക്കുന്ന ജൈവ പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും കീടനാശിനിയുടെ സാന്നിധ്യം ക്രമാതീതമായ നിലയില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ കൃഷിവകുപ്പ് കര്‍ശന നടപടികളുമായി മുന്നോട്ട്. ഓര്‍ഗാനിക് പെസ്റ്റിസൈഡ്‌സ് എന്ന പേരില്‍ വില്‍പന നടത്തുന്ന കീടനാശിനികളിലും വളങ്ങളിലും രാസവസ്തുക്കള്‍ ഉണ്ടോയെന്ന് പരിശോധിക്കാനായി കാര്‍ഷിക സര്‍വകലാശാലയ്ക്ക് കൃഷിവകുപ്പ് നിര്‍ദേശം നല്‍കി. ഇത്തരം കാര്യങ്ങളില്‍ കര്‍ശനമായ നിയന്ത്രണങ്ങളും നിയമനടപടികളും കൃഷിവകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ വ്യക്തമാക്കി. കൃഷിവകുപ്പിന്റെ സര്‍ട്ടിഫിക്കറ്റില്ലാത്ത ഉല്‍പന്നങ്ങള്‍ ജൈവമെന്ന പേരില്‍ വില്‍ക്കാന്‍ പാടില്ലെന്ന് ഉത്തരവിറക്കുമെന്നും അദ്ദേഹം അറിയിച്ചു.ഹൈപ്പര്‍മാര്‍ക്കറ്റുകളിലും ഓര്‍ഗാനിക് ഷോപ്പുകളിലും ജൈവമെന്ന പേരില്‍ വില്‍ക്കുന്ന പഴങ്ങളിലും പച്ചക്കറികളിലും കീടനാശിനിയുടെ സാന്നിധ്യമുണ്ടെന്ന പഠന റിപോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലെ ഹൈപ്പര്‍മാര്‍ക്കറ്റ്, ഓര്‍ഗാനിക് ഷോപ്പുകള്‍ എന്നിവിടങ്ങളില്‍ നിന്നായി ശേഖരിച്ച പച്ചക്കറി-പഴവര്‍ഗ സാംപിളുകള്‍ തിരുവനന്തപുരം വെള്ളായണിയില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക സര്‍വകലാശാലയിലെ പെസ്റ്റിസൈഡ് റെസിഡ്യൂ ലാബില്‍ പരിശോധനയ്ക്കു വിധേയമാക്കിയപ്പോഴാണ് അപകടകാരികളായ കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയത്. അസറ്റാമിപ്രിഡ്, ക്ലോത്തിയാനിന്‍ഡിന്‍, ഇമിഡാക്ലോപ്രിഡ് ബുപ്രൊഫെസിന്‍, അസഫേറ്റ് എന്നീ കീടനാശിനികളുടെയും ടെബുകൊനാസോള്‍ ഉള്‍പ്പെടെയുള്ള രാസവസ്തുക്കളുടെയും സാന്നിധ്യമാണു കണ്ടെത്തിയത്.വിഷരഹിതമെന്ന പേരില്‍ വിറ്റഴിക്കുന്ന കാപ്‌സിക്കത്തില്‍ അഞ്ചിനം കീടനാശിനികളുടെയും രണ്ടിനം കുമിള്‍നാശിനികളുടെയും സാന്നിധ്യം കണ്ടെത്തി. മലയാളികള്‍ ഏറെ ഉപയോഗിക്കുന്ന ബജി മുളകില്‍ മൂന്നിനം കീടനാശിനികളാണ് കണ്ടെത്തിയത്. വിഷരഹിതമെന്ന് പ്രചാരണമുള്ള വിദേശത്തുനിന്നുള്ള റോയല്‍ ആപ്പിള്‍ഗാലയെന്ന ആപ്പിള്‍, റെഡ് ഗ്ലോബ് ഇനത്തിലെ മുന്തിരി, പ്ലം തുടങ്ങിയ പഴങ്ങളിലും കീടനാശിനികളുടെ സാന്നിധ്യം പ്രകടമായി. പാക്കറ്റില്‍ വില്‍ക്കുന്ന സാമ്പാര്‍ മുളക്, ചെറിയ ഉള്ളി എന്നിവയിലും കീടനാശിനികളുടെ അവശിഷ്ടം കണ്ടെത്തി. പരിശോധനയില്‍ കൂടുതല്‍ കീടനാശിനികള്‍ കണ്ടുവരുകയാണെന്ന് കാര്‍ഷിക സര്‍വകലാശാലയിലെ പരിശോധനാമേധാവി ഡോ. തോമസ് ബിജു മാത്യു പറഞ്ഞു. ഉല്‍പാദനരംഗത്ത് അശാസ്ത്രീയമായ നിലയിലും ക്രമാതീതമായ തോതിലും കീടനാശിനിപ്രയോഗം ഉണ്ടെന്നതില്‍ സംശയമില്ല. എവിടെനിന്നാണ് ഇത്തരം പച്ചക്കറികള്‍ വരുന്നതെന്ന് കണ്ടെത്താന്‍പോലും മാര്‍ഗമില്ല. ഏത് ഫാമില്‍ ഉല്‍പാദിപ്പിച്ചതാണെന്ന് ചോദിച്ചാല്‍ ഉപഭോക്താവിന് ഉത്തരം കിട്ടാറില്ലെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക