|    Jan 21 Sat, 2017 1:45 am
FLASH NEWS

ജൈവ കൃഷി കാലഘട്ടത്തിന്റെ ആവശ്യം: ശ്രീനിവാസന്‍

Published : 5th October 2016 | Posted By: Abbasali tf

പള്ളുരുത്തി: ഇടക്കൊച്ചി സര്‍വീസ് സഹകരണ ബാങ്ക് നടപ്പാക്കുന്ന ജൈവ പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം സിനിമ നടനും സംവിധായകനുമായ ശ്രീനിവാസന്‍ നിര്‍വഹിച്ചു. ജൈവകൃഷി ഈ കാലഘട്ടത്തില്‍ എല്ലായിടത്തും നടപ്പില്‍വരുത്തേണ്ടതാണ്. വിത്ത് നട്ടതുകൊണ്ടായില്ല. ദിവസേന അത് പരിപാലിക്കാനുള്ള സംവിധാനം ഉണ്ടാവണം. ഓരോ ദിവസവും കൃത്യനിഷ്ഠയോടുകൂടി ചെയ്യേണ്ട കാര്യമാണ്. കൂലി കൊടുത്ത് ചെയ്താല്‍ നഷ്ടമാണ്. മിക്കവാറും നമ്മള്‍ തന്നെ ചെയ്യുന്നതാണ് നല്ലതെന്ന് ഉദ്ഘാടനം ചെയ്ത് കൊണ്ട് ശ്രീനിവാസന്‍ പറഞ്ഞു. ഇതുപോലുള്ള നേതൃത്വത്തില്‍ വിഭാവനംചെയ്ത് കൃഷി നടപ്പാക്കിയാല്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിക്കും. ഒരോ വാര്‍ഡ് കൗണ്‍സിലര്‍മാരുടെയും നേതൃത്വത്തില്‍ നടപ്പാക്കാന്‍ പദ്ധതിക്ക് സാധിക്കണം. ഒരു വലിയ ആശുപത്രി വരുന്നത് വികസനമല്ല മറിച്ച് അധോഗതിയുടെ ചിഹ്നമാണ്. ഇതൊക്കെ കാണുമ്പോള്‍ സന്തോഷിക്കുകയല്ല പേടിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിദേശ രാജ്യങ്ങള്‍ തള്ളിയ ക്ലോറിനേഷനാണ് നമ്മള്‍ ഇപ്പോഴും കുടിവെള്ള ശുചീകരണത്തിന് ഉപയോഗിക്കുന്നത്. വെള്ളത്തിന് രാസമാലിന്യങ്ങള്‍ ക്ലോറിനേഷന്‍കൊണ്ട് ശുദ്ധീകരിക്കാനാവില്ല. 2012ലെ കണക്കനുസരിച്ച് 136,000 കിഡ്‌നി രോഗികള്‍ എറണാകുളം ജില്ലയില്‍ മാത്രം ഉണ്ട്. ആദ്യം നല്ല കുടിവെള്ളവും നല്ല ഭക്ഷ്യവസ്തുക്കളും നമുക്ക് ലഭ്യമാക്കാനാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രക്ഷോഭം ഉണ്ടാക്കേണ്ടത്. വളരെ അപകടംപിടിച്ച രീതിയിലേക്കാണ് നമ്മള്‍ പോവുന്നത്. അതുകൊണ്ടാണ് പുതിയ ആശുപത്രികള്‍ വരുന്നത്. ആലോപ്പതി മരുന്നുകള്‍ നമുക്ക് വലിയ പ്രശ്‌നമുണ്ടാക്കുന്നു. എല്ലാ മരുന്നുകളും പുഴയിലെറിഞ്ഞാല്‍ പുഴയിലെ മീനുകള്‍ ചാവും മനുഷ്യന്‍ രക്ഷപെടുമെന്നും അദ്ദേഹം പറഞ്ഞു. ഇതൊക്കെ പറയുമ്പോള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അസ്വസ്ഥത വരും. ഇപ്പോള്‍ നിരോധിക്കപ്പെട്ട മരുന്നുകള്‍ ഇതിനു മുമ്പും ആളുകള്‍ക്ക് കുറിച്ച് കൊടുത്തിരുന്നു. അന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ എവിടെയായിരുന്നു എന്നദ്ദേഹം ചോദിച്ചു. ഷൂ, വസ്ത്രം നമ്മള്‍ ബ്രാന്‍ഡ് നോക്കി വാങ്ങുമ്പോള്‍ നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തില്‍ ഒരു നോട്ടവുമില്ല. ശരിയായ ഭക്ഷണക്രമമനുസരിച്ച് നമ്മള്‍ പകുതി പഴവര്‍ഗങ്ങള്‍ ഉള്‍പെടുത്തണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുമ്പോള്‍ അവയ്ക്ക് നമ്മുടെ ജീവിതത്തില്‍ സ്ഥാനമേയില്ല. ജൈവ കൃഷി പദ്ധതി മനസ്സില്‍ തോന്നി അത് പ്രാവര്‍ത്തികമാക്കിയതിന് ബാങ്കിന്റെ എല്ലാ സാരഥികളേയും അദ്ദേഹം അഭിനന്ദിച്ചു. ബാങ്ക് പ്രസിഡന്റ് ജോണ്‍ റിബല്ലോ അധ്യക്ഷനായി. കൗണ്‍സിലര്‍മാരായ കെ ജെ ബെയ്‌സില്‍, ജലജമണി, പ്രതിഭ അന്‍സാരി, കൃഷി ഓഫിസര്‍ ആര്‍ രാമചന്ദ്രന്‍, അസി. രജിസ്ട്രാര്‍ ജ്യോതിപ്രസാദ്, ഫാം ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഡെപ്യൂട്ടി സെക്രട്ടറി റോസ് മേരി, ബെയ്‌സില്‍ മൈലന്തറ, എം എസ് ശോഭിതന്‍, കെ ജെ റോബര്‍ട്ട്, പി ഡി സുരേഷ്, കെ വി ലാസര്‍, ടി എന്‍ സുബ്രഹ്മണ്യന്‍, ബോര്‍ഡ് മെംബര്‍ കെ എസ് അമ്മിണിക്കുട്ടന്‍ സ്വാഗതവും ബാങ്ക് സെക്രട്ടറി പി ജെ ഫാന്‍സിസ് നന്ദിയും പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക