|    Jan 21 Sat, 2017 10:02 am
FLASH NEWS

ജൈവ കൃഷിയുടെ വിജയ മാതൃക പഠിപ്പിച്ച് നല്ല ഭക്ഷണ പ്രസ്ഥാനം

Published : 25th January 2016 | Posted By: SMR

ഫഖ്‌റുദ്ധീന്‍ പന്താവൂര്‍

പൊന്നാനി: ഇടശ്ശേരിയുടെ ‘കൂട്ടുകൃഷി ‘യുടെ നാട്ടില്‍ നിന്നിതാ ജൈവകൃഷിയുടെയും വിപണനത്തിന്റെയും വിജയ മാത്യക പഠിപ്പിച്ച് ഒരു കൂട്ടായ്മ.നല്ല ഭക്ഷണ പ്രസ്ഥാനവും അതിന്റെ നാട്ടു ചന്തയും. ആറ് വര്‍ഷമായി നല്ല ഭക്ഷണ പ്രസ്ഥാനം കര്‍ഷകരെ ബോധവല്‍ക്കരിച്ച് ഒപ്പം നടന്ന് ജൈവ കൃഷിയുടെ വിജയ സാധ്യതകള്‍ മനസിലാക്കിക്കൊടുത്ത് പുതിയ കാര്‍ഷിക സംസ്‌കാരം പകര്‍ന്ന് കൊടുത്തു.
അതിന് ശേഷമാണ് മാസത്തില്‍ രണ്ട് തവണ നാട്ടു ചന്ത ഒരുക്കി കൃഷി ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ സൗകര്യമൊരുക്കിയത്. ഇത് വിജയമായതോടെയാണ് കഴിഞ്ഞ ആഗസ്റ്റ് മുതല്‍ നാട്ടു ചന്ത ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. ദിവസവും വൈകിട്ട് മൂന്ന് മുതല്‍ 6.30 വരെയാണ് ചന്തയുടെ പ്രവര്‍ത്തന സമയം. ജൈവരീതിയില്‍ കൃഷി ചെയ്ത ഉല്‍പന്നങ്ങള്‍ മാത്രം വില്‍ക്കുന്ന ഈ നാട്ടുചന്തയുടെ വിജയം സംസ്ഥാനത്തിന് തന്നെ മാതൃകയാണ്.സംസ്ഥാനത്ത് വിവിധ കര്‍ഷക കൂട്ടായ്മകള്‍ പരാജയപ്പെടുന്നിടത്താണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നടത്തുന്ന ഈ ചന്ത വിജയക്കൊടി പാറിച്ചത് .
നല്ല ഭക്ഷണ പ്രസ്ഥാനത്തിന്റെ നാട്ടു ചന്തയിലേക്ക് ജില്ലക്ക് അകത്ത് നിന്നുംപുറത്തു നിന്നുമായി നിരവധി കര്‍ഷകരാണ് ജൈവ ഉല്‍പന്നങ്ങള്‍ നല്‍കുന്നത്. പച്ചക്കറി ഉല്‍പന്നങ്ങള്‍ മാത്രമല്ല ജൈവ രിതിയില്‍ കൃഷി ചെയ്ത പല വ്യജ്ഞനങ്ങളും ഇവിടെ ലഭിക്കും. വിഷം പുരളാത്ത പച്ചക്കറിയും അരിയും ലഭിക്കുമെന്നതിനാല്‍ ഇവിടെ ആവശ്യക്കാരും ഏറെയാണെന്ന് നല്ല ഭക്ഷണം പ്രസ്ഥാനത്തിന്റെ പ്രസിഡന്റ് ഡോ. സിജിന്‍ പറയുന്നു.ശരാശരി 6000 രൂപക്ക് മുകളില്‍ വിറ്റ് വരുമാനമുള്ള ഈ നാട്ടു ചന്ത നിരവധി കൂട്ടുകക്ഷികളാണ് പ്രോല്‍സാഹിപ്പിക്കുന്നത്.
നാട്ടു ചന്തയിലേക്ക് ആവശ്യമായ പച്ചക്കറി ഉല്‍പന്നങ്ങളുടെ കുറവിനെ തുടര്‍ന്ന് കോലൊളമ്പ് ആമയം ദ്വീപില്‍ ഒരേക്കര്‍ സ്ഥലത്ത് നേരിട്ട് കൃഷിയിറക്കി. മുഴുവന്‍ പച്ചക്കറിയുല്‍പന്നങ്ങളും ഇവിടെ കൃഷി ചെയ്യുന്നു. കഴിഞ്ഞ ദിവസമാണ് വിത്തിടല്‍ പൂര്‍ത്തിയാക്കിയത്.പൊന്നാനി താലൂക്കില്‍ വിവിധയിടങ്ങളിലായി 10 ഏക്കര്‍ സ്ഥലങ്ങളിലാണ് നല്ല ഭക്ഷണ പ്രസ്ഥാനത്തിന് വേണ്ടി കൃഷിയിറക്കിയത്.നേരത്തേ ജൈവരീതിയില്‍ കൃഷി ചെയ്ത പല വ്യജ്ഞനങ്ങള്‍ ഹൈദരാബാദ് 24 മന്ത്ര ‘ യില്‍ നിന്നാണ് വാങ്ങിയിരുന്നതെങ്കില്‍ ഇപ്പോഴത് സംസ്ഥാനത്തെ മികച്ച ജൈവ ഉല്‍പന്ന വിതരണക്കാരായ തിരുവനന്തപുരത്തെ ‘തണലില്‍ നിന്നാണ് വാങ്ങുന്നത്. സോഷ്യല്‍ മീഡിയ വഴിയും നല്ല ഭക്ഷണ പ്രസ്ഥാനത്തിന്റെ ഉല്‍പന്നങ്ങളിലേക്ക് ആളുകള്‍ അന്വേഷിച്ച് എത്തുന്നു. ചന്തയുടെ നടത്തിപ്പുകാരായ അമ്പിളി ടീച്ചറുടെയും ഗീത ടീച്ചറുടെയും നേതൃത്വത്തില്‍ എടപ്പാള്‍ ഗോവിന്ദ തിയേറ്ററിന് സമീപം മൂന്ന് ഏക്കറില്‍ വനിതാ കൃഷിക്കൂട്ടം വിജയകരമായി നടത്തുന്നുണ്ട്.
നിരവധി കുടുംബിനികളാണ് ഈ സംഘത്തില്‍ കൃഷിക്കാരായിട്ടുള്ളത്.പൊന്നാനിയുടെ വിവിധ പ്രദേശങ്ങള്‍ വേനല്‍ക്കാല കൃഷിക്ക് അനുയോജ്യമായതിനാല്‍ കൂടുതല്‍ കര്‍ഷകരെ കൃഷിയിലേക്ക് കൊണ്ട് വരാനാണ് നല്ല ഭക്ഷണ പ്രസ്ഥാനത്തിന്റെ തീരുമാനം. കുറഞ്ഞ നാളുകള്‍ കൊണ്ട് മൂന്ന് ലക്ഷം രൂപയുടെ പച്ചക്കറിയുല്‍പന്നങ്ങളാണ് കര്‍ഷകരില്‍ നിന്ന് നാട്ടു ചന്ത നേരിട്ട് സ്വീകരിച്ചത്. പണം റൊക്കം കിട്ടുമെന്നതിനാല്‍ കര്‍ഷകര്‍ക്ക് അത് അനുഗ്രഹമാവുകയാണ്. കൂട്ടുകൃഷിയുടെ നല്ല പാഠം രചിക്കുകയാണ് നല്ല ഭക്ഷണ പ്രസ്ഥാനം. പൊന്നാനി കുറ്റിക്കാടിലുള്ള പൊന്നാനി സര്‍വീസ് കോ ഓപ്പറേറ്റീവ് ബാങ്കുമായി സഹകരിച്ച് ബാങ്ക് കെട്ടിടത്തില്‍ കാര്‍ഷിക സംഭരണ കേന്ദ്രവും തുടങ്ങാനും ആലോചനയുണ്ട്.
പൊന്നാനി നഗരസഭ ഇതിനോട് സഹകരിച്ച് നഗരസഭയുടെ വിവിധയിടങ്ങളില്‍ ജൈവ കൃഷി വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു .അധ്യാപകരായ അമ്പിളി, അശോക് കുമാര്‍ , ഗീത , ശംഭു നമ്പൂതിരി , കെ എസ് ആര്‍ ടി സി കണ്ടക്ടറായ സുരേഷ് വെറ്റിലാന്റ്, ഡോ: സിജിന്‍, ഏഴൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഇബ്രാഹീം , ബിയ്യം എന്‍ ഐ ഇ ടി കോളേജ് മാനേജര്‍ രജീഷ് ഉപ്പാല , റിട്ടേര്‍ഡ് തഹസില്‍ ദാര്‍ എ രാജന്‍ , വി പി ഗംഗാധരന്‍ എന്നിവരാണ് ജോലിത്തിരക്കിനിടയിലും നല്ല ഭക്ഷണ പ്രസ്ഥാന കൂട്ടായ്മക്കും നാട്ടു ചന്തക്കും നേതൃത്വം നല്‍കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 112 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക