|    Oct 19 Thu, 2017 5:47 am
FLASH NEWS

ജൈവവളത്തെ ജിഎസ് ടിയില്‍ നിന്നൊഴിവാക്കണം : ജോയ്‌സ് ജോര്‍ജ്

Published : 2nd August 2017 | Posted By: fsq

 

ചെറുതോണി: സമീപകാലത്ത് കര്‍ഷകര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചു വരുന്ന ജൈവ വളത്തിനെ ജി എസ് ടി യുടെ പരിധിയില്‍ നിന്നും ഒഴിവാക്കണമെന്ന് അഡ്വ. ജോയ്‌സ് ജോ ര്‍ജ്ജ് എം പി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ 18% നികുതിയാണ് ജൈവ വളത്തിന് ഈടാക്കുന്നത്. ഒന്നുകില്‍ പൂര്‍ണമായും നികുതി ഒഴിവാക്കുകയോ, അല്ലെങ്കില്‍ 5% ല്‍ താഴെയായി നികുതി നിജപ്പെടുത്തുകയോ ചെയ്യണമെന്ന് എം പി ആവശ്യപ്പെട്ടു. 2017-18 വാര്‍ഷിക പദ്ധതിയിലേക്കുള്ള ഉപനധനാഭ്യര്‍ത്ഥന ചര്‍ച്ചകളില്‍ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു എം പി. കാര്‍ഷിക ഉല്‍പ്പന്നങ്ങളായ ഏലം, തേയില , കാപ്പി, റബ്ബര്‍ എന്നിവയ്ക്ക് പ്രത്യേക സബ്‌സിഡി അനുവദിക്കണമെന്നും, ടീബോര്‍ഡ്, റബ്ബര്‍ ബോര്‍ഡ്, കോഫി ബോര്‍ഡ്, ഏലം ബോര്‍ഡ് എന്നിവയ്ക്ക് കര്‍ഷകാനുകൂല്യങ്ങള്‍ നല്‍കുന്നതിനായി അധിക ഫണ്ട് നീക്കിവയ്ക്കണമെന്നും എം പി ആവശ്യപ്പെട്ടു. ഇന്ദിരാ ആവാസ് യോജനയില്‍ നിര്‍മ്മിക്കുന്ന (ഐ എ വൈ) വീടുകള്‍ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഇളവു വരുത്തണമെന്നും, അര്‍ഹരായവര്‍ക്ക് കൂടുതല്‍ വീടുകള്‍ നിര്‍മ്മിച്ച് നല്‍കാന്‍ കൂടുതല്‍ തുക വകയിരുത്തണമെന്നും എം പി പറഞ്ഞു. ഇടുക്കിയിലെ കര്‍ഷക ആത്മഹത്യകള്‍ തടയുന്നതിനും, കാര്‍ഷിക മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനുമായി 2009 ല്‍ സ്വാമി നാഥന്‍ കമ്മീഷന്റെ ശുപാര്‍ശയെ തുടര്‍ന്ന് അനുവദിച്ച ഇടുക്കി പാക്കേജ് പുനരുജ്ജീവിപ്പിക്കണമെന്നും എം പി ആവശ്യപ്പെട്ടു. രാജ്യത്താകെ കര്‍ഷക ആത്മഹത്യകളും, കാര്‍ഷിക പ്രതിസന്ധിയും വര്‍ദ്ധിച്ചു വന്നുകൊണ്ടിരിക്കെ ഇടുക്കിയില്‍ ഇതാവര്‍ത്തിക്കാതിരിക്കാന്‍ മുന്‍ കരുതല്‍ എന്ന നിലയില്‍ ഇടുക്കി പാക്കേജ് പുനപ്രഖ്യാപിക്കണമെന്നും ജോയ്‌സ് ജോര്‍ജ്ജ് എം പി ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക