|    Sep 24 Mon, 2018 7:13 am
FLASH NEWS

ജൈവകൃഷിയുമായി പുന്നപ്ര എംആര്‍എസ്

Published : 26th January 2017 | Posted By: fsq

 

ആലപ്പുഴ: നട്ടുനനച്ചു വളര്‍ത്തിയ പച്ചക്കറികളുടെ വിളവെടുക്കാനൊരുങ്ങുന്ന ആഹ്ലാദത്തിലാണ് പുന്നപ്ര ഡോ. ബി ആര്‍ അംബേദ്കര്‍ മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും. സ്‌കൂള്‍ കൃഷിയില്‍ ജില്ലയ്ക്കുതന്നെ മികച്ച മാതൃകയൊരുക്കി രണ്ടേക്കറിലധികം സ്ഥലത്താണ് ഇവിടെ ജൈവകൃഷിയിറക്കിയിരിക്കുന്നത്. വെണ്ട, പടവലം, തക്കാളി, വഴുതന, ചീര, പയര്‍, പച്ചമുളക്, പീച്ചിങ്ങ, മത്തങ്ങ, വെള്ളരി തുടങ്ങി സര്‍വവും സ്‌കൂള്‍ അങ്കണത്തില്‍ വിളഞ്ഞു. ആദ്യമായാണ് ഈ സ്‌കൂളില്‍ പച്ചക്കറി കൃഷിയിറക്കുന്നത്. പച്ചക്കറികള്‍ നനയ്ക്കുന്നതിന് ഡ്രിപ് ജലസേചന സൗകര്യങ്ങളടക്കം പട്ടികജാതിവികസന വകുപ്പ് ഒരുക്കി നല്‍കിയിട്ടുണ്ട്. കൃഷി വകുപ്പിന്റെ നിര്‍ദേശങ്ങളനുസരിച്ചാണ് ജൈവവളപ്രയോഗവും പരിപാലനവും. കീടങ്ങളെ നിയന്ത്രിക്കാന്‍ ജൈവകീടനാശിനികളാണ് ഉപയോഗിക്കുന്നത്. ഏത്തവാഴയടക്കം പലവിധത്തിലുള്ള വാഴയും കൃഷിചെയ്യുന്നു. നൂറു തെങ്ങിന്‍തൈകള്‍ നട്ടിട്ടുണ്ട്. 273 വിദ്യാര്‍ഥികളാണ് സ്‌കൂളിലുള്ളത്. വിദ്യാര്‍ഥികള്‍ ഉല്‍സാഹത്തോടെയാണ് കൃഷിയെ കാണുന്നതെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബിന്ദു നടേശ് പറയുന്നു. പ്രധാനാധ്യാപിക എന്‍ എസ് ലക്കിയും അധ്യാപകരും ജീവനക്കാരും വിദ്യാര്‍ഥികളുടെ കൃഷി അഭിരുചിക്ക് വളമേകുന്നു. വിദ്യാര്‍ഥികളുടെ ഹോസ്റ്റലിലെ മെസിലേക്കുള്ള ഭൂരിഭാഗം പച്ചക്കറികളും സ്‌കൂള്‍ വളപ്പില്‍ നിന്ന് ലഭിക്കും.വിളവെടുക്കുന്ന പച്ചക്കറി ഹോസ്റ്റല്‍ മെസിലേക്ക് എടുക്കുന്നതിനാല്‍ തല്‍കാലം വിപണിയിലെത്തില്ലെന്ന് സൂപ്രണ്ട് പി ഷീല പറഞ്ഞു. കൃഷി കൂടാതെ നക്ഷത്രവനം പദ്ധതിയിലൂടെ സ്‌കൂള്‍-ഹോസ്റ്റല്‍ അങ്കണങ്ങളില്‍ വ്യാപകമായി മരം വച്ചുപിടിപ്പിക്കാനുള്ള ഒരുക്കം തുടങ്ങി. ഔഷധസസ്യത്തോട്ടം ഒരുക്കുന്ന പദ്ധതിയും സ്‌കൂള്‍ തയാറാക്കിയിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ബയോഗ്യാസ് പ്ലാന്റും ജൈവ കമ്പോസ്റ്റ് സംവിധാനവുമൊക്കെ ഒരുക്കാനുള്ള ശ്രമവും ആരംഭിച്ചുകഴിഞ്ഞു.ഹരിതകേരളം മിഷന്റെ ഭാഗമായി കൃഷിയിറക്കിയ സ്‌കൂളുകളില്‍ ജില്ലയിലെ ആദ്യവിളവെടുപ്പാണെന്നതിനാല്‍ വിപുലമായ ഒരുക്കത്തിലാണ് സ്‌കൂള്‍. നാളെ ഉച്ചയ്ക്ക് 12.30ന് പൊതുമരാമത്ത്-രജിസ്‌ട്രേഷന്‍ മന്ത്രി ജി സുധാകരന്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്യും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss