|    Jun 23 Fri, 2017 12:23 pm
FLASH NEWS

ജൈവകര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ നേരിട്ട് വാങ്ങുന്നതിനുംവില്‍ക്കുന്നതിനും ഓപണ്‍ മാര്‍ക്കറ്റ്

Published : 9th November 2016 | Posted By: SMR

കൊച്ചി: ജൈവകര്‍ഷകരുടെ ഉത്പന്നങ്ങള്‍ നേരിട്ട് വാങ്ങുന്നതിനും വില്‍ക്കുന്നതിനുമായി എറണാകുളം ആലിന്‍ചുവട്ടില്‍ കര്‍ഷക ഓപണ്‍ മാര്‍ക്കറ്റ് തുറക്കുമെന്ന് തൊടുപുഴ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നകേരള അഗ്രികള്‍ച്ചറല്‍ ഡലപ്‌മെന്റ് സൊസൈറ്റി ഭാരവാഹികള്‍  അറിയിച്ചു. വെണ്ണല സഹകരണ ബാങ്കിന് സമീപം ആരംഭിക്കുന്ന മാര്‍ക്കറ്റ് 11ന് രാവിലെ 11 മണിക്ക് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. പി ടി തോമസ് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം പി ജെ ജോസഫ് എംഎല്‍എ നിര്‍വഹിക്കും. വിത്ത് ബാങ്കിന്റെ ഉദ്ഘാടനം ഹൈബി ഈഡന്‍ എംഎല്‍എയും അഗ്രോ ക്ലിനിക്കിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി മേയര്‍ ടി ജെ വിനോദും ആദ്യ വില്‍പ്പന തൊടുപുഴ നഗരസഭ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാറും നിര്‍വഹിക്കും. ജൈവ കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് സ്ഥിരമായ വിപണി ഉറപ്പുവരുത്തുകയാണ് ഓപ്പണ്‍ മാര്‍ക്കറ്റിന്റെ ലക്ഷ്യം. ജൈവ പച്ചക്കറികള്‍, നാടന്‍ പഴവര്‍ഗങ്ങള്‍, കിഴങ്ങ്, നാണ്യവിളകള്‍, വിത്തുകള്‍, നടീല്‍ വസ്തുക്കള്‍, നാടന്‍ പശുവിന്‍ പാല്‍, ആട്ടിന്‍ പാല്‍, നെയ്യ്, തൈര്, നീര ഉത്പന്നങ്ങള്‍, ജാതിക്ക ഉത്പന്നങ്ങള്‍, പ്രത്യേകം പാക്ക് ചെയ്ത ഇറച്ചി, നാടന്‍ മുട്ട, കുത്തരി,മറയൂര്‍ ശര്‍ക്കര തുടങ്ങിയവയെല്ലാം ഓപ്പണ്‍ മാര്‍ക്കറ്റില്‍ ലഭിക്കും. വിവിധ തരം കരിക്ക്, പപ്പായ തുടങ്ങിയവയുടെ വില്‍പനക്കായി പ്രത്യേക കൗണ്ടറുകളുണ്ടാകും. ഉല്‍പന്നത്തിന്റെ നിലവാരം ഉറപ്പു വരുത്തുന്നതിനും തുടര്‍ന്നുള്ള ആശയവിനിമയങ്ങള്‍ക്കുമായി ഓരോ ഉല്‍പന്നത്തിലും ഉത്പാദകന്റെ പേരും ഫോണ്‍ നമ്പരും പ്രദര്‍ശിപ്പിക്കും. സൊസൈറ്റി പ്രസിഡന്റ് ആന്റണി കണ്ടിരിക്കല്‍, ഭാരവാഹികളായ വി പി ജോര്‍ജ്, എം ഡി ഗോപിനാഥന്‍ നായര്‍, വി പി സുകുമാരന്‍, അലോഷി ജോസഫ്, ടോമി മാത്യു, മണി കൊട്ടാരത്തില്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക