|    Mar 28 Tue, 2017 4:05 am
FLASH NEWS

ജേക്കബ് തോമസ് സ്ഥാനമൊഴിയുന്നു;’ അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്ന് പ്രഖ്യാപനം

Published : 19th October 2016 | Posted By: SMR

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഒഴിയുന്നു. തന്നെ തല്‍സ്ഥാനത്തു നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയ്ക്ക് കത്തു നല്‍കി. വ്യക്തിപരമായ കാരണങ്ങളാല്‍ സ്ഥാനമൊഴിയുകയാണെന്ന് കത്തില്‍ വ്യക്തമാക്കുന്നു.
കത്ത് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയെന്നും തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണെന്നും ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കി. കത്തില്‍ മറ്റു വിശദീകരണങ്ങള്‍ ഒന്നുമില്ലെന്നാണ് സൂചന. ആഭ്യന്തര സെക്രട്ടറിക്ക് കത്തു കൈമാറിയെന്ന് ജേക്കബ് തോമസും സ്ഥിരീകരിച്ചു. വിജിലന്‍സ് ഡയറക്ടറുടെ സ്ഥാനമില്ലെങ്കിലും അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് തന്നെ തുരത്താന്‍ ശക്തമായ നീക്കങ്ങള്‍ നടക്കുന്നതായും തന്നെ തടയാന്‍ ആര്‍ക്കും സാധിക്കില്ലെന്നും കഴിഞ്ഞദിവസം തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന പരിപാടിയില്‍ അദ്ദേഹം പറഞ്ഞിരുന്നു. ഈ പ്രസ്താവനയ്ക്കു പിന്നാലെയാണ് അദ്ദേഹം സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചതെന്നതും ശ്രദ്ധേയമാണ്.
ബന്ധുനിയമനത്തില്‍ ഇ പി ജയരാജനെതിരേ പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ട് നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണു ജേക്കബ് തോമസിന്റെ അപ്രതീക്ഷിതമായ നീക്കം. ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരുന്ന 2009-13 കാലയളവില്‍ ഉപകരണങ്ങള്‍ വാങ്ങിയതിലും മറ്റും അഴിമതി നടന്നിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്നും ധനകാര്യ വകുപ്പ് ശുപാര്‍ശ ചെയ്തിരുന്നു. തുറമുഖ ഓഫിസുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചതില്‍ 52 ലക്ഷത്തിന്റെ നഷ്ടം വരുത്തിയെന്നും വൈദ്യുതോപകരണങ്ങള്‍ വാങ്ങിയതില്‍ ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയെന്നും റിപോര്‍ട്ടിലുണ്ട്. ഈ ക്രമക്കേടില്‍ ജേക്കബ് തോമസിനെതിരേ അച്ചടക്കനടപടിയെടുക്കണമെന്നുമുള്ള ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപോര്‍ട്ട് പുറത്തുവന്നതോടെ അദ്ദേഹത്തിനെതിരേ നടപടി സംബന്ധിച്ചും സര്‍ക്കാര്‍തലത്തില്‍ ആലോചന സജീവമായിരുന്നു. ഇതാണു സ്ഥാനമൊഴിയാന്‍ പ്രേരിപ്പിച്ചതെന്നാണു സൂചന. ഈ വിഷയം നിയമസഭയിലും പുറത്തും ഉന്നയിച്ച പ്രതിപക്ഷം ജേക്കബ് തോമസിനെ ശക്തമായി വിമര്‍ശിച്ചിരുന്നു. കൂട്ടിലെ തത്ത ക്ലിഫ് ഹൗസിനു ചുറ്റും പറന്നുനടക്കുന്നുവെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വിമര്‍ശനം.
ജേക്കബ് തോമസിന്റെ കീഴില്‍ നിഷ്പക്ഷ അന്വേഷണം നടക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരനും പ്രതികരിച്ചിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day