|    Jul 16 Mon, 2018 6:07 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ജേക്കബ് തോമസ് മാറേണ്ടെന്ന് സിപിഎം; സര്‍ക്കാരിനും സമാന നിലപാട്

Published : 20th October 2016 | Posted By: SMR

തിരുവനന്തപുരം: ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നു മാറേണ്ടെന്ന് സിപിഎം തീരുമാനം. ഡയറക്ടര്‍സ്ഥാനം ഒഴിയാനുള്ള കത്ത് സര്‍ക്കാരിനു നല്‍കിയ പശ്ചാത്തലത്തില്‍ ഇന്നലെ രാവിലെ എകെജി സെന്ററില്‍ ചേര്‍ന്ന അവൈലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തിലാണു തീരുമാനമെടുത്തത്. പാര്‍ട്ടിയുടെ തീരുമാനത്തിനു സമാനമാണ് സര്‍ക്കാരിന്റെ നിലപാട്.
ഇ പി ജയരാജനു നേരെ വിജിലന്‍സ് അന്വേഷണം നടക്കുന്നതിനിടയില്‍ ജേക്കബ് തോമസ് ഡയറക്ടര്‍സ്ഥാനത്തു നിന്നു മാറുന്നത് സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് കളങ്കമേല്‍പ്പിക്കുമെന്ന പൊതുവിലയിരുത്തലിനെത്തുടര്‍ന്നാണു പാര്‍ട്ടി സെക്രട്ടേറിയറ്റ് തീരുമാനമെടുത്തത്.
ആലപ്പുഴയില്‍ നടക്കുന്ന പുനപ്ര വയലാര്‍ വാര്‍ഷിക വാരാചരണത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാന്‍ കേരളത്തിലെത്തിയ സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിയുമായും കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും ഇതുസംബന്ധിച്ചു കൂടിയാലോചന നടത്തിയിരുന്നു. തുടര്‍ന്നാണ് എകെജി സെന്ററിലുണ്ടായിരുന്ന സെക്രട്ടേറിയറ്റംഗങ്ങള്‍ ചേര്‍ന്ന് ജേക്കബ് തോമസ് മാറേണ്ടെന്ന തീരുമാനമെടുത്തത്. വൈകീട്ട് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ജേക്കബ് തോമസിന്റെ കത്ത് ചര്‍ച്ചയായില്ലെന്നാണു വിവരം. ഇതുസംബന്ധിച്ചു തീരുമാനം മുഖ്യമന്ത്രി പിന്നീട് കൈക്കൊള്ളും.
ഡയറക്ടര്‍സ്ഥാനം ഒഴിയാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസമാണ് ജേക്കബ് തോമസ് ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്ക് കത്തുനല്‍കിയത്. കത്ത് ഇന്നലെ ക്ലിഫ്ഹൗസിലെത്തി നളിനി നെറ്റോ മുഖ്യമന്ത്രിക്കു കൈമാറുകയും ചെയ്തു. ഇനി സര്‍ക്കാരാണ് ഇതിലൊരു തീരുമാനമെടുക്കേണ്ടത്.
പാര്‍ട്ടി തീരുമാനമെടുത്ത സ്ഥിതിക്ക് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു തുടരണമെന്ന നിര്‍ദേശം ജേക്കബ് തോമസിനെ സര്‍ക്കാര്‍ രേഖാമൂലം ഉടനെ അറിയിക്കുമെന്നാണ് അറിയുന്നത്. തുടര്‍ന്നും തന്റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ സര്‍ക്കാരിനു പുതിയ വിജിലന്‍സ് ഡയറക്ടറെ കണ്ടെത്തേണ്ടിവരും. ഇതു കടുത്ത വെല്ലുവിളിയുമാവും.
മുഖ്യമന്ത്രി പ്രത്യേക താല്‍പര്യമെടുത്താണു ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് എല്‍ഡിഎഫ് അധികാരത്തിലെത്തിയ ഉടനെ അവരോധിച്ചത്. തുടര്‍ന്ന് ഇദ്ദേഹമെടുത്ത പല നടപടികളും പലരെയും അസ്വസ്ഥമാക്കിയിരുന്നു. ഇതിനിടെയാണു തുറമുഖവകുപ്പിലെ അഴിമതിയെ സംബന്ധിച്ച് ജേക്കബ് തോമസിന് നേരെ ആരോപണമുയര്‍ന്നത്. ഇതാണു സ്ഥാനമൊഴിയാനുള്ള തീരുമാനം പെട്ടെന്നെടുക്കാന്‍ ജേക്കബ് തോമസിനെ പ്രേരിപ്പിച്ചത്.
അതിനിടെ വിജിലന്‍സ് ഡയറക്ടര്‍ക്കു നേരെയുള്ള വിമര്‍ശനവും പരിഹാസവും പ്രതിപക്ഷം ഇന്നലെ നിയമസഭയിലും ആവര്‍ത്തിച്ചു. കൊടുങ്കാറ്റടിച്ചാലും മുന്നോട്ടുപോവുമെന്നു പറഞ്ഞയാള്‍ മന്ദമാരുതന്‍ അടിച്ചപ്പോള്‍ തന്നെ ഇളകിപ്പോയെന്നും, മുഖ്യമന്ത്രി നടത്തിയ ഇടപെടലാണോ ‘തത്ത’ പറന്നു പോവാന്‍ കാരണമായതെന്നും അദ്ദേഹം ചോദിച്ചു. ഒരു പദവിയിലും ആറുമാസത്തില്‍ കൂടുതല്‍ അടങ്ങിയിരിക്കാത്ത ആളാണ് ജേക്കബ് തോമസെന്ന പരിഹാസവും പ്രതിപക്ഷനേതാവ് നിയമസഭയില്‍ ഉന്നയിച്ചു.
നിലപാടിലുറച്ച് ജേക്കബ് തോമസ്
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം ഒഴിയുമെന്ന നിലപാടില്‍ ഉറച്ച് ജേക്കബ് തോമസ്. വിജിലന്‍സ് മേധാവി സ്ഥാനത്തുനിന്നുമാറ്റണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് കത്തു നല്‍കിയതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ ദിവസവും പുതിയ ആകാശവും പുതിയ ഭൂമിയുമാണ്. ഇന്നലത്തെ സത്യം ഇന്നത്തേതല്ലെന്നു താന്‍  മുമ്പും പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കൂടുതല്‍ ചോദ്യങ്ങളോടു പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss