|    Aug 19 Sat, 2017 3:42 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേട്

Published : 9th August 2017 | Posted By: fsq

 

തിരുവനന്തുപരം: മുന്‍ വിജിലന്‍സ് ഡയറക്ടറും ഇപ്പോള്‍ ഐഎംജി ഡയറക്ടറുമായ ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ നിര്‍മാണ പ്രവര്‍ത്തികളില്‍ ക്രമക്കേട് നടന്നെന്ന് കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപോര്‍ട്ട്. ഇതുസംബന്ധിച്ച് ധനകാര്യ പരിശോധന വിഭാഗത്തിന്റെ റിപോര്‍ട്ട് സിഎജി ശരിവച്ചു. നിയമസഭയുടെ മേശപ്പുറത്തുവച്ച 2016 മാര്‍ച്ചില്‍ അവസാനിച്ച വര്‍ഷത്തെ റിപോര്‍ട്ടിലാണ് തുറമുഖ വകുപ്പ് ഡയറക്ടറെ വെട്ടിലാക്കുന്ന പരാമര്‍ശമുള്ളത്. ഡയറക്ടറേറ്റ് വലിയതുറയില്‍ നടപ്പാക്കിയ കെട്ടിട നിര്‍മാണത്തില്‍ ക്രമക്കേട് നടന്നതായും കെട്ടിടം നിര്‍മിക്കാനായി സ്ഥലം തിരഞ്ഞെടുത്തതി ല്‍ പ്രായോഗിക പഠനം നടത്തിയിരുന്നില്ലെന്നും കണ്ടെത്തിയതായി പ്രിന്‍സിപ്പല്‍ എജി ഡോ. അമര്‍ പട്‌നായിക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കെട്ടിട നിര്‍മാണത്തിന് കോര്‍പറേഷന്റെ അനുമതി വാങ്ങിയില്ല. ഇതുകാരണം സാധാരണ നിരക്കിന്റെ മൂന്നിരട്ടിയായ 2.4 ലക്ഷം വാര്‍ഷിക നികുതി അടയ്ക്കാന്‍ വകുപ്പ് ബാധ്യസ്ഥമായി. ഈ തുക 2017 മാര്‍ച്ചുമാസം വരെ വകുപ്പ് അടച്ചിട്ടുമില്ല. സര്‍ക്കാരിനെ ഇക്കാര്യത്തില്‍ ഡയറക്ടര്‍ വഴിതെറ്റിച്ചു. 1.93 കോടി ചെലവഴിച്ച് നിര്‍മിച്ച കെട്ടിടം ഉപയോഗശൂന്യമായി നശിക്കുകയാണ്. അതിന്റെ തുടര്‍ന്നുള്ള ഉപയോഗം സംശയകരമാണ്. പുതിയ കെട്ടിടത്തിന്റെ മുന്‍ഭാഗത്ത് ലാന്‍ഡ്‌സ്‌കേപിങിനും ഉദ്യാനം ഒരുക്കുന്നതിനുമായി ഡയറക്ടര്‍ 8.30 ലക്ഷം മുന്‍കൂറായി കെപിഎച്ച്‌സിയെ ഏല്‍പിച്ചു. എന്നാല്‍, 6.73 ലക്ഷത്തിനാണ് പണി പൂര്‍ത്തിയാക്കിയത്. ഉദ്യാനത്തിന്റെയും മറ്റും പരിപാലനത്തിന് ആവശ്യമായ ക്രമീകരണം ഏര്‍പ്പെടുത്തണമെന്ന് കെപിഎച്ച്‌സി, ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഡയറക്ടര്‍ യാതൊരു ക്രമീകരണവും ചെയ്തില്ലെന്നും സിഎജി നിരീക്ഷിച്ചു.  സോളാര്‍ പാനല്‍ സ്ഥാപിച്ചതില്‍ ഫണ്ട് വകമാറ്റിയെന്നും സിഎജി റിപോര്‍ട്ടില്‍ പറയുന്നു. ഗുണനിലവാരം ഉറപ്പാക്കാതെ ജേക്കബ് തോമസ് കരാറുകാര്‍ക്ക് പണം നല്‍കി. ഇത് സര്‍ക്കാരിന് അധിക ചെലവുണ്ടാക്കി. കൊടുങ്ങല്ലൂരിലെ ഓഫിസില്‍ കോണ്‍ഫറന്‍സ് ഹാള്‍ നിര്‍മിച്ചതിലും ക്രമക്കേട് കണ്ടെത്തി. തുറമുഖ കാര്യാലയം പ്രവര്‍ത്തിച്ചിരുന്ന കൊടുങ്ങല്ലൂരിലെ സിഗ്‌നല്‍ സ്‌റ്റേഷന്‍ നവീകരിക്കുന്നതിന് പകരം ‘കോണ്‍ഫറന്‍സ് ഹാള്‍ നവീകരണം’ എന്ന പ്രവൃത്തിയാണ് നടത്തിയത്.  ഇത്തരത്തില്‍ തെറ്റായ വസ്തുതകള്‍ കാട്ടി ഡയറക്ടര്‍ സര്‍ക്കാരിനെ വഴിതെറ്റിക്കുകയും മറ്റൊരു പ്രവൃത്തിക്ക് അനുവദിച്ച തുക വകമാറ്റുകയും ചെയ്തതായി സിഎജി റിപോര്‍ട്ടില്‍ പറയുന്നു. സിഎജി നിരീക്ഷണങ്ങള്‍ തുറമുഖ വകുപ്പ് അംഗീകരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക