|    Oct 17 Wed, 2018 10:32 am
FLASH NEWS
Home   >  Editpage  >  Editorial  >  

ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്യുമ്പോള്‍

Published : 22nd December 2017 | Posted By: kasim kzm

സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരില്‍ ഐഎംജി (ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ്) ഡയറക്ടര്‍ ഡിജിപി ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്ത നടപടിയെ സാങ്കേതികമായി ന്യായീകരിക്കാമെങ്കിലും ഇടതുമുന്നണി സര്‍ക്കാരിന്റെ അഴിമതിവിരുദ്ധ പ്രതിച്ഛായയുടെ പൊള്ളത്തരം കൂടി പ്രകടമാക്കുന്ന ഒന്നാണിതെന്നതില്‍ സംശയമില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രത്യേക താല്‍പര്യമെടുത്ത് വിജിലന്‍സിന്റെ തലപ്പത്ത് കുടിയിരുത്തിയ ഐപിഎസ് ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. വിജിലന്‍സിന്റെ ചുമതലയേറ്റ ഒന്നാം തിയ്യതി തന്നെ അദ്ദേഹം അഴിമതിക്കെതിരേ യുദ്ധപ്രഖ്യാപനം നടത്തി. എന്നാല്‍, ഉന്നതരുടെ അഴിമതിക്കഥകളിലേക്ക് വിജിലന്‍സിന്റെ കരങ്ങള്‍ നീണ്ടുചെന്നതോടെ ജേക്കബ് തോമസിന് ശത്രുക്കള്‍ കൂടുകയും രക്ഷകനായ മുഖ്യമന്ത്രിക്കു തന്നെ അദ്ദേഹത്തെ കൈവിടേണ്ടിവരുകയും ചെയ്തതിന്റെ ഫലമായുണ്ടായ പരിസമാപ്തിയാണ് ഇപ്പോഴത്തെ സസ്‌പെന്‍ഷന്‍. അഴിമതിവിരുദ്ധ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ ജേക്കബ് തോമസ് നടത്തിയ പ്രസംഗമാണ് അച്ചടക്ക നടപടിക്ക് ആധാരം. അഴിമതിക്കെതിരേ നിലപാടെടുക്കാന്‍ ജനങ്ങള്‍ ഭയപ്പെടുന്നത് സംസ്ഥാനത്തു നിയമവാഴ്ച ഇല്ലാത്തതിനാലാണെന്ന അദ്ദേഹത്തിന്റെ പരാമര്‍ശമാണ് വിവാദമായത്. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട രക്ഷാപ്രവര്‍ത്തനങ്ങളെക്കുറിച്ചും സുനാമി ഫണ്ട് തട്ടിപ്പിനെപ്പറ്റിയും അദ്ദേഹം രൂക്ഷമായ ഭാഷയില്‍ വിമര്‍ശനമുന്നയിച്ചു. 51 വെട്ട് വെട്ടിയില്ലെങ്കിലും അഴിമതിവിരുദ്ധരെ നിശ്ശബ്ദരാക്കുന്ന നയമാണ് ഇവിടെയുള്ളതെന്ന ജേക്കബ് തോമസിന്റെ ഇരുതലമൂര്‍ച്ചയുള്ള പരിഹാസം സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും ഒട്ടൊന്നുമല്ല പ്രകോപിപ്പിച്ചിട്ടുണ്ടാവുക. പല ഉന്നതോദ്യോഗസ്ഥരുടെയും പേരില്‍ വിജിലന്‍സ് കേസെടുത്തെന്ന ‘നടപടി’ദൂഷ്യമാവാം ജേക്കബ് തോമസിനു ഇപ്പോള്‍ വിനയായത്. ഒന്നര ഡസനിലധികം ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരാണ് സംസ്ഥാനത്തിപ്പോള്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നത്. വകുപ്പുതല അന്വേഷണം നേരിടുന്ന ഉന്നതന്മാര്‍ വേറെയും. മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട ഫയല്‍ മടക്കിയിരിക്കുകയാണ് വിജിലന്‍സ് ഡയറക്ടറുടെ ചുമതല കൂടിയുള്ള ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഇടുക്കി ജില്ലയിലെ കൈയേറ്റത്തിനെതിരേ നടപടി സ്വീകരിക്കുന്ന റവന്യൂ ഉദ്യോഗസ്ഥരെ തലങ്ങും വിലങ്ങും സ്ഥലംമാറ്റുന്ന സര്‍ക്കാര്‍ ആര്‍ക്കൊപ്പമാണെന്ന് പകല്‍പോലെ വ്യക്തമാണ്. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ജേക്കബ് തോമസ് പരിധി വിട്ടിട്ടുണ്ടോ എന്നു പരിശോധിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. എന്നാല്‍ അദ്ദേഹത്തിനെതിരേ അച്ചടക്ക നടപടിയുടെ വാളോങ്ങുമ്പോള്‍ സര്‍ക്കാര്‍ നല്‍കുന്ന സന്ദേശം, അഴിമതിക്കാരെ നിലയ്ക്കുനിര്‍ത്താന്‍ ആത്മാര്‍ഥതയോടെ ഏതൊരു ഉദ്യോഗസ്ഥന്‍ മുന്നോട്ടുവന്നാലും സര്‍ക്കാര്‍ ഒപ്പമില്ലെന്ന പച്ചപ്പരമാര്‍ഥമാണ്. സ്രാവുകളോടൊപ്പം നീന്തുമ്പോള്‍ സത്യസന്ധനായ ഒരു ഉദ്യോഗസ്ഥന്‍ ഇതിലപ്പുറവും പ്രതീക്ഷിക്കണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss