|    Oct 23 Mon, 2017 5:35 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ജേക്കബ് തോമസിനെതിരേയുള്ള പരാതി: സിബിഐയും സര്‍ക്കാരും രണ്ടു തട്ടില്‍

Published : 27th October 2016 | Posted By: SMR

കൊച്ചി: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരേയുള്ള പരാതിയില്‍ സിബിഐയും സര്‍ക്കാരും രണ്ടു തട്ടില്‍. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തതിനെതിരേ നടപടിയെടുത്തില്ലെന്ന ഹരജിയിലാണ് സര്‍ക്കാരും സിബിഐയും വ്യത്യസ്ത നിലപാടെടുത്തത്.
ജേക്കബ് തോമസിനെതിരായ പരാതി അന്വേഷിക്കാന്‍ തയ്യാറാണെന്ന് സിബിഐ ഹൈക്കോടതിയില്‍ ബോധിപ്പിച്ചതില്‍ ദുരൂഹതയുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. എന്നാല്‍, തനിക്കെതിരേ അന്വേഷണം നടത്താന്‍ തയ്യാറാണെന്ന് സിബിഐ ഹൈക്കോടതിയില്‍ അറിയിച്ചതില്‍ വിശദീകരണം തേടി ജേക്കബ് തോമസ് ഡയറക്ടര്‍ക്ക് കത്തയച്ചതും മാധ്യമങ്ങളിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയതും ശരിയായില്ലെന്ന് സിബിഐയും കോടതിയില്‍ പറഞ്ഞു.
സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ സ്വകാര്യ സ്ഥാപനമായ കൊല്ലത്തെ ടികെഎം മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ 1.60 ലക്ഷം രൂപ പ്രതിമാസം കൈപ്പറ്റി ജോലിനോക്കിയ ജേക്കബ് തോമസിന്റെ നടപടി സര്‍വീസ് ചട്ടലംഘനമാണെന്നു ചൂണ്ടിക്കാട്ടി കൂത്തുപറമ്പ് സ്വദേശി സത്യന്‍ നരവൂര്‍ നല്‍കിയ ഹരജിയിലാണ് വിശദീകരണം.
കേന്ദ്ര സര്‍വീസിലെ ഉദ്യോഗസ്ഥനെതിരേ സര്‍വീസ് ചട്ടലംഘനം ആരോപിച്ചുള്ള പരാതി സിബിഐ അന്വേഷിക്കുന്നതില്‍ തെറ്റില്ലെന്നും സിബിഐ വാദിച്ചു. അതേസമയം, സര്‍ക്കാരിന്റെ അനുമതിയില്ലാതെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവെന്ന കേസില്‍ ജേക്കബ് തോമസിനെതിരേ നടപടി വേണ്ടെന്നുവച്ചത് സര്‍ക്കാരില്‍ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ചാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. 1968ലെ ഓള്‍ ഇന്ത്യ സര്‍വീസ് (ഡിസിപ്ലിന്‍ ആന്റ് അപ്പീല്‍) ചട്ടത്തില്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നതിനു നിരോധനമില്ല.
സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത വകയില്‍ ലഭിച്ച പ്രതിഫലം ജേക്കബ് തോമസ് തിരികെ നല്‍കിയ സാഹചര്യത്തില്‍ അദ്ദേഹത്തിനെതിരേ നടപടി വേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനെതിരേ സര്‍ക്കാരിന്റെ അധികാരത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി വ്യക്തിവൈരാഗ്യവും രാഷ്ട്രീയലാഭവും ലക്ഷ്യമിട്ടുള്ളതാണ്.
ഹരജിയില്‍ സര്‍ക്കാരിനു വേണ്ടി അഡ്വ. ജനറല്‍ സി പി സുധാകരപ്രസാദ് ഹാജരാവേണ്ടതുണ്ടെന്നും ഇതിനായി സമയം വേണമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ അപേക്ഷിച്ചു. തുടര്‍ന്ന് ഹരജി നവംബര്‍ 3നു പരിഗണിക്കാന്‍ മാറ്റി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക