|    Apr 24 Mon, 2017 5:09 am
FLASH NEWS

ജേക്കബ് തോമസിനെതിരായ ഹരജി നിലനില്‍ക്കില്ല: സര്‍ക്കാര്‍

Published : 21st October 2016 | Posted By: SMR

കൊച്ചി: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ തല്‍സ്ഥാനത്തുനിന്ന് നീക്കി സര്‍വീസ് ചട്ടലംഘനത്തിന് കേസെടുക്കണമെന്ന ഹരജി നിലനില്‍ക്കുന്നതല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. രാഷ്ട്രീയപ്രേരിതവും സ്വകാര്യ താല്‍പര്യം മുന്‍നിര്‍ത്തിയുള്ളതുമാണ് ഹരജിയെന്നും ജേക്കബ് തോമസിനെതിരേ നടപടി അവസാനിപ്പിച്ച സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്യാന്‍ ഹരജിക്കാരനാവില്ലെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച വിശദീകരണ പത്രികയില്‍ പറയുന്നു.
കേരള ട്രാന്‍സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ എംഡിയായിരിക്കെ ജേക്കബ് തോമസ് നിയമവിരുദ്ധമായി അവധിയെടുത്ത് ടികെഎം മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് എന്ന സ്വകാര്യ സ്ഥാപനത്തില്‍  ഡയറക്ടറായി ജോലി ചെയ്തുവെന്ന് ആരോപിക്കുന്ന ഹരജിയിലാണ് വിശദീകരണം. അനുമതി ലഭിക്കുമെന്ന പ്രതീക്ഷയില്‍ മുന്‍കൂര്‍ അപേക്ഷ നല്‍കിയശേഷമാണ് അവധിയില്‍ പ്രവേശിച്ചതെന്നും നടപടി ചട്ടലംഘനമല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. വാഹനം ദുരുപയോഗം ചെയ്‌തെന്ന ആരോപണവും ശരിയല്ല. അവധിയില്‍ പ്രവേശിക്കും മുമ്പ് ഔദ്യോഗിക വാഹനവും ലോഗ് ബുക്കും തിരിച്ചേല്‍പിച്ചതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
സ്വകാര്യസ്ഥാപനത്തില്‍ നിന്ന് ജേക്കബ് തോമസ് കൈപറ്റിയ തുക മടക്കി നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ നടപടി ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നു. സര്‍വീസ് കാര്യങ്ങളില്‍ പൊതുതാല്‍പര്യ ഹരജിയില്‍ ചോദ്യം ചെയ്യാനാവില്ല. കേസുമായി ബന്ധമില്ലാത്ത വ്യക്തിയാണ് ഹരജിക്കാരന്‍. ഇദ്ദേഹം നേരത്തേയും ജേക്കബ് തോമസിനെതിരേ ഹൈക്കോടതിയെ സമീപിച്ചിരുന്നതായും സര്‍ക്കാര്‍ വിശദീകരണ പത്രികയില്‍ പറയുന്നു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day