ജെ ഡേ വധം; വീഡിയോ കോണ്‍ഫറന്‍സ് വഴി ഛോട്ടാരാജനെ ഹാജരാക്കി
Published : 8th January 2016 | Posted By: SMR
മുംബൈ: പത്രപ്രവര്ത്തകന് ജെ ഡേയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കേസില്‍ അധോലോക നേതാവ് ഛോട്ടാരാജനെ വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രത്യേക മോക്ക കോടതിയില്‍ ഹാജരാക്കി. തിഹാര്‍ ജയിലിലാണ് രാജനെ പാര്‍പ്പിച്ചിരിക്കുന്നത്. ഇന്നലെ ഹാജരാവാന്‍ ആവശ്യപ്പെട്ട് രാജന് കോടതി വാറന്റ് അയച്ചിരുന്നു.
പേരെന്താണെന്ന് ജഡ്ജി ചോദിച്ചപ്പോള്‍ രാജേന്ദ്ര സദാശിവ് നികാല്‍ ജെ എന്നായിരുന്നു രാജന്റെ മറുപടി. ജെ ഡേ കേസിന്റെ വിശദാംശങ്ങള്‍ രാജനെ ജഡ്ജി ധരിപ്പിച്ചു.19ന് കേസില്‍ വീണ്ടും വാദം കേള്‍ക്കും. അന്ന് രാജനെതിരേ കുറ്റം ചുമത്താന്‍ കോടതി തീരുമാനിച്ചിട്ടുണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ദിലീപ് ഷാ അറിയിച്ചു.
തനിക്ക് മുംബൈയില്‍ അഭിഭാഷകരില്ലെന്നും ഒരാളെ അന്വേഷിച്ചുവരുകയാണെന്നും കോടതിയെ രാജന് ധരിപ്പിച്ചിട്ടുണ്ട്. രാജനെ വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാക്കാന്‍ തിഹാര്‍ ജയില്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്കുന്ന ഡല്‍ഹി കോടതിയുടെ ഉത്തരവ് സിബിഐ നേരത്തേ മോക്ക കോടതിയില്‍ ഹാജരാക്കിയിരുന്നു.
തന്റെ ജീവനു ഭീഷണിയുള്ളതിനാല്‍ മുംബൈയിലേക്കയക്കരുതെന്നഭ്യര്ഥിച്ച് ഡല്‍ഹി കോടതിയില്‍ രാജന് ഹരജി നല്‍കിയിരുന്നുവെന്ന് സിബിഐ ഉദ്യോഗസ്ഥന് അറിയിച്ചു. രാജന് കുറ്റപത്രത്തിന്റെ പകര്‍പ്പ് നല്‍കാത്തതില്‍ മുംബൈ പോലിസിനെ മോക്ക ജഡ്ജി ശാസിച്ചു. അധോലോക നേതാവ് ദാവൂദ് ഇബ്രാഹീമിന്റെ മുന്‍ കൂട്ടാളിയായ ഛോട്ടാരാജന് ഇന്തോനീസ്യയിലെ ബാലി വിമാനത്താവളത്തില്‍ വച്ച് ഒക്ടോബര്‍ 25നാണ് അറസ്റ്റിലായത്. പിന്നീട് അയാളെ ഇന്ത്യക്ക് കൈമാറുകയായിരുന്നു. ജെ ഡേ കൊലപാതകമടക്കം മഹാരാഷ്ട്രയില്‍ രാജനെതിരേ 70 ഓളം കേസുകളുണ്ട്. ഇവയെല്ലാം അന്വേഷിക്കുന്നത് സിബിഐ ആണ്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.