|    Aug 19 Sun, 2018 5:38 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ജെസ്‌ന മറിയ: അന്വേഷണം മറ്റേതെങ്കിലും ഏജന്‍സിക്ക് കൈമാറേണ്ട സാഹചര്യമില്ല

Published : 4th August 2018 | Posted By: kasim kzm

കൊച്ചി: പത്തനംതിട്ടയില്‍ നിന്ന് കാണാതായ കോളജ് വിദ്യാര്‍ഥിനി ജെസ്‌ന മറിയ ജെയിംസിനെ കണ്ടെത്താന്‍ പോലിസ് സമഗ്രമായ അന്വേഷണമാണ് നടത്തുന്നതെന്നും അന്വേഷണം മറ്റേതെങ്കിലും ഏജന്‍സിക്കു കൈമാറേണ്ട സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും ഹൈക്കോടതി. അതിനാല്‍ അന്വേഷണം തടസ്സപ്പെടുത്തുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി കേസ് പരിഗണിക്കുന്നത് ഈ മാസം 17ലേക്ക് മാറ്റി.
ജെസ്‌നയെ കണ്ടെത്താന്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സഹോദരന്‍ ജെയ്‌സ് ജോണ്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ജെസ്‌നയെ കണ്ടെത്തുന്ന തരത്തിലുള്ള ഒരു വഴിത്തിരിവുകളും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ഇന്നലെ പോലിസ് കോടതിയെ അറിയിച്ചു. കഴിഞ്ഞ ദിവസം രാജാക്കാട് ഒരു യുവാവിനൊപ്പം ജസ്‌നയെ കണ്ടെന്ന വിധത്തില്‍ അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്ന് റിപോര്‍ട്ടില്‍ പറയുന്നു. മേയ് മൂന്നിന് പത്തനംതിട്ട ജില്ലാ പോലിസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കി. ബംഗളൂരു, തമിഴ്‌നാട് എന്നിവിടങ്ങളില്‍ അന്വേഷണം നടത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജെസ്‌നയെ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയെങ്കിലും ഗുണമുണ്ടായില്ല. ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും വിപുലീകരിക്കുകയും ചെയ്തു.
ഇതുവരെ 350 പേരെ ചോദ്യംചെയ്തു. 170 പേരുടെ മൊഴികള്‍ രേഖപ്പെടുത്തി. രണ്ട് ലക്ഷത്തോളം ഫോണ്‍കോളുകള്‍ പരിശോധിച്ചു. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സാധ്യമായ അന്വേഷണം നടത്തുകയാണ്.
ജെസ്‌നയുടെ ബന്ധുക്കളെയും അധ്യാപകരെയും സുഹൃത്തുക്കളെയും അയല്‍വാസികളെയും ചോദ്യംചെയ്തു. ജെസ്‌നയുടെ മൊബൈല്‍, ഡയറി എന്നിവ വിശദമായി പരിശോധിച്ചു. ജെസ്‌ന മറ്റേതെങ്കിലും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നോ എന്നറിയാന്‍ പരിശോധന നടത്തുന്നുണ്ട്.
എരുമേലി ബസ് സ്റ്റാന്റ്, മുണ്ടക്കയം, പരുന്തുംപാറ, പുഞ്ചവയല്‍ എന്നിവിടങ്ങളില്‍ ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട ദിവസങ്ങളില്‍ വന്നുപോയവരുടെ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ പരിശോധിച്ച് അന്വേഷണം നടത്തി. പോലിസ് നിയോഗിച്ച സൈബര്‍ സെല്‍ വിദഗ്ധന്‍ ഒരു മാസമായി ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചുവരികയാണ്. ഫോണ്‍ നമ്പര്‍ ഉടമകളായ 400 ഓളം പേരെ നേരില്‍ കണ്ട് അന്വേഷണവും നടത്തി. ശബരിമല സീസണായതിനാല്‍ ഒട്ടേറെ പേര്‍ ആ കാലയളവില്‍ വന്നുപോയിട്ടുണ്ട്. ഫോണ്‍ നമ്പറുകളിലെ ആളുകളെ നേരിട്ട് കണ്ടെത്തുന്നത് ബുദ്ധിമു—ട്ടേറിയ ജോലിയാണ്. അച്ചടി, ദൃശ്യ, സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചാരണങ്ങളും നടക്കുന്നുണ്ട്. എന്നാല്‍, ഇതുവരെ നടത്തിയ അന്വേഷണങ്ങളില്‍ നിന്ന് ജസ്‌നയെ കണ്ടെത്താന്‍ മതിയാവുന്ന സൂചനകള്‍ ലഭിച്ചിട്ടില്ലെന്ന് വിശദീകരണത്തില്‍ പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss