|    Nov 16 Fri, 2018 1:34 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ജെസ്‌നയെ കാണാതായിട്ട് മൂന്നുമാസം; സ്ഥിരീകരിക്കാവുന്ന വിവരം ലഭിച്ചില്ല: പോലിസ്

Published : 21st June 2018 | Posted By: kasim kzm

കോട്ടയം/കൊച്ചി/പത്തനംതിട്ട: കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനി കൊല്ലമുള സന്തോഷ് കവല കുന്നത്തുവീട്ടില്‍ ജെസ്‌ന മരിയ ജെയിംസിനെ കാണാതായിട്ട് നാളെ മൂന്നുമാസം തികയുന്നു. ഇതുവരെ നടത്തിയ അന്വേഷണത്തില്‍ ജെസ്‌നയെക്കുറിച്ച് സ്ഥിരീകരിക്കാവുന്ന യാതൊരു വിവരങ്ങളും ലഭിച്ചിട്ടില്ലെന്ന് അന്വേഷണസംഘത്തലവനായ പത്തനംതിട്ട എസ്പി ടി നാരായണന്‍ അറിയിച്ചു.
ലഭ്യമായ വിവരങ്ങള്‍ അടിസ്ഥാനമാക്കിയുള്ള അന്വേഷണമാണു പുരോഗമിക്കുന്നത്. എല്ലാ സാധ്യതകളും പോലിസ് പരിശോധിക്കുകയാണ്. ചെന്നൈ, ബംഗളൂരു പൂനെ, ഗോവ എന്നിവിടങ്ങളില്‍ അന്വേഷണസംഘം പോയെങ്കിലും തുമ്പൊന്നും ലഭിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ, ജെസ്‌നയുടെ വീട്ടില്‍നിന്നു രക്തംപുരണ്ട വസ്ത്രം കണ്ടെത്തിയെന്ന വാര്‍ത്തകള്‍ സ്ഥിരീകരിക്കാന്‍ എസ്പി തയ്യാറായില്ല. അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങളൊന്നും വെളിപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്വേഷണത്തിന്റെ ഭാഗമായി 11 സ്ഥലങ്ങളിലായി പോലിസ് സ്ഥാപിച്ച വിവരശേഖരണ പെട്ടിയില്‍ നിന്ന് 50 ഓളം കത്തുകളാണ് ലഭിച്ചത്.
ഇതില്‍ മൂന്ന് കത്തുകള്‍ മാത്രമാണ് അന്വേഷണത്തിനു സഹായകരമായിട്ടുള്ളതെന്ന് എസ്പി പറഞ്ഞു. ജെസ്‌ന അവസാനമായി മൊബൈല്‍ സന്ദേശം അയച്ച ആണ്‍സുഹൃത്തിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. 1000ഓളം തവണ ഇരുവരും ഫോണില്‍ ബന്ധപ്പെട്ടതായി നേരത്തേ കണ്ടെത്തിയിരുന്നു. ‘അയാം ഗോയിങ് ടു ഡൈ’ എന്ന തന്റെ അവസാന സന്ദേശം ജെസ്‌ന അയച്ചതും ആണ്‍സുഹൃത്തിനാണെന്നു വ്യക്തമായിരുന്നു. പലതവണ ഇയാളെ ചോദ്യംചെയ്‌തെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ നുണപരിശോധന നടത്താനുള്ള നടപടിക്രമങ്ങളിലേക്ക് പോലിസ് നീങ്ങുകയാണ്.
അതേസമയം, ജെസ്‌നക്ക് വേണ്ടി തമിഴ്‌നാട്, കര്‍ണാടക, ഗോവ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നടത്തിയ തിരച്ചില്‍ നിര്‍ത്തിവച്ചു. മൂന്നുമാസമായി നടത്തിയ തിരച്ചിലില്‍ ജെസ്‌നയെപ്പറ്റി ഒരു വിവരവും ലഭിക്കാത്തതിനാല്‍ അന്വേഷണ സംഘത്തെ തിരിച്ചുവിളിച്ചു. ഇവര്‍ ശേഖരിച്ച വിവരങ്ങള്‍ ഇന്നു മുതല്‍ അവലോകനം ചെയ്യും. ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. അതേസമയം, ജെസ്‌നയുടെ തിരോധാനം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി നല്‍കി. മാര്‍ച്ച് 22ന് മകളെ കാണാതായെന്നു ചൂണ്ടിക്കാട്ടി പിതാവ് നല്‍കിയ പരാതിയില്‍ വെട്ടൂച്ചിറ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ് സിബിഐക്കു കൈമാറണമെന്നാവശ്യപ്പെട്ട് സഹോദരന്‍ ജെയ്‌സ് ജോണ്‍ ജെയിംസും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തുമാണ് ഹരജി നല്‍കിയിരിക്കുന്നത്.   കേസ് സിബിഐയ്ക്കു വിടണമെന്ന ആക്ഷന്‍ കൗണ്‍സിലിന്റെ ആവശ്യം രണ്ടാഴ്ചയ്ക്കകം പരിഗണിക്കാമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉറപ്പു നല്‍കിയതായി ഭാരവാഹികള്‍ അറിയിച്ചു. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ കഴിഞ്ഞ ദിവസം രാജു എബ്രഹാം എംഎല്‍എയ്‌ക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയനെയും ഡിജിപിയെയും സന്ദര്‍ശിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss