|    Jan 23 Mon, 2017 3:56 am
FLASH NEWS

ജെല്ലിക്കെട്ട്; മേനകയുടെ ഗിമ്മിക്ക് എന്താകുമോ എന്തോ?

Published : 9th January 2016 | Posted By: TK
വി.പി.സിംഗ് പ്രധാന മന്ത്രിയായപ്പോള്‍ ധരിച്ചിരുന്ന രോമത്തൊപ്പിയുടെ നിര്‍മ്മാണത്തിനിടെ ജന്തുഹത്യ നടക്കുന്നതിനാല്‍ താന്‍ നിദ്രാവിഹീനയാണെന്നു പറഞ്ഞു പ്രധാന മന്ത്രിയുടെ തൊപ്പി ഊരി വെപ്പിച്ച ഉണ്ണിയാര്‍ച്ച കമാ എന്നുരിയാടതെന്തേ?

 


                                                  

imthihan

ഇംതിഹാന്‍ ഒ അബ്ദുല്ല

 


JELLIKETT1                                          

 

സുപ്രീം കോടതി വിധിയിലൂടെ നിരോധിക്കപ്പെട്ടിരുന്ന തമിഴ് നാട്ടിലെ ജെല്ലി കെട്ട് നടത്താന്‍ കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നു.വിനോദങ്ങളില്‍ പങ്കെടുപ്പിക്കുന്ന മൃഗങ്ങളുടെ പട്ടികയില്‍ നിന്നും കാളകളെ നീക്കം ചെയ്താണ് ജെല്ലിക്കെട്ടിനും കാളയോട്ടത്തിനും അനുമതി നല്‍കാനുളള പഴുത് ഒരുക്കിയത്. തമിഴ്‌നാട്ടിലെ പരമ്പരാഗത ഉല്‍സവമായ ജെല്ലിക്കെട്ടില്‍ മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും മാരകമായ പരിക്കുകളേല്‍ക്കുകയും ജീവഹാനി വരെ സംഭവിക്കുകയും ചെയ്ത നിരവധി സംഭവങ്ങളുണ്ടായതിന്റെ പശ്ചാത്തലത്തിലായിരുന്നു സുപ്രീം കോടതി നിരോധനം ഏര്‍പ്പെടുത്തിയത്.

തമിഴ്‌നാട്ടിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും മുഖ്യമന്ത്രി ജയലളിതയുടെയും അഭ്യര്‍ത്ഥന മാനിച്ചാണത്രേ കേന്ദ്രം അനുമതി നല്‍കിയിരിക്കുന്നത്.നിയമസഭാ ഇലക്ഷന്‍ അടുത്തിരിക്കുന്ന വേളയില്‍ പ്രാദേശിക വികാരം മാനിക്കാതിരുന്നാലുളള പൊല്ലാപ്പ് ഇന്ദ്രപ്രസ്തത്തിലെ മധുവിധു കഴിയുന്നതിനു മുമ്പേ കിട്ടിയ ഡല്‍ഹിയിലെയും ബീഹാറിലെയും തോല്‍വിയുടെ കയ്പുരസം അനുഭവിച്ചറിഞ്ഞ മോഡിയോടും അമിത്ജിയോടും ആരും പറഞ്ഞറിയിക്കേണ്ടതില്ല.പിന്നെ ആളു വില കല്ലു വില എന്നു ചൊല്ലുന്ന നാട്ടില്‍ നാലോ അഞ്ചോ പേര്‍ കാളയുടെ ചവിട്ടോ കുത്തോ ഏറ്റ് കാലഗതിയടഞ്ഞാല്‍ അതൊരു ഹിമാലയന്‍ പ്രശ്‌നമാക്കേണ്ട കാര്യവുമില്ല. വേണമെങ്കില്‍ മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് ഒരു അഞ്ചോ പത്തോ ലക്ഷം പ്രഖ്യാപിച്ചാല്‍ അവരുടെ കുളന്തകളും ഹാപ്പി.
menaka-gandi

 

പക്ഷേ മൃഗങ്ങളുടെ കാര്യം പ്രത്യേകിച്ചും പുരാണങ്ങളില്‍ പരമ ശിവന്റെ വാഹനമായി വിശേഷിപ്പിക്കപ്പെട്ട, മോഡി ഭരണത്തില്‍ ഏറ്റവും വി ഐ പി പരിഗണന നല്‍കപ്പെട്ട കാളകളുടെ കാര്യം അങ്ങനെയാണോ.ബീഹാര്‍ തിരഞ്ഞെടുപ്പില്‍ പശുക്കളെയും പോത്തുകളെയും പിന്നാലെ നടന്നിട്ടും സീറ്റുകള്‍ മുഴുവന്‍ ആ യാദവന്‍മാര്‍ തട്ടി കൊണ്ടു പോയി എന്നതു നേരാണ്.എന്നു കരുതി പാവം ഗോ മാതാവിന്റെ കുടുംബത്തോട് ഈ കടും കൈ വേണ്ടിയിരുന്നോ.
പോട്ടെ;മോഡിയും അമിത്ജിയും രാഷ്ട്രീയക്കാരല്ലേ; അധികാര രാഷ്ട്രീയത്തിന്റെ ഇടനാഴികകളില്‍ പല വിട്ടു വീഴ്ചകള്‍ക്കും അവര്‍ നിര്‍ബന്ധിതരാവും.പക്ഷേ മൃഗ സംരക്ഷണം ജീവിത വ്രതമായി സ്വീകരിച്ച സാക്ഷാല്‍ മേനകാ ഗാന്ധിയുടെ കാര്യം അങ്ങനെയാണോ. ആക്രമിക്കാന്‍ വരുന്ന നായയെ കല്ലെടുത്തെറിഞ്ഞാല്‍ എറിഞ്ഞവനെ കൊണ്ട് ക്ഷ ണ വരപ്പിച്ചിട്ടേ മാഡം പച്ച വെളളം കുടിക്കൂ.നായ കടിക്കാന്‍ വരുമ്പോള്‍ മരത്തില്‍ കയറി രക്ഷപ്പെടുകയാണ വേണ്ടത് എന്ന ആപ്ത വാക്യം നമ്മുടെ ജോസ് മാവേലിയെ കൊണ്ട് പത്തു തവണ ചൊല്ലിച്ചതിനു ശേഷമാണ് ആയമ്മ വെറുതെ വിട്ടത്. വളര്‍ത്തു മൃഗമായ ഒട്ടകത്തെ ബലിയറുക്കുന്നതു മൂലം വന്യജീവി സമ്പത്തില്‍ കുറവു വരുന്നുണ്ടെന്നും ഗവേഷണം നടത്തി കണ്ടു പിടിച്ചിട്ടുണ്ട്.വളര്‍ത്ത് പൂച്ചയെയും പട്ടിക്കുട്ടിയെയും എങ്ങിനെ സസ്യഭുക്കാക്കാമെന്ന് പരമ്പര എഴുതിയിട്ടുമുണ്ട്.
വി.പി.സിംഗ് പ്രധാന മന്ത്രിയായപ്പോള്‍ ധരിച്ചിരുന്ന രോമത്തൊപ്പിയുടെ നിര്‍മ്മാണത്തിനിടെ ജന്തുഹത്യ നടക്കുന്നതിനാല്‍ താന്‍ നിദ്രാവിഹീനയാണെന്നു പറഞ്ഞു പ്രധാന മന്ത്രിയുടെ തൊപ്പി ഊരി വെപ്പിച്ച ഉണ്ണിയാര്‍ച്ച കമാ എന്നുരിയാടതെന്തേ?
ജനപഥ് വാഴും അമ്മ മഹാറാണിയുടെ മുമ്പില്‍ പിടിച്ചു നില്‍ക്കാന്‍ ആറ്റു നോറ്റു കിട്ടിയ കേന്ദ്ര മന്ത്രി സ്ഥാനം രാജി വെച്ചു കളഞ്ഞു കുളിക്കാന്‍ വയ്യെങ്കില്‍ പോട്ടെ,ഒരു വിയോജന കുറിപ്പെങ്കിലുമിറക്കാമായിരുന്നു.ഒന്നുമില്ലെങ്കില്‍ അടുത്ത പ്രാവശ്യം വല്ല കോണ്‍ഗ്രസേതര മതേതര മുന്നണിയുടെയും ബാനറില്‍ മല്‍സരിക്കേണ്ടി വന്നാല്‍ മോഡിയുമായി നേരത്തേ നയപരമായ വിയോജിപ്പുണ്ടായിരുന്നുവെന്ന സ്ഥാപിക്കുകയും ചെയ്യാമല്ലോ.രാഷ്ട്രീയം സാധ്യതകളുടെ അന്തമായ കലവറയാണല്ലോ.ഏത്?

സ്‌റ്റോപ്പ് പ്രസ്: പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ജെല്ലിക്കെട്ട് നടത്താതിരുന്നതിനാലണത്രെ് ചെന്നൈ വെളളപ്പൊക്കമടക്കമുളള ദുരന്തങ്ങള്‍ തമിഴ് നാടിന് നേരിടേണ്ടി വന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 166 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക