|    Dec 16 Sun, 2018 2:10 am
FLASH NEWS
Home   >  Life   >  

ജെല്ലിക്കെട്ട് കങ്കായത്തെ പരിചയപ്പെടാം ആള് പുലിയാണ് ; ഗതികെട്ടാല്‍ വേപ്പിലയും തിന്നും

Published : 24th January 2017 | Posted By: frfrlnz

kankayam-2

തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട്  വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. തെരുവിലിറങ്ങി സമരം ചെയ്തു നേടിയെടുത്ത ഓര്‍ഡിനന്‍സിന്റെ ബലത്തില്‍ വിലക്കുകള്‍ മറികടന്ന്് ജെല്ലിക്കെട്ട് നടത്താമെന്ന ആവേശത്തിലാണ് തമിഴ് മക്കള്‍.
തമിഴ്‌നാട്ടിലെ വിളവെടുപ്പ്് ഉല്‍സവമായ പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായി പരമ്പരാഗതമായി തമിഴ്‌നാട്ടിലെ ജനങ്ങള്‍ നടത്തുന്ന കായിക വിനോദമാണ് ജെല്ലിക്കെട്ട്.
വടിമഞ്ചു വിരട്ട്, വായേലി വിരട്ട്, മഞ്ചു വിരട്ട് എന്നിങ്ങനെ ജെല്ലിക്കെട്ടിന് മൂന്ന് വകഭേദങ്ങളുണ്ട്. എതു തരമായാലും പ്രത്യേക പരിചരണം നല്‍കി പരിശീലിപ്പിച്ച  പോര് കാളകളായ കങ്കായം കാളകളെയാണ് മല്‍സരത്തിനായി ഇറക്കുക.

kanka6

ഇന്ത്യയിലെ ഒരു പ്രധാനപ്പെട്ട കന്നുകാലിവര്‍ഗ്ഗമാണ് കങ്കായം കാളകള്‍ അഥവാ കങ്കേയം കാള. തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ ജില്ലയിലെ കങ്കേയം ഗ്രാമത്തിന്റെ പേരില്‍ നിന്നാണ് ഈ കാളകള്‍ക്ക് പേര് വന്നത്. ശക്തിക്കും ശൗര്യത്തിനും പേരുകേട്ട കങ്കായം കാളകള്‍ തമിഴ്‌നാട്ടിലെ ഈറോഡ് , നാമക്കല്‍, ഡിണ്ടിഗല്‍, കോയമ്പത്തൂര്‍ എന്ന പ്രദേശങ്ങളില്‍ കാണപ്പെടുന്നു. ഉറച്ച ശരീരമുള്ള ഇവയെ കൂടുതലും വയല്‍ ജോലികള്‍ക്ക് ഉപയോഗിക്കുന്നു. ചാര, വെള്ള, നിറങ്ങളിലാണിവ അധികവും കാണപ്പെടുന്നത്്. ചിലയിനം കങ്കായം കാളകള്‍ക്ക് കാലില്‍ ചെറിയ തോതില്‍ കറുപ്പ് നിറവും കാണാറുണ്ട.

kankayam-1
കങ്കായം പശുക്കളുടെ പാല്‍ വളരെ പോഷക മൂല്യമുള്ളതാണ്. എന്നാല്‍ ഇവ പാല്‍ ലഭ്യതയില്‍ പിന്നോട്ടാണ്. കങ്കായം കാളകളുടെ പ്രകൃതി ദത്തമായ സ്വഭാവം വച്ച് ഇവ ജെല്ലിക്കെട്ടിനാണ് പ്രധാനമായും ഉപയോഗിക്കുന്നത്്. വരണ്ട പ്രദേശങ്ങള്‍ ഉഴുന്നതിന് ഇവയെ ഉപയോഗിക്കുന്നു. കൊടും ചൂടിനെ അതിജീവിക്കാന്‍ ഇവയ്ക്ക് പ്രത്യേക കഴിവുണ്ട്.
ഉയര്‍ന്ന മുതുകാണ് കങ്കായത്തിന്റെ പ്രധാന സവിശേഷത. മുതുകില്‍ പിടിച്ച് കൂടുതല്‍ നേരം തൂങ്ങിക്കിടക്കുക എന്നതാണ് ജെല്ലിക്കെട്ടിന്റെ ഒരു വകഭേദം. മറ്റൊന്ന് മല്‍പ്പിടുത്തത്തിലൂടെ കാളയുടെ കൊമ്പ് നിലത്ത് മുട്ടിക്കാനോ കാളയുടെ കൊമ്പില്‍ തൂക്കിയ കൊടി അഴിക്കാനോ ശ്രമിക്കുന്നതാണ്. കളത്തിലേക്ക് ഇറക്കിവിട്ട കരുത്തനായ കാളയെ ഒരു ടീം നിശ്ചിത സമയത്തിനുള്ളില്‍ കീഴ്‌പ്പെടുത്തുക എന്നാണ്.

kankayam-4 ജെല്ലിക്കെട്ടില്‍ വിജയിക്കുന്ന കാളകളെ പ്രജനനത്തിനായി മാത്രമേ പിന്നീട് ഉപയോഗിക്കുകയുള്ളൂ.
ജെല്ലിക്കെട്ടിനായുള്ള കാളകള്‍ക്ക് കാലിത്തീറ്റ, പരുത്തി, തവിട്, പച്ചരി, തേങ്ങ, പാല്‍, വാഴപ്പഴം, കത്തിരിക്ക, നാട്ടുമരുന്നുകള്‍ എന്നിവയുള്‍പ്പെടുന്ന കിടിലന്‍ മെനുവാണ് നല്‍കുക. ഇതിനായുള്ള ചെലവും ഭീമമാണ്. എന്നാല്‍ ഇവയൊന്നുമില്ലെങ്കിലും പ്രതികൂല കാലാവസ്ഥയെ തരണം ചെയ്യുവാന്‍ പ്രത്യേക ശേഷിയുള്ള ഇനമാണ് കങ്കായം. തീറ്റയായി ഒന്നും കിട്ടിയില്ലെങ്കില്‍ വേപ്പിലയും പനമ്പട്ടയുമൊക്കെ തിന്ന്് പിടിച്ചു നില്‍ക്കുവാനും കങ്കായങ്ങള്‍ റെഡി.

kankayam-5
ജെല്ലിക്കെട്ടിനായുള്ള കങ്കായങ്ങളെ ദിവസവും രാവിലെയും വൈകിട്ടും എണ്ണ തേച്ചു കുളിപ്പിക്കും. മൂന്നു വര്‍ഷത്തെ പരിചരണത്തിനൊടുവിലാണ് കങ്കായം കാളകളെ മല്‍സരത്തിനിറക്കുക.

jellikett

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss