|    Mar 24 Fri, 2017 11:44 am
FLASH NEWS

ജെല്ലിക്കെട്ടിനെതിരേ വിമര്‍ശനവുമായി സുപ്രിംകോടതി

Published : 27th July 2016 | Posted By: SMR

ന്യൂഡല്‍ഹി: നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരമാണെന്ന കാരണത്താല്‍ ജെല്ലിക്കെട്ടിനെ ന്യായീകരിക്കാനാവില്ലെന്ന് സുപ്രിംകോടതി. 5,000 വര്‍ഷമായി സംസ്ഥാനത്തെ ജനങ്ങളുടെ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമാണ് ജെല്ലിക്കെട്ടെന്ന തമിഴ്‌നാട് വാദം തള്ളിയാണ് ജസ്റ്റിസുമാരായ ദീപക് മിശ്രയും ആര്‍ എഫ് നരിമാനും അടങ്ങിയ രണ്ടംഗ സുപ്രിംകോടതി ബെഞ്ചിന്റെ ശക്തമായ പ്രതികരണം.
പരമ്പരാഗത ആചാരമായതിനാല്‍ നിരോധിക്കരുതെന്ന ന്യായം പരിഗണിക്കുകയാണെങ്കില്‍ ശൈശവവിവാഹത്തെ നിയമവിധേയമാക്കേണ്ടി വരുമെന്നും സുപ്രിംകോടതി അഭിപ്രായപ്പെട്ടു. വളരെ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന സമ്പ്രദായമായിരുന്നില്ലേ അതെന്ന് ചോദിച്ച സുപ്രിംകോടതി, പാരമ്പര്യം പറഞ്ഞ് ആചാരങ്ങളെ ന്യായീകരിക്കാന്‍ കഴിയില്ലെന്നു വ്യക്തമാക്കി. മുമ്പ് ഒരുപാട് ആചാരങ്ങളുണ്ടായിരുന്നു. കാലപ്പഴക്കമുണ്ടെന്ന കാരണത്താല്‍ പരമ്പരാഗതമായി ചെയ്തുപോരുന്ന ആചാരങ്ങള്‍ തുടര്‍ന്നും നടത്തണമെന്ന് ആവശ്യപ്പെടാനാവില്ല. നിങ്ങളുന്നയിച്ച ആവശ്യം ഭരണഘടനയുമായി ബന്ധപ്പെട്ടതാണ്. അതിനാല്‍, അതിന്റെ നിയമവശങ്ങള്‍കൂടി പരിശോധിച്ച ശേഷമേ ജെല്ലിക്കെട്ടിന് അനുമതി നല്‍കണോ വേണ്ടയോ എന്നു തീരുമാനമിക്കാന്‍ കഴിയൂവെന്നും കോടതി വ്യക്തമാക്കി.
ജെല്ലിക്കെട്ടിന് ഈ വര്‍ഷം ജനുവരിയില്‍ ഏര്‍പ്പെടുത്തിയ സ്‌റ്റേ നീക്കണമെന്നും ഹരജി വിശാല ബെഞ്ചിനു വിടണമെന്നും തമിഴ്‌നാട് ആവശ്യപ്പെട്ടു. തുടര്‍ന്ന് കേസ് അടുത്തമാസം 23ലേക്ക് മാറ്റി. 2014 മെയിലാണ് സുപ്രിംകോടതി ജെല്ലിക്കെട്ടുള്‍പ്പെടെ കന്നുകാലികളെ ഉപയോഗിച്ചുള്ള കായികവിനോദങ്ങള്‍ക്കു നിരോധം ഏര്‍പ്പെടുത്തിയത്.
തമിഴ്‌നാട്ടിലെ പൊങ്കല്‍ ആഘോഷങ്ങളിലെ മുഖ്യ ഇനങ്ങളിലൊന്നായ ജെല്ലിക്കെട്ടിനുള്ള വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ പ്രബല കക്ഷികളായ ഡിഎംകെയും അണ്ണാ ഡിഎംകെയും അടക്കമുള്ള വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ രംഗത്തിറങ്ങിയിരുന്നു. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയെങ്കിലും മൃഗാവകാശ പ്രവര്‍ത്തകര്‍ സുപ്രിംകോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് ഇത് സ്‌റ്റേ ചെയ്തു.  പിന്നീട് തമിഴ്‌നാടിനോട് ഈ വിഷയത്തില്‍ പ്രതികരണം അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് ജെല്ലിക്കെട്ട് നിരോധിക്കരുതെന്ന് തമിഴ്‌നാട് ആവശ്യപ്പെട്ടത്.

(Visited 179 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക