|    Jul 18 Wed, 2018 10:16 pm
FLASH NEWS

ജെയ്‌സനെ ഇനിയും കണ്ടെത്താനായില്ല ; പന്നിയാര്‍ ദുരന്തത്തിനു 10 വയസ്

Published : 18th September 2017 | Posted By: fsq

 

അടിമാലി: പന്നിയാര്‍ പെന്‍സ്റ്റോക്ക് ദുരന്തത്തിനു 10 വയസ്. 2007 സപ്തംബര്‍ 17നാണ് വൈദ്യുതി ബോര്‍ഡ് അസി. എന്‍ജിനീയര്‍ ഉള്‍പ്പെടെ എട്ടു ജീവനക്കാരുടെ ജീവന്‍ അപഹരിച്ച് പന്നിയാര്‍ ജല വൈദ്യുത പദ്ധതിയുടെ പെന്‍സ്റ്റോക്ക് പൊട്ടിയത്. വൈകീട്ട് 4.30ഓടെ പന്നിയാര്‍ വാല്‍വ് ഹൗസില്‍ നിന്നു പവര്‍ ഹൗസിലേക്കു വെള്ളം എത്തുന്ന പെന്‍സ്റ്റോക്കുകളില്‍ ഒരെണ്ണം പൊട്ടുകയായിരുന്നു. പന്നിയാര്‍, ചെങ്കുളം, നേര്യമംഗലം പവര്‍ ഹൗസുകളില്‍ ജോലിനോക്കിയിരുന്ന എട്ടുപേരാണു മരിച്ചത്. ഏക്കര്‍ കണക്കിനു കൃഷിയും 12ല്‍ അധികം വീടുകളും തകര്‍ന്നു. കൊരട്ടി കരയാംപറമ്പില്‍ എ എല്‍ ജോസ്, വെള്ളത്തൂവല്‍ പുത്തന്‍പുരയ്ക്കല്‍ റെജി, തോക്കുപാറ മാക്കല്‍ ജോബി, ശല്യാംപാറ തൊണ്ടിനേത്ത് ഷിബു, പന്നിയാകുട്ടി കാനത്തില്‍ സണ്ണി, നെടിയശാല വാഴപ്പിള്ളി സ്വദേശി ജോമറ്റ് ജോണ്‍, കുറുപ്പുംതറ സ്വദേശി ജിയോ സേവ്യര്‍, നാരകക്കാനം കൂട്ടുങ്കല്‍ ജയ്‌സണ്‍ എന്നിവരാണു മരിച്ചത്. ഇതില്‍ ജയ്‌സനെ ഇനിയും കണ്ടെത്താനായിട്ടില്ല. നേര്യമംഗലം ജലവൈദ്യുത നിലയത്തിലെ അസി. എന്‍ജിനീയറായിരുന്ന ജോസ് സുഹൃത്തുക്കളൊപ്പം അവിചാരിതമായി പന്നിയാറിലെത്തിയപ്പോഴാണു പെന്‍സ്റ്റോക്ക് പൊട്ടി ഒഴുകുന്നതു ശ്രദ്ധയില്‍പ്പെട്ടത്. വന്‍ദുരന്തം ഒഴിവാക്കുന്നതിനായി മറ്റു ജീവനക്കാരോടൊപ്പം കര്‍മനിരതനാവുമ്പോഴാണു ജോസ് മരണത്തിനു കീഴടങ്ങിയത്. പെന്‍സ്റ്റോക്ക് പൊട്ടിയതിനെ തുടര്‍ന്നുണ്ടായ വെള്ളത്തിന്റെ അതിശക്തമായ കുത്തൊഴുക്കിലാണു വീടുകളും കൃഷിയിടങ്ങളും ഒലിച്ചുപോയത്. വെള്ളം എത്തിക്കുന്ന പൊന്മുടി അണക്കെട്ടില്‍ നിന്നുള്ള ഇന്‍ഡക്ക് ഷട്ടര്‍ അടയ്ക്കാനുള്ള ശ്രമം പാളിയതോടെയാണ് ഇന്‍ഡക്കിനും ജലവൈദ്യുത നിലയത്തിനുമിടയിലുള്ള വാല്‍വ് ഹൗസിലെ ബട്ടര്‍ഫ്‌ളൈ വാല്‍വ് അടയ്ക്കാന്‍ എഇ എ എല്‍ ജോസിന്റെ നേതൃത്വത്തില്‍ വാല്‍വ് ഹൗസിലേക്കു പോയത്. എന്നാല്‍ കാലപ്പഴക്കത്താല്‍ തുരുമ്പെടുത്തും ദ്രവിച്ചും തകരാറിലായ ബോള്‍ട്ടുകള്‍ തകര്‍ന്നതോടെ വാല്‍വ് അടയ്ക്കാനുള്ള നീക്കം പാളി. ഇതോടെ വാല്‍വ് ഹൗസിനുള്ളിലും വെള്ളത്തിന്റെ കുത്തൊഴുക്കുണ്ടായി. ഇതില്‍ കുരുങ്ങിയാണ് എട്ടുപേരും മരിച്ചത്. മൃതദേഹങ്ങള്‍ പലതും വെള്ളപ്പാച്ചിലിനൊപ്പം കല്ലാര്‍കുട്ടി ജല സംഭരണിയിലേക്ക് ഒഴുകിയെത്തുകയായിരുന്നു. ആഴ്ചകള്‍ നീണ്ടുനിന്ന തിരച്ചിലിലാണു പലരുടെയും മൃതദേഹങ്ങള്‍ കണ്ടെത്താനായത്. ദുരന്തത്തെ തുടര്‍ന്നു കാണാതായ ജെയ്‌സണ്‍ എവിടെയെന്നത് ഇപ്പോഴും അജ്ഞാതമാണ്. പെന്‍സ്റ്റോക്ക് പൈപ്പിലുണ്ടായ തകരാര്‍ പരിഹരിക്കുന്നതിനു പോയ സംഘത്തില്‍ വൈദ്യുതി വകുപ്പിലെ ജീവനക്കാരനായിരുന്ന നാരകക്കാനം സ്വദേശി കൂട്ടുങ്കല്‍ ജെയ്‌സണുമുണ്ടായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss