|    May 30 Tue, 2017 2:42 am
FLASH NEWS

ജെയിംസ് കമ്മിറ്റി യോഗം മാറ്റിവച്ചു; തിടുക്കത്തില്‍ തീരുമാനമെടുക്കില്ല

Published : 23rd August 2016 | Posted By: SMR

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച് തുടര്‍നടപടികള്‍ തീരുമാനിക്കാന്‍ ചേര്‍ന്ന പ്രവേശന മേല്‍നോട്ട സമിതിയായ ജെയിംസ് കമ്മിറ്റിയുടെ യോഗം മാറ്റിവച്ചു. സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മുഴുവന്‍ സീറ്റുകളിലെയും പ്രവേശനം സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കിയുള്ള ഉത്തരവ് നിയമപരമായി നിലനില്‍ക്കുമോയെന്ന ആശങ്ക ഉയര്‍ന്ന പശ്ചാത്തലത്തിലാണിത്.
ഉത്തരവിനെ ചോദ്യംചെയ്ത് മാനേജ്‌മെന്റുകള്‍ കോടതിയില്‍ പോയാല്‍ അത് സര്‍ക്കാരിനു തിരിച്ചടിയാവും. സര്‍ക്കാര്‍ നിശ്ചയിച്ച സമയക്രമം അനുസരിച്ചുള്ള പ്രവേശന നടപടികള്‍ വീണ്ടും താളംതെറ്റുകയും ചെയ്യും. അതിനാല്‍, മാനേജ്‌മെന്റുകളുടെയും കോടതിയുടെയും നിലപാടുകള്‍ അറിഞ്ഞ ശേഷം യോഗം ചേര്‍ന്നാല്‍ മതിയെന്നാണ് ഇപ്പോഴത്തെ ധാരണ. സര്‍ക്കാര്‍ ഉത്തരവ് മാത്രമാണ് ഇപ്പോള്‍ ഇറക്കിയിരിക്കുന്നത്. കോടതിയില്‍ നിലനില്‍ക്കണമെങ്കില്‍ പ്രവേശനം സംബന്ധിച്ച് തയ്യാറാക്കുന്ന മാര്‍ഗരേഖയ്ക്ക് നിയമപ്രാബല്യമുണ്ടാവേണ്ടത് അനിവാര്യമാണ്.
സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിനായി രണ്ട് അലോട്ട്‌മെന്റുകളുടെ ഷെഡ്യൂള്‍ ജെയിംസ് കമ്മിറ്റി തയ്യാറാക്കിയിരുന്നു. ഇതില്‍ ആദ്യത്തെ അലോട്ട്‌മെന്റ് രണ്ടു മുതല്‍ അഞ്ചു വരെയാണ് നിശ്ചയിച്ചിരുന്നത്. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ നിര്‍ദേശമനുസരിച്ച് സപ്തംബര്‍ 30നകം പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ മതി. അതുകൊണ്ട് പ്രവേശന നടപടികള്‍ക്ക് മതിയായ സമയമുള്ളതിനാല്‍ തിടുക്കപ്പെട്ട് നടപടികള്‍ സ്വീകരിക്കേണ്ടതില്ലെന്നു തീരുമാനിക്കുകയായിരുന്നു.
ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജീവ് സദാനന്ദന്‍, പ്രവേശന പരീക്ഷാ കമ്മീഷണര്‍ ബി എസ് മാവോജി, കമ്മിറ്റി അംഗങ്ങള്‍ എന്നിവരുമായി ആലോചിച്ച ശേഷമാണ് ജെയിംസ് കമ്മിറ്റി യോഗം മാറ്റിയത്.  മുഴുവന്‍ മെഡിക്കല്‍ സീറ്റുകളും സര്‍ക്കാര്‍ ഏറ്റെടുത്ത് ഉത്തരവിറക്കിയതാണ് മാനേജ്‌മെന്റുകളെ ചൊടിപ്പിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day