|    May 29 Mon, 2017 6:55 pm
FLASH NEWS

ജെഡെ വധം: ഛോട്ടാ രാജന് എതിരേ അനുബന്ധ കുറ്റപത്രം

Published : 6th August 2016 | Posted By: SMR

മുംബൈ: പത്രപ്രവര്‍ത്തകന്‍ ജെഡെയെ കൊലപ്പെടുത്തിയ കേസില്‍ ഗുണ്ടാസംഘാഗം ഛോട്ടാരാജനെതിരേ സിബിഐ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. പ്രത്യേക മോക്ക കോടതിയിലാണു കുറ്റപത്രം സമര്‍പ്പിച്ചത്. ആഗസ്ത് അഞ്ചിനകം പുതിയ കുറ്റപത്രം സമര്‍പ്പിക്കാന്‍ ജൂലൈ അഞ്ചിനു മോക്ക കോടതി ജഡ്ജി എസ് എസ് അദ്കര്‍ സിബിഐക്ക് നിര്‍ദേശം നല്‍കിയിരുന്നു. അധോലോകത്തെക്കുറിച്ച് ജെഡെ പുസ്തകമെഴുതിയതു കൊണ്ടാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന് സിബിഐ പറയുന്നു. 2011ലാണ് ജെഡെ കൊല്ലപ്പെട്ടത്.
കേസില്‍ ഇതിനകം 41 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി. രവിറാം എന്ന സാക്ഷിയെ സിബിഐ പ്രതിയാക്കിയിട്ടുണ്ട്. രാജനെയും മറ്റു പ്രതികളെയും പ്രധാനമായി ബന്ധിപ്പിച്ചത് രവിറാം ആയതിനാലാണ് അയാളെ പ്രതിയാക്കിയതെന്ന് സിബിഐ അറിയിച്ചു. രാജന്റെ നിര്‍ദേശാനുസരണം 20 ആഗോള സിമ്മുകള്‍ വിതരണം ചെയ്തത് റാമാണ്.
കേസില്‍ അറസ്റ്റിലായ പത്രപ്രവര്‍ത്തക ജിഗ്‌ന വോറയും രാജനും നടത്തിയ സംഭാഷണങ്ങളുടെ വിശദാംശങ്ങള്‍ സിബിഐ കുറ്റപത്രത്തിലുണ്ട്. ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ ശബ്ദ സാംപിള്‍ പരിശോധന രാജന്റെ ശബ്ദമായി യോജിക്കുന്നുണ്ടെന്ന് സിബിഐ അറിയിച്ചു.
കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 25ന് ഇന്തോനീസ്യയിലെ ബാലി വിമാനത്താവളത്തില്‍വച്ചാണ് ഛോട്ടാരാജന്‍ അറസ്റ്റിലായത്. പിന്നീട് ഇയാളെ ഇന്ത്യക്ക് കൈമാറുകയായിരുന്നു. ജെഡെ വധമടക്കം മഹാരാഷ്ട്രയില്‍ രാജനെതിരേ 70 ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസുകളെല്ലാം സിബിഐക്ക് കൈമാറിയിട്ടുണ്ട്. ക്രൈം റിപോര്‍ട്ടായിരുന്ന ജെഡെ മുംബൈ പോവൈയില്‍വച്ചാണ് 2011 ജൂണ്‍ 11ന് വെടിയേറ്റ് മരിച്ചത്.
കേസില്‍ ആദ്യകുറ്റപത്രം സമര്‍പ്പിച്ചത് 2011ലായിരുന്നു. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ജിഗ്‌ന വോറ ഇപ്പോള്‍ ജാമ്യത്തില്‍ പുറത്താണ്. തൊഴില്‍പരമായ ശത്രുതയുടെ പേരില്‍ ജെഡെയെ കൊല്ലാന്‍ വോറ, ഛോട്ടാരാജനെ പ്രേരിപ്പിച്ചുവെന്നും കുറ്റപത്രത്തിലുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day