|    Aug 18 Fri, 2017 6:55 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ജെഡിയു പിളരുന്നു; ശരത് യാദവ് പുതിയ പാര്‍ട്ടി രൂപീകരിച്ചേക്കും

Published : 3rd August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ബിഹാറില്‍ നിതീഷ് കുമാര്‍ ബിജെപിയുമായി കൂട്ടുചേര്‍ന്നു സര്‍ക്കാര്‍ രൂപീകരിച്ച സാഹചര്യത്തില്‍ മുതിര്‍ന്ന ജെഡിയു നേതാവ് ശരത് യാദവ് പുതിയ പാര്‍ട്ടി രൂപീകരിച്ചേക്കും. ബിജെപിയോട് അടുക്കാനുള്ള തീരുമാനം നിതീഷ് തങ്ങളോട് കൂടിയാലോചിക്കാതെ എടുത്തതാണെന്ന് ശരത് യാദവ്, എംപി വീരേന്ദ്രകുമാര്‍, അലിഅന്‍വര്‍ തുടങ്ങിയവര്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ശരത് യാദവ് ബിഹാറിലെ ജെഡിയു നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. യാദവ് സമാനമനസ്‌കരായ പാര്‍ട്ടി നേതാക്കളുമായും ചര്‍ച്ചനടത്തിവരികയാണെന്ന് അദ്ദേഹവുമായി അടുപ്പമുള്ള ജെഡിയു നേതാവ് വിജയ് വര്‍മ എംഎല്‍എ പറഞ്ഞു. ഇതുസംബന്ധിച്ച ഔദ്യോഗികപ്രഖ്യാപനം ഈയാഴ്ചതന്നെയുണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു.  ജെഡിയുവില്‍ പിളര്‍പ്പ് ഉറപ്പായിരിക്കെ ശരത് യാദവ് പക്ഷത്തേക്കുള്ള ഒഴുക്ക് തടയാന്‍ നിതീഷ് വിഭാഗം നീക്കംതുടങ്ങിയിട്ടുണ്ട്. പാര്‍ട്ടി പിളര്‍പ്പിലേക്കു പോവുകയാണെന്ന കാര്യം ജെഡിയു നിഷേധിച്ചതുമില്ല. തങ്ങളുടെ മുതിര്‍ന്ന നേതാവായ ശരത് യാദവ് ഇപ്പോള്‍ വേറെവഴിയിലാണെന്നും ഏതുതീരുമാനവുമെടുക്കാന്‍ അദ്ദേഹത്തിനു സ്വാതന്ത്രമുണ്ടെന്നും പാര്‍ട്ടി വക്താവ് സഞ്ജയ് സിങ് പറഞ്ഞു. നിതീഷിന്റെ തീരുമാനത്തിനെതിരേ കേരളാഘടകം ഉള്‍പ്പെടെ രംഗത്തുവന്നിരുന്നു. യാദവ് പാര്‍ട്ടിവിടുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, അതൊക്കെ ആര്‍ക്കറിയാമെന്നും തന്റെ ഭാരം അത്രയും കുറയുമെന്നുമാണ് നിതീഷ് പ്രതികരിച്ചത്. നിതീഷിന്റെ കൂറുമാറ്റത്തോട് അഞ്ചുദിവസത്തോളം മൗനം തുടര്‍ന്ന യാദവ്, തിങ്കളാഴ്ചയാണു പരസ്യമായി വിയോജിപ്പ് അറിയിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക