|    Jun 22 Fri, 2018 9:02 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ജെഡിയു ഇടതുപാളയത്തിലേക്ക് : അനുനയ ശ്രമവുമായി കോണ്‍ഗ്രസ്

Published : 14th July 2017 | Posted By: fsq

 

തിരുവനന്തപുരം: യുഡിഎഫ് ബന്ധം അവസാനിച്ച് ഇടതുപാളയത്തിലേക്ക് ചേക്കേറുമെന്ന സൂചനയുമായി ജെഡിയു നേതാക്കള്‍. ഈവര്‍ഷം അവസാനത്തോടെ മുന്നണിമാറ്റം ഉണ്ടായേക്കുമെന്നും അന്തിമ തീരുമാനം ചെയര്‍മാന്‍ വീരേന്ദ്രകുമാര്‍ കൈക്കൊള്ളുമെന്നും ജെഡിയു നേതൃത്വം സൂചന നല്‍കി. ഇതേത്തുടര്‍ന്ന് അനുനയ ശ്രമങ്ങളുമായി കോണ്‍ഗ്രസ് രംഗത്തുവന്നു. എന്നാല്‍, യുഡിഎഫ് വിട്ടുവന്നാല്‍ തുറന്ന മനസ്സോടെ സ്വീകരിക്കുമെന്ന് എല്‍ഡിഎഫ് നേതൃത്വം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ തിരിച്ചടികളെ തുടര്‍ന്നാണ് ജെഡിയു വീണ്ടും കളംമാറ്റത്തിന് തയ്യാറെടുക്കുന്നത്. കോണ്‍ഗ്രസ്സിലെ ആഭ്യന്തരപ്രശ്‌നങ്ങള്‍ യുഡിഎഫ് ഘടകകക്ഷികളെ ദുര്‍ബലപ്പെടുത്തിയെന്നാണ് ജെഡിയു നിലപാട്. കൂടാതെ, ദേശീയരാഷ്ട്രീയത്തില്‍ പാര്‍ട്ടി നേരിടുന്ന അനിശ്ചിതത്വവും സംസ്ഥാനഘടകത്തെ കടുത്ത ആശയക്കുഴപ്പത്തിലാക്കി. എന്നാല്‍, സോഷ്യലിസ്റ്റ് മുഖം ശക്തിപ്പെടുത്താനുള്ള നീക്കത്തിനിടെ കെ പി മോഹനന്‍ ഉള്‍പ്പെടെയുള്ള ഒരു വിഭാഗം നേതാക്കളുടെ എതിര്‍പ്പ് നേതൃത്വത്തിന് തലവേദനയാവും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിനെതിരേ പാര്‍ട്ടിക്ക് അമര്‍ഷമുണ്ട്. കോണ്‍ഗ്രസ്സിനും ജെഡിയുവിനും സ്വാധീനമുള്ള മേഖലയില്‍ എല്‍ഡിഎഫ് വന്‍ വിജയം നേടി. ഘടകകക്ഷികളെ തോല്‍പ്പിക്കുന്ന സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്നും ജെഡിയു കുറ്റപ്പെടുത്തുന്നു. സംസ്ഥാനത്തിനകത്തുപോലും ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ്സിന് കഴിയുന്നില്ലെന്ന വിമര്‍ശനവും മുന്നണി വിടുന്നതിന് ജെഡിയുവിനെ പ്രേരിപ്പിക്കുന്നു.  എല്‍ഡിഎഫിലേക്കുള്ള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ക്ഷണം പോസിറ്റീവായി കാണുന്നതായി ജെഡിയു സംസ്ഥാന വൈസ് പ്രസിഡന്റ് ചാരുപാറ രവി പറഞ്ഞു. മുന്നണി പ്രവേശനം സംബന്ധിച്ച് നേതാക്കള്‍ തമ്മില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പും ശേഷവും ചര്‍ച്ചനടന്നു. എല്‍ഡിഎഫില്‍ ജെഡിയുവിന് കൂടുതല്‍ സുരക്ഷിതത്വബോധവും കാര്യങ്ങള്‍ തുറന്നുപറയാനുള്ള അവസരവുമുണ്ട്. യുഡിഎഫില്‍ പലതും വിഴുങ്ങേണ്ട അവസ്ഥയാണ്. യുഡിഎഫിലെത്തിയശേഷം ലോക്‌സഭ, നിയമസഭ, തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്കുണ്ടായ പരാജയത്തിലെ കടുത്ത അതൃപ്തി ജന. സെക്രട്ടറി വര്‍ഗീസ് ജോര്‍ജും വ്യക്തമാക്കി. നേമത്ത് കോണ്‍ഗ്രസ് കാലുവാരിയതോടെ ദയനീയ പരാജയം നേരിട്ടതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ജെഡിയു നിലപാടിനോട് അനുകൂല സമീപനവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ രംഗത്തെത്തി. മുന്നണി വിട്ടുവന്നാല്‍ ചര്‍ച്ചയാവാം. ജെഡിയു എല്‍ഡിഎഫില്‍ നില്‍ക്കേണ്ട കക്ഷിയാണെന്നും വൈക്കം വിശ്വന്‍ പ്രതികരിച്ചു.അതേസമയം, ജെഡിയു യുഡിഎഫില്‍ ഉണ്ടാവുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജെഡിയുവുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പറഞ്ഞു. ഘടകകക്ഷികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന ശീലമാണ് യുഡിഎഫിനുള്ളത്. യുഡിഎഫിന്റെ സമരങ്ങള്‍ ശക്തമല്ലെന്ന ജെഡിയു വാദം ശരിയല്ല. അക്രമസമരങ്ങളല്ല യുഡിഎഫ് നയമെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. പ്രശ്‌നപരിഹാരത്തിനായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ജെഡിയു നേതാക്കളുമായി ഫോണില്‍ സംസാരിച്ചു. എന്നാല്‍, ജെഡിയു എല്‍ഡിഎഫിലേക്കെന്ന വാര്‍ത്ത മുതിര്‍ന്ന നേതാവ് കെ പി മോഹനന്‍ നിഷേധിച്ചു. ഇതുസംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ല. ചില നേതാക്കള്‍ അവര്‍ക്കുതോന്നിയപോലെ പറയും. അത് പാര്‍ട്ടി തീരുമാനമല്ല. അണികള്‍ക്കിടയിലും അത്തരം തീരുമാനമില്ലെന്നും യുഡിഎഫില്‍ നല്ല പരിഗണനയാണ് ലഭിക്കുന്നതെന്നും കെ പി മോഹനന്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss