|    Jul 20 Fri, 2018 5:45 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ജെഡിയു ഇടക്കാല അധ്യക്ഷനായി ചോട്ടുഭായ് അമര്‍സിങ് വാസവ

Published : 18th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ജനതാദള്‍ യു (ജെഡിയു) ഇടക്കാല അധ്യക്ഷനായി ഗുജറാത്തില്‍ നിന്നുള്ള പാര്‍ട്ടി എംഎല്‍എ ചോട്ടുഭായ് അമര്‍സിങ് വാസവയെ ശരത് യാദവ് വിഭാഗം ഐകകണ്‌ഠ്യേന തിരഞ്ഞെടുത്തു. ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. നിതീഷ് കുമാറിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞമാസം പട്‌നയില്‍ ചേര്‍ന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ എടുത്ത എല്ലാ തീരുമാനങ്ങളും ഇന്നലെ നടന്ന യോഗം റദ്ദാക്കി. കേരളം ഉള്‍പ്പെടെ 19 സംസ്ഥാന ഘടകങ്ങളും ഒരു കേന്ദ്രഭരണ പ്രദേശവും ശരത് യാദവ് വിഭാഗത്തിനു പിന്തുണയുമായി യോഗത്തില്‍ പങ്കെടുത്തു. അടുത്തമാസം എട്ടിനു ചേരുന്ന ദേശീയ കൗണ്‍സില്‍ യോഗം ശരത് യാദവിനെ അധ്യക്ഷനായി തിരഞ്ഞെടുക്കുമെന്നാണു സൂചന. കേരളത്തില്‍ നിന്നു ദേശീയ എക്‌സിക്യൂട്ടീവിലേക്ക് ഏഴ് അംഗങ്ങളാണുള്ളത്. ഇതില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ്, മുന്‍ മന്ത്രി കെ പി മോഹനന്‍, ശെയ്ഖ് പി ഹാരീസ്, ചാരുപ്പാറ രവി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. സംസ്ഥാന പ്രസിഡന്റ് എം പി വീരേന്ദ്രകുമാര്‍, എം വി ശ്രേയാംസ്‌കുമാര്‍, വി സുരേന്ദ്രന്‍പിള്ള എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തില്ല. വീരേന്ദ്രകുമാര്‍ അനാരോഗ്യം മൂലവും മറ്റു രണ്ട് പേര്‍ മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളുള്ളതിനാലുമാണു യോഗത്തില്‍ നിന്നു വിട്ടുനിന്നതെന്നു വര്‍ഗീസ് ജോര്‍ജ് പറഞ്ഞു. ആറു മാസത്തിനകം സംഘടനാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനാണു യോഗത്തിന്റെ തീരുമാനം. ഇതിനായി സുഭാഷ് ചന്ദ്ര ശ്രീവാസ്തവയെ റിട്ടേണിങ് ഓഫിസറായി നിയമിച്ചു. പാര്‍ട്ടി ചിഹ്നത്തിനായി അവകാശവാദം ഉന്നയിച്ച് ശരത് യാദവ് വിഭാഗം നല്‍കിയ അപേക്ഷയില്‍ മതിയായ രേഖകളില്ലെന്നു തിരഞ്ഞെടുപ്പു കമ്മീഷന്‍ അടുത്തിടെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പിന്നാലെയാണു നടപടികള്‍ പാലിച്ച് പാര്‍ട്ടി പിടിച്ചെടുക്കാന്‍ ശരത് യാദവ് വിഭാഗം നീക്കം ആരംഭിച്ചത്. അതിന്റെ ആദ്യപടിയായിട്ടാണ് ഇന്നലെ യോഗം ചേര്‍ന്നത്. ഇന്നലത്തെ യോഗത്തിന്റെ തീരുമാനങ്ങളും അതില്‍ പങ്കെടുത്ത അംഗങ്ങളുടെ ഒപ്പും അടക്കമുള്ള രേഖകള്‍ തിരഞ്ഞെടുപ്പു കമ്മീഷനില്‍ സമര്‍പ്പിക്കും. നാലാഴ്ചയ്ക്കകം രേഖകള്‍ സമര്‍പ്പിക്കുമെന്നാണു ശരത് യാദവ് വിഭാഗം തിരഞ്ഞെടുപ്പു കമ്മീഷനെ അറിയിച്ചിട്ടുള്ളത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss