|    Mar 25 Sat, 2017 1:31 am
FLASH NEWS

ജെഡിയുവിന്റെ മുന്നണിമാറ്റ ചര്‍ച്ച പുതിയ വഴിത്തിരിവില്‍

Published : 9th January 2016 | Posted By: SMR

ഹനീഫ എടക്കാട്

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍മാത്രം ശേഷിക്കെ ജെഡിയുവിന്റെ മുന്നണിമാറ്റ ചര്‍ച്ച പുതിയ വഴിത്തിരിവില്‍. പാര്‍ട്ടിയിലെ ഏക മന്ത്രി കെ പി മോഹനന്‍, യുഡിഎഫ് വിടുന്നതിലുള്ള എതിര്‍പ്പ് പരസ്യമായി അറിയിച്ചതോടെയാണ് ചര്‍ച്ച പുതിയ തലത്തില്‍ എത്തിയത്. മുന്നണിമാറ്റത്തെ കുറിച്ച് പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും പിണറായി വിജയന്‍ കാപട്യക്കാരനും കുബുദ്ധിക്കാരനുമാണെന്നാണ് കെ പി മോഹനന്‍ പ്രതികരിച്ചത്.
ഇന്ന് കോഴിക്കോട്ട് ജില്ലാ കൗണ്‍സില്‍ യോഗം നടക്കാനിരിക്കെ മോഹനന്‍ പരസ്യ നിലപാടെടുത്തതും ശ്രദ്ധേയമാണ്. ത്രിതല തിരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്യാനാണ് കൗണ്‍ലില്‍ ചേരുന്നതെങ്കിലും മുന്നണി മാറ്റവും ചര്‍ച്ചയാവും. പ്രസിഡന്റ് എം പി വീരേന്ദ്രകുമാറും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. നാളെ നടത്താന്‍ നിശ്ചയിച്ച കണ്ണൂര്‍ ജില്ലാ കൗണ്‍സില്‍ യോഗം മാറ്റിവച്ചിട്ടുണ്ട്. വീരേന്ദ്രകുമാറിന്റെയും മന്ത്രി കെ പി മോഹനന്റെയും സൗകര്യം കണക്കിലെടുത്താണ് മാറ്റിയതെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും മന്ത്രിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് യോഗം മാറ്റിയതെന്നാണ് അറിയുന്നത്.
തിരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള മുന്നണിമാറ്റം പാര്‍ട്ടിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും ദേശീയ രാഷ്ട്രീയ കാലാവസ്ഥ പരിഗണിച്ച് യുഡിഎഫില്‍ തുടരുന്നതാണ് അഭികാമ്യമെന്നും മന്ത്രിയെ അനുകൂലിക്കുന്നവര്‍ പറയുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ കാലുവാരലും പാലക്കാട്ടെ തോല്‍വിയും മാത്രം കാരണമാക്കി മുന്നണി മാറുന്നത് പൊതുസമൂഹത്തിനിടയില്‍ പാര്‍ട്ടിക്ക് അവമതിപ്പിനിടയാക്കുമെന്നും യുഡിഎഫ് അനുകൂലികള്‍ വിലയിരുത്തുന്നു.
വീരേന്ദ്രകുമാര്‍ ശത്രുപക്ഷത്തെ ബന്ധുവാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയും പുതിയ രാഷ്ട്രീയമാറ്റത്തിന്റെ സൂചന നല്‍കി. ഇതിനിടെയാണ് പരിഭവങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ ഉമ്മന്‍ചാണ്ടി തിരക്കിട്ട പരിപാടികള്‍ക്കിടെ എം പി വീരേന്ദ്രകുമാറിനെ വീട്ടില്‍ സന്ദര്‍ശിച്ചത്.
ജനതാദള്‍(യു)വിനെ എല്‍ഡിഎഫിലെത്തിക്കണമെന്ന് മുന്നണിയിലും പ്രത്യേകിച്ച് സിപിഎമ്മിലും നേരത്തെ പുനശ്ചിന്തയുണ്ടായിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിനു ശേഷം ഈ ചിന്തയ്ക്കും നിലപാടിനും കൂടുതല്‍ പിന്തുണ ലഭിക്കുകയും ചെയ്തു. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ നേരത്തെ ഈനിലപാടില്‍ തന്നെയായിരുന്നെങ്കില്‍ പിണറായി വിജയന്‍ പ്രത്യക്ഷത്തില്‍ ഒരു നിലപാടും സ്വീകരിച്ചിരുന്നില്ല. തിരുവനന്തപുരത്തെ പുസ്തകപ്രകാശന ചടങ്ങോടെ പിണറായി വിജയനും അനുകൂല സമീപനം സ്വീകരിച്ചതോടെയാണ് മുന്നണിമാറ്റ ചര്‍ച്ച സജീവമായത്. യുഡിഎഫില്‍നിന്നുള്ള അവഗണന ചില ജനതാദള്‍(യു) നേതാക്കള്‍ പരസ്യപ്പെടുത്താന്‍ തുടങ്ങിയതും ഈ വാദത്തെ ശക്തിപ്പെടുത്തി.

(Visited 55 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക