വൈപ്പിന്‍: മുരുക്കുപാടം മല്‍സ്യബന്ധന മേഖലയിലെ അശാസ്ത്രീയമായ ജെട്ടി ലൈസന്‍സ് ഫീസ് വര്‍ധന പിന്‍വലിക്കാതെ പോര്‍ട്ട് ട്രസ്റ്റിന്റെ നിലപാട് വിവേചനപരമായി തുടരുന്ന സാഹചര്യത്തില്‍ പ്രശ്നത്തില്‍ കെ വി തോമസ് എംപിയും എസ് ശര്‍മ എംഎല്‍എയും ഇടപെടുന്നു. ഇതിന്റെ ഭാഗമായി ശനിയാഴ്ച മുരുക്കുംപാടം മല്‍സ്യമേഖല സംരക്ഷണ സമിതി എസ് ശര്‍മ എംഎല്‍എയുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്ന് നിലവിലുള്ള സാഹചര്യങ്ങളും മറ്റും ചര്‍ച്ച ചെയ്തു.
ഇന്ന് ഉച്ചക്ക് 12.30ന് സമര സമിതി നേതാക്കളും പൊതുപ്രവര്‍ത്തകരും ജില്ലാ ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികളും എംഎല്‍എയുടെ നേതൃത്വത്തില്‍ എറണാകുളം ഗസ്റ്റ്ഹൗസില്‍വച്ച് പ്രഫ. കെ വി തോമസ് എംപിയെ കാണും.
ഇതിനു ശേഷം എംഎല്‍എയും എംപിയും സമര സമിതി പ്രതിനിധിയും പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാനുമായി ചര്‍ച്ച നടത്തി പ്രശ്നത്തിനു അന്തിമ പരിഹാരമുണ്ടാക്കാനാണ് ശ്രമം. ജെട്ടി ലൈസന്‍സ് ഫീസ് യാതൊരു മാനദണ്ഡവുമില്ലാതെ അന്യായമായി വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് മല്‍സ്യബന്ധന മേഖല നേരിടുന്ന പ്രതിസന്ധി വൈസ് ചെയര്മാന് പോള്‍ രാജന് മാമ്പിള്ളിയുടെ നേതൃത്വത്തില്‍ സമര സമിതിയംഗങ്ങള്‍ കഴിഞ്ഞമാസം മുഖ്യമന്ത്രിയെ നേരില്‍ ധരിപ്പിച്ചിരുന്നു.
തുടര്‍ന്ന് മുഖ്യമന്ത്രി പ്രശ്നത്തില്‍ ഇടപെട്ട സാഹചര്യത്തിലാണ് എംപിയും എംഎല്‍എയും പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാനും, സമരസമിതി പ്രതിനിധികളും തമ്മില്‍ അനുരഞ്ജന ചര്‍ച്ചക്കുള്ള വഴി തെളിഞ്ഞത്.
ഇതിനിടെ ആദ്യത്തെ രീതിയിലുള്ള വര്‍ധനവില്‍നിന്നും വിഭിന്നമായി ഏഴു തട്ടുകളാക്കി ജെട്ടിലൈസന്സ് ഫീസ് പുനര്‍ നിര്ണയിച്ചുകൊണ്ട് പോര്‍ട്ട് ഒരു വിജ്ഞാപനമിറക്കിയെങ്കിലും സമര സമിതി ഇത് അംഗീകരിച്ചില്ല. ചെയര്‍മാന്റെ നടപടി ഏകപക്ഷീയമാണെന്നാണ് സമിതിയുടെ വാദഗതി.
മാത്രമല്ല മേജര്‍ പോര്‍ട്ടുകളുടെ കീഴിലുള്ള ജെട്ടികളിലെ ലൈസന്‍സ് ഫീസുകളുടെ താരിഫ് നിശ്ചയിക്കാനുള്ള അധികാരം കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാനില്‍ നിക്ഷിപ്തമല്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ തീരുമാനത്തിന് നിയമസാധുതയില്ലെന്നും സമര സമിതി നേതാക്കളായ ടി സി സുബ്രഹ്മണ്യന്, പോള്‍ രാജന് മാമ്പിള്ളി, പി ആര് മുരളി, ഗില്‍റോയ്, പി കെ ഷാജി ചൂണ്ടിക്കാട്ടി.
മാത്രമല്ല ഇതേ രീതിയില്‍ ഫീസ് ചുമത്താന്‍ നിലവിലുള്ള ജെട്ടികള്‍ പോര്‍ട്ട് നിര്‍മിച്ചു നല്കുന്നവയല്ല.
ഇത് ഐസ് പ്ലാന്റുകാരും, ഡീസല്‍ പമ്പുടമകളും, ഹാര്‍ബര്‍ ഉടമകളും സ്വന്തം ചെലവില്‍ നിര്‍മിക്കുന്നതും കാലാകാലങ്ങളില്‍ ഉള്ള അറ്റകുറ്റപ്പണികള്‍ ഇവര്‍ സ്വന്തം ചെലവില്‍ തന്നെ തീര്‍ക്കുകയുമാണ് ചെയ്യുന്നത്. ഇതിനാണ് ലക്ഷങ്ങള്‍ ലൈസന്‍സ് ഫീസ് ഇനത്തില്‍ പോര്‍ട്ട് ആവശ്യപ്പെടുന്നത്.
ചെന്നൈ, മുംബൈ പോലുള്ള സ്ഥലങ്ങളിലെ മേജര്‍ പോര്‍ട്ടുകളില്‍ ഇതു പോലുള്ള ജെട്ടികള്‍ക്ക് ഒരു വിധത്തിലുമുള്ള ഫീസ് ഈടാക്കുന്നില്ലെന്നും സമര സമിതി നേതാക്കള്‍ ചൂണ്ടിക്കാട്ടി. പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ 18ന് കൊച്ചി അഴിമുഖം ഉപരോധിക്കാനാണ് ഇപ്പോഴത്തെ നീക്കം.
ഹാര്‍ബര്‍ നടത്തിപ്പുകാര്‍, തരകന്മാര്, ബോട്ട് ഉടമകള്‍, ജെട്ടി ഉടമകള്‍, ഐസ് പ്ലാന്റ് ഉടമകള്‍, കച്ചവടക്കാര്‍, പഞ്ചായത്ത് മെംബര്‍മാര്‍, വിവിധ മേഖലകളിലുള്ള വനിതകള്‍, മല്‍സ്യബന്ധന വള്ളങ്ങള്‍, ബോട്ടുകള്‍, രാഷ്ട്രീയ ട്രേഡ് യൂനിയന്‍ പ്രതിനിധികള്‍ എന്നിവര്‍ സമരത്തില്‍ സംബന്ധിക്കും. ശനിയാഴ്ച കാളമുക്ക് ഹാര്‍ബറില്‍ നടന്ന യോഗം എസ് ശര്‍മ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്തംഗം കെ ജി ഡോണോ അധ്യക്ഷനായിരുന്നു. ജില്ലാപഞ്ചായത്തംഗം സോന ജയരാജ്, എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് വി കെ കൃഷ്ണന്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് ജോസി വൈപ്പിന്‍, അഡ്വ. മജ്നു കോമത്ത്, കെ കെ പുഷ്കരന്, സി കെ മോഹന്‍, സി കെ ആന്റപ്പന്, പി ആര് മുരളി, ടി സി സുബ്രഹ്മണ്യന്, കെ എം പ്രദീപ്, പി കെ ബാബു സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.