|    Jan 19 Thu, 2017 10:24 pm
FLASH NEWS

ജെഎന്‍യു വിദ്യാര്‍ഥി നേതാവിനെതിരായ കേസില്‍ ഡല്‍ഹി ഹൈക്കോടതി; എന്‍ഐഎ വേണ്ട

Published : 17th February 2016 | Posted By: SMR

മുഹമ്മദ് സാബിത്

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ അധ്യക്ഷന്‍ കനയ്യ കുമാറിനെതിരെയുള്ള രാജ്യദ്രോഹക്കേസ് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)ക്കു വിടണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളി.
ജെഎന്‍യുവില്‍ അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടി സംഘടിപ്പിച്ചതും തുടര്‍ന്നുണ്ടായ സംഘര്‍ഷവും എന്‍ഐഎ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകനായ അഭിഭാഷകന്‍ രഞ്ജന അഗ്‌നിഹോത്രി സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജിയാണ് ജസ്റ്റിസ് മന്‍മോഹന്‍ അധ്യക്ഷനായ ബെഞ്ച് തള്ളിയത്. സംഭവത്തില്‍ ഡല്‍ഹി പോലിസ് തുടങ്ങിയ അന്വേഷണം തുടരട്ടെ. കോടതിക്ക് അനാവശ്യമായി ഇടപെടാനാവില്ല. ഇപ്പോഴത്തെ പരാതി അനവസരത്തിലുള്ളതാണെന്നും അതിനാല്‍ തള്ളുകയാണെന്നും കോടതി വ്യക്തമാക്കി.
കനയ്യ കുമാറിനെ കസ്റ്റഡിയിലെടുത്ത ശേഷം പൊട്ടിപ്പുറപ്പെട്ട വിദ്യാര്‍ഥി സമരങ്ങളുടെ സത്യാവസ്ഥ അറിയാനും അതിനു പിന്നില്‍ ആരാണെന്നതു കണ്ടുപിടിക്കാനും ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. കേസ് പോലിസ് അന്വേഷിക്കുന്നത് സത്യസന്ധമായല്ലെന്നും അതിനാല്‍ എന്‍ഐഎക്കു വിടണമെന്നുമായിരുന്നു ഹരജിക്കാരന്റെ ആവശ്യം. എന്നാല്‍ കേസ് ഡല്‍ഹി പോലിസിനുതന്നെ അന്വേഷിക്കാനും അവസാനിപ്പിക്കാനും കഴിയുമെന്നു കോടതി നിരീക്ഷിച്ചു. കാംപസില്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയിട്ടുണ്ടെന്നും ഇതു യുവാക്കളുടെ പിഴവാണോ അതോ ഗൂഢാലോചനയാണോ എന്നത് പോലിസ് അന്വേഷിച്ചുവരികയാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
അതിനിടെ പട്യാല കോടതിയിലും പരിസരത്തും മാധ്യമപ്രവര്‍ത്തകരടക്കമുള്ളവര്‍ മര്‍ദ്ദനത്തിനിരയായ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏതാനും അഭിഭാഷകര്‍ക്കെതിരേ കേസെടുത്തതായി ഡല്‍ഹി പോലിസ് കമ്മീഷണര്‍ ബി എസ് ബസ്സി അറിയിച്ചു.
ജെഎന്‍യു വിദ്യാര്‍ഥികള്‍ക്കൊപ്പം അധ്യാപകരും ഇന്നലെ സമരത്തില്‍ പങ്കെടുത്തു. പോലിസ് നടപടികളില്‍ പ്രതിഷേധിച്ച് ‘ദേശീയത’യുമായി ബന്ധപ്പെട്ട് തുറന്ന ക്ലാസ് സംഘടിപ്പിക്കുമെന്നു ചില അധ്യാപകര്‍ പറഞ്ഞുവെങ്കിലും പിന്നീടു തീരുമാനം മാറ്റി. ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്റെ നേതൃത്വത്തില്‍ നാളെ ജന്തര്‍മന്ദറിലേക്ക് മാര്‍ച്ച് നടത്താന്‍ വിദ്യാര്‍ഥികള്‍ തീരുമാനിച്ചിട്ടുണ്ട്.
അതിനിടെ ലോകത്തെ വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള നാനൂറിലധികം അധ്യാപകരും ഗവേഷകരും ജെഎന്‍യു വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പിന്തുണ പ്രഖ്യാപിച്ചു. അമേരിക്കയിലെ ഹര്‍വാഡ്, യേല്‍, കൊളംബിയ, ബ്രിട്ടനിലെ കാംബ്രിജ് തുടങ്ങിയ സര്‍വകലാശാലയിലെ അധ്യാപകരും മറ്റുമാണു സംയുക്ത പ്രസ്താവനയില്‍ ഒപ്പുവച്ചിരിക്കുന്നത്. വിദ്യാര്‍ഥി ആക്റ്റിവിസത്തിന്റെയും രാഷ്ട്രീയ ചിന്തകളുടെ ബഹുസ്വരതയുടെയും പ്രതീകമാണ് ജെഎന്‍യുവെന്നും ഇതിനെയാണു ഭരണകൂടം തകര്‍ക്കാന്‍ ആഗ്രഹിക്കുന്നതെന്നും പ്രശ്‌നം ഇന്ത്യയുടേതു മാത്രമല്ലെന്നും പ്രസ്താവന പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 72 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക