|    Jun 22 Fri, 2018 5:17 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ജെഎന്‍യു വിദ്യാര്‍ഥിയുടെ തിരോധാനം പ്രത്യേക സംഘം അന്വേഷിക്കും

Published : 21st October 2016 | Posted By: SMR

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ എബിവിപി പ്രവര്‍ത്തകരുടെ മര്‍ദനത്തെ തുടര്‍ന്ന് കാണാതായ വിദ്യാര്‍ഥി നജീബ് അഹ്മദിനെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിക്കണമെന്ന് ഡല്‍ഹി പോലിസിനു നിര്‍ദേശം നല്‍കിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ്.
ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പത്തംഗ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചതായി ഡല്‍ഹി സൗത്ത് ഡിസിപി മനീഷ് ചന്ദ്ര അറിയിച്ചു. നജീബ് അഹ്മദിന്റെ തിരോധാനത്തെക്കുറിച്ച് രാജ്യത്തെ എല്ലാ പോലിസ് ഓഫിസര്‍മാരെയും വിവരം ധരിപ്പിക്കാനും മാധ്യമങ്ങളില്‍ പരസ്യം നല്‍കാനും തീരുമാനിച്ചതായി അഡീഷനല്‍ ഡിസിപി നൂപുര്‍ പ്രസാദ് പറഞ്ഞു. വിവരങ്ങള്‍ പോലിസിനു കൈമാറുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികം നല്‍കുമെന്നും അഡീഷനല്‍ ഡിസിപി വ്യക്തമാക്കി.
അതിനിടെ, നജീബിന്റെ തിരോധാനത്തില്‍ പ്രതിഷേധിക്കുന്ന ജെഎന്‍യു വിദ്യാര്‍ഥികള്‍ ഇന്നലെ വൈസ് ചാന്‍സലര്‍ എം ജഗദേഷ് കുമാര്‍ ഉള്‍പ്പെടെയുള്ള സര്‍വകലാശാലാ ഉദ്യോഗസ്ഥരെ 20 മണിക്കൂറോളം ഓഫിസില്‍ തടഞ്ഞുവച്ചു. വിദ്യാര്‍ഥിയെ കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും നജീബ് ഉടന്‍ കാംപസിലേക്കു മടങ്ങിയെത്തുമെന്നാണു പ്രതീക്ഷയെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു. നിയമവിരുദ്ധമായാണ് വിദ്യാര്‍ഥികള്‍ താനടക്കമുള്ളവരെ തടഞ്ഞുവച്ചതെന്നും അദ്ദേഹം ആരോപിച്ചു. നജീബിനെ കണ്ടെത്താന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് വൈസ് ചാന്‍സലര്‍ രേഖാമൂലം ഉറപ്പുനല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു വിദ്യാര്‍ഥികളുടെ ഉപരോധം. ഭരണനിര്‍വഹണ വിഭാഗത്തിന്റെ ഓഫിസാണ് വിദ്യാര്‍ഥികള്‍ ഉപരോധിച്ചത്. അനാരോഗ്യം പരിഗണിച്ച് സര്‍വകലാശാലാ രജിസ്ട്രാറെ മാത്രം ഓഫിസില്‍നിന്ന് പുറത്തുപോവാന്‍ വിദ്യാര്‍ഥികള്‍ അനുവദിച്ചു.
വൈസ് ചാന്‍സലര്‍ അടക്കമുള്ളവരെ നിയമവിരുദ്ധമായി തടഞ്ഞുവച്ചിരിക്കുകയാണെന്ന ആരോപണം ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് നിഷേധിച്ചു. ജെഎന്‍യുവില്‍ ചില വിദ്യാര്‍ഥികള്‍ വരുന്നത് രാഷ്ട്രീയം കളിക്കാനാണെന്നു കേന്ദ്രമന്ത്രി കിരണ്‍ റിജിജു കുറ്റപ്പെടുത്തി.
എന്റെ മോനെ നിങ്ങള്‍ എന്തുചെയ്തു…
ന്യൂഡല്‍ഹി: ഭക്ഷണംപോലും കഴിക്കാതെ കരഞ്ഞുകലങ്ങിയ കണ്ണുമായി കാംപസിന്റെ വരാന്തയില്‍ മകനെ കാത്തിരിക്കുകയാണ് ജെഎന്‍യുവില്‍ കാണാതായ വിദ്യാര്‍ഥി നജീബ് അഹ്മദിന്റെ മാതാവ് ഫാത്തിമ നഫീസ. അവനെ നിങ്ങള്‍ എന്തുചെയ്തു എന്നെങ്കിലും പറഞ്ഞുതരൂ- ഫാത്തിമ ചോദിക്കുന്നു. തന്റെ മകനെ മര്‍ദിച്ചവര്‍ ഇവിടെ മാന്യരായി നടക്കുകയാണെന്ന് കഴിഞ്ഞ അഞ്ചു ദിവസമായി മകനെ തിരക്കി ഉത്തര്‍പ്രദേശിലെ ബദായൂനില്‍നിന്നെത്തിയ ഫാത്തിമ പറഞ്ഞു. കാ—ംപസില്‍ വിദ്യാര്‍ഥികളോടൊപ്പം കഴിയുകയാണ് ഇവര്‍. മര്‍ദനമേറ്റ വിവരം നജീബ് ഫോണില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ ഡല്‍ഹിയിലേക്കു തിരിച്ചത്.
നജീബിന്റെ പിതാവ് കിടപ്പിലാണ്. താന്‍ വളരെ ബുദ്ധിമുട്ടിയാണ് മകനെ പഠിപ്പിക്കുന്നത്. മകന്റെ വിദ്യാഭ്യാസത്തിലും ഉയര്‍ച്ചയിലുമാണ് എല്ലാ പ്രതീക്ഷയും. അതു തകര്‍ക്കരുതെന്നാണ് ഫാത്തിമയുടെ അഭ്യര്‍ഥന. നിരവധി രോഗങ്ങളുള്ള ഫാത്തിമ നേരത്തിനു ഭക്ഷണവും മറ്റും കഴിക്കാന്‍ തയ്യാറാവുന്നില്ല. മകനെ കണ്ടിട്ടേ എന്തെങ്കിലും കഴിക്കു എന്ന ദൃഢനിശ്ചയത്തിലാണ് അവര്‍.
അതിനിടെ, നജീബിനെ കാണാതായ സംഭവത്തില്‍ ജെഎന്‍യു അധികൃതര്‍ പുലര്‍ത്തുന്ന അനാസ്ഥയ്‌ക്കെതിരേ അധ്യാപകരും രംഗത്തെത്തി. അധികൃതര്‍ പക്ഷപാത നിലപാടാണ് സ്വീകരിച്ചതെന്നും വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ വീഴ്ചവരുത്തിയെന്നും ജെഎന്‍യു ടീച്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അജയ് പട്‌നായിക് ആരോപിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss