|    Oct 17 Wed, 2018 9:22 pm
FLASH NEWS
Home   >  Editpage  >  Middlepiece  >  

ജെഎന്‍യു ഉയര്‍ത്തുന്ന കുതിരക്കുളമ്പടികള്‍

Published : 11th September 2017 | Posted By: fsq

ഞായറാഴ്ച (10/9) ഇതെഴുതുമ്പോള്‍ ഡല്‍ഹി ജെഎന്‍യു കാംപസില്‍ നിന്നുയരുന്ന തപ്പുതാളങ്ങളും യുവത്വത്തിന്റെ ധൈഷണികാംശം കലര്‍ന്ന ആര്‍പ്പോ ഇര്‍റോ വിളികളും എന്റെ കാതുകളില്‍ ഉല്‍സവാന്തരീക്ഷം നിറയ്ക്കുന്നു. ജെഎന്‍യു ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പൂര്‍ത്തിയാവുമ്പോള്‍ ഇടതുപക്ഷ സഖ്യങ്ങള്‍ വിജയപതാക ഉയര്‍ത്തുന്നു. പശുവിന്റെയും ജാതിഭ്രാന്തിന്റെയും അതിലേറെ വിഷലിപ്ത സംസ്‌കാരങ്ങളുടെ വിത്ത് ജെഎന്‍യു കാംപസില്‍ വിതച്ച് സ്വന്തം ഇരുതലമൂര്‍ച്ചയുള്ള കത്തികള്‍ക്ക് അരം ഇടുന്ന കാവിസംഘം ഏറെ പിറകിലാണ്. മറ്റൊരു സന്തോഷം കൂടിയുണ്ട്. ഇക്കുറി ചെയര്‍മാന്‍സ്ഥാനത്തടക്കം പെണ്‍കുട്ടികളാണ് അധികാരക്കസേരകളിലെത്തുക. ജെഎന്‍യു പോലൊരു സര്‍വകലാശാലയുടെ വിദ്യാര്‍ഥി യൂനിയന്‍ ഭാരവാഹിത്വം എന്നു പറയുന്നത് കനപ്പെട്ട അധികാരക്കസേര എന്നൊന്നും വിവക്ഷിതമല്ല. കാരണം, ഇടം വലം തിരിയാനും ശുദ്ധവായു ആവോളം ശ്വസിക്കാനും കാവിപ്പട ധൈഷണിക യുവത്വങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന പ്രവണതയാണിപ്പോള്‍ എവിടെയും. 4,600 വോട്ടുകളില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജോ. സെക്രട്ടറി എന്നീ നാലു കേന്ദ്ര സീറ്റുകളിലും ഇടതു വിദ്യാര്‍ഥിസഖ്യത്തിന് മുന്‍തൂക്കമുണ്ട്. ഗീതാകുമാരി, സിമന്‍സോയഖാന്‍, ദുഗ്ഗിരാല ശ്രീകൃഷ്ണ എന്നിവര്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി കസേര ഉറപ്പിച്ചുകഴിഞ്ഞു. ജെഎന്‍യു കാംപസില്‍ മുമ്പും ഇടതുസഖ്യങ്ങള്‍ അധികാരം കൈയാളിയിട്ടുണ്ട്. ഇത്തവണ ഉത്തരേന്ത്യന്‍ കാംപസുകളിലെ സ്ഥിതിഗതികള്‍ തികച്ചും വിഭിന്നം. ആയതിനാല്‍ ഇന്ത്യയിലെ പോരാട്ടവീര്യമുള്ള കാംപസുകള്‍ ജെഎന്‍യുവില്‍ സംഭവിക്കുന്നത് എന്ത് എന്നത് ഇരുചെവികളും കൂര്‍പ്പിച്ച് ജാഗരൂകമായിരുന്നു. എന്തുകൊണ്ട് ജെഎന്‍യു?ശ്രീമതി ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യവാഴ്ചയില്‍ ജയപ്രകാശ് നാരായണന്റെ ആഹ്വാനമനുസരിച്ച് വിദ്യാര്‍ഥി യാഗാശ്വങ്ങള്‍ കടിഞ്ഞാണ്‍ പൊട്ടിച്ച് കാംപസ് വേലികള്‍ കവച്ചുകടന്ന് ഇന്ത്യന്‍ മണ്ണില്‍ സൃഷ്ടിച്ച വിപ്ലവ കൊടുങ്കാറ്റുകള്‍ തലനരച്ച കോണ്‍ഗ്രസ്സിന്റെ വഴിപിഴച്ച പോക്കുകള്‍ക്കു കടിഞ്ഞാണിട്ടു. ഇന്ദിര തോറ്റു തുന്നംപാടി. എഴുപതുകള്‍ക്കുശേഷം ഇന്ത്യയില്‍ രാഷ്ട്രീയമാല്‍സര്യങ്ങള്‍ക്കു നൈതികത ഇത്തിരിയെങ്കിലും കല്‍പിച്ചുണ്ടായത് ഉത്തരേന്ത്യന്‍ കാംപസുകളില്‍ നിന്നാണ്. ജെഎന്‍യു ഒരു ‘വിത്തുസംഭരണ കേന്ദ്ര’മായി അക്കാലം നിലകൊണ്ടു. ഇന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നൈതികത നഷ്ടമാവാത്ത അപൂര്‍വം രാഷ്ട്രീയ ജനുസ്സുകള്‍ ജെഎന്‍യുവിന്റെ സന്തതികളാണ്. അതുകൊണ്ടുതന്നെ രാജവെമ്പാലകള്‍ ചീറ്റുന്ന ഇന്ത്യന്‍ കാവിസാഹചര്യങ്ങളില്‍ ജെഎന്‍യു സൃഷ്ടിക്കുന്ന നവീന രാഷ്ട്രീയാവബോധങ്ങള്‍ക്ക് ഏറെ മൂല്യവും മതിപ്പുമുണ്ട്. ഇടതുസഖ്യം എന്നുകേട്ട് കമ്മ്യൂണിസ്റ്റുകള്‍ക്ക് ആഹ്ലാദിക്കാന്‍ വകുപ്പില്ല. കാരണം, എഐഎസ്എഫ് എന്ന ഇടതു വിദ്യാര്‍ഥിസംഘടന ഐസ, ഡിഎസ്എഫ് സംഘടനകള്‍ക്കൊപ്പം ചേരാന്‍ വിസമ്മതിച്ചു. ഇടതിനെ നയിക്കുന്നത് എസ്എഫ്‌ഐ എന്നതാണ് പേരിനു പറയാവുന്നത്. ബിജെപി മുഖ്യ ശത്രുവാണോ, സംഘപരിവാരത്തിന്റെ അടുക്കളയില്‍ വേവുന്നതെല്ലാം വര്‍ജിക്കപ്പെടേണ്ടതല്ല എന്നും മറ്റും ഒട്ടുമേ ചിന്താശേഷിയില്ലാതെ സിപിഎം നേതൃനിരകളില്‍ ആശയസമരം ചായപ്പീടികകളിലും മറ്റും പുകസ ലെവലില്‍ കേവലം ആമാശയസമരമായി പുനര്‍ജനിക്കുമ്പോള്‍ ജെഎന്‍യുവില്‍ ഇപ്പോള്‍ സംഭവിച്ചതിന് അരിവാള്‍ ചുറ്റിക നക്ഷത്രത്തിന് കേവല സാന്നിധ്യം മാത്രം. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കകത്ത് വിദ്യാര്‍ഥികളില്‍ സമീപകാലേ യാതൊരു നവീന രാഷ്ട്രീയ ചിന്താസരണിയും ഇന്‍ജക്റ്റ് ചെയ്തിട്ടില്ലെന്ന് അനുമാനിക്കാന്‍ തെളിവുകള്‍ വേണ്ടത്ര. ഗുണപരമെന്നു വിശേഷിപ്പിക്കാവുന്ന യാതൊരു ധൈഷണികാടിത്തറയും ഇന്ന് ഇന്ത്യയിലെ നവകമ്മ്യൂണിസ്റ്റുകള്‍ക്കില്ല. കമ്മ്യൂണിസ്റ്റുകള്‍ നേര്‍ക്കുനേര്‍ സംഘപരിവാര ശക്തികളോട് മപ്പടിച്ചു നില്‍ക്കുന്ന കേരളത്തില്‍പ്പോലും വിദ്യാര്‍ഥിസംഘടനകള്‍ കാംപസില്‍ അനുഷ്ഠിക്കുന്നത് നൂറ്റുക്കു നൂറും അരാജകത്വ-ആണധികാര രാഷ്ട്രീയ ലൈനുകളാണ്. ഇവിടത്തെ കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പുകളില്‍ അതിരഹസ്യമായി വിജയം മാത്രം ലക്ഷ്യമാക്കി മുന്നണിരാഷ്ട്രീയത്തിന്റെ അധപ്പതന ഗര്‍ത്തങ്ങളിലാണ്ടാണ് ചില കാംപസുകള്‍ എസ്എഫ്‌ഐ ഭരിക്കുന്നത്. ഇടതുമുന്നണി രാഷ്ട്രീയമൊന്നും കാംപസുകളില്‍ ഇക്കാലം വിലപ്പോവാറില്ല എന്നു സാരം. ജാതിരാഷ്ട്രീയത്തിനാണു മുന്‍തൂക്കം. ജെഎന്‍യുവിലെ ഇപ്പോഴത്തെ മുന്നേറ്റവും കമ്മ്യൂണിസ്റ്റുകളുടെ മൊത്തം വിജയം എന്നു കൊട്ടിഘോഷിക്കാനില്ല. മറിച്ച്, സംഘപരിവാര അതിക്രമങ്ങള്‍ക്കെതിരേ പോരാടാനുറച്ച ദലിത്-മുസ്‌ലിം-മറ്റു ന്യൂനപക്ഷ വിദ്യാര്‍ഥി കൂട്ടായ്മകളുടെ ഉറച്ച കാല്‍വയ്പുകളാണ് അവിടെനിന്നുയരുന്ന നീതിബോധത്തിന്റെ ശബ്ദങ്ങള്‍ വിളിച്ചുപറയുന്നത്. അവിടെ ഉയരുന്ന പതാകകളില്‍ ചുവപ്പിന്റെ അംശം ഇത്തിരിയുണ്ടെങ്കില്‍ അത് അടിച്ചമര്‍ത്തപ്പെടുന്ന ദലിതുകളുടെ ചോരയുടേതാണ്, ഇടതു സവര്‍ണന്റെയല്ല. ഏതായാലും ജെഎന്‍യുവിലേത് ഒരു തുടക്കമാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss